
ന്യൂഡൽഹി: പത്താംക്ലാസുകാർക്കുള്ള ബോർഡ് പരീക്ഷ വർഷത്തിൽ രണ്ടു തവണയാക്കാൻ സിബിഎസ്ഇ തീരുമാനമെടുത്തതായി റിപ്പോർട്ട്. കുട്ടികളിൽ പരീക്ഷാപ്പേടിയും സമ്മർദവും കുറയ്ക്കാൻ 2020ലെ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്ന നിർദേശങ്ങളോടു ചേർന്നു നിൽക്കുന്നതാണ് ഈ നീക്കം. 2026-27 അധ്യയന വർഷത്തിൽ ബോർഡുമായി അഫിലിയേറ്റ് ചെയ്ത 260 വിദേശ സ്കൂളുകളിൽ സിബിഎസ്ഇ ഗ്ലോബൽ പാഠ്യപദ്ധതി നടപ്പാക്കാനും തീരുമാനമുണ്ട്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ തിങ്കളാഴ്ച എൻസിഇആർടി, കേന്ദ്രീയ വിദ്യാലയ സംഘാതൻ, നവോദയ വിദ്യാലയ സമിതി മേധാവിമാരുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ചു. വർഷം രണ്ടു പരീക്ഷകളാക്കുന്നതോടെ കുട്ടികളിലെ സമ്മർദമൊഴിയുമെന്നും ഉന്നത വിദ്യാഭ്യാസത്തിന് ഇതിലെ മികച്ച സ്കോറാകും പരിഗണിക്കുകയെന്നും സിബിഎസ്ഇ വൃത്തങ്ങൾ.
പുതിയ പരീക്ഷാ സമ്പ്രദായം
നിലവിൽ ഫെബ്രുവരി -മാർച്ച് മാസങ്ങളിലാണു 10,12 ക്ലാസ് പരീക്ഷ. പുതിയ സമ്പ്രദായത്തിൽ ജനുവരി- ഫെബ്രുവരിയിലോ മാർച്ച്- ഏപ്രിലിലോ പരീക്ഷ നടത്തുന്നതും സെമസ്റ്റർ ഏർപ്പെടുത്തുന്നതും പരിഗണിക്കും. ജൂണിലാകും രണ്ടാമത്തെ പരീക്ഷ. സപ്ലിമന്‍ററി, ഇംപ്രൂവ്മെന്‍റ് പരീക്ഷയായി വിദ്യാർഥികൾക്ക് ഇതു പ്രയോജനപ്പെടുത്താം.
മെച്ചപ്പെട്ട മാർക്കാകും ഭാവിയിലേക്കു പരിഗണിക്കുക. കുട്ടികളുടെ പ്രകടനം മെച്ചപ്പെടുത്താനും പരീക്ഷാ സമ്മർദം കുറയ്ക്കാനുമുള്ള ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ തുടർച്ചയാണ് മാറ്റം. ആദ്യ ബോർഡ് പരീക്ഷയിൽ എന്തെങ്കിലും കാരണത്താൽ മികച്ച പ്രകടനം നടത്താനാകാത്ത വിദ്യാർഥികൾക്ക് ഒരു വർഷം നഷ്ടപ്പെടാതെ തന്നെ രണ്ടാമതൊരു അവസരം ലഭിക്കുമെന്നതാണ് നേട്ടം. ആദ്യ പരീക്ഷയിൽ സ്കോർ കുറയുമെന്ന ഭീതിയിൽ മനസുതളർന്നിരിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിച്ച് രണ്ടാം പരീക്ഷയ്ക്കു സജ്ജരാക്കാൻ മാതാപിതാക്കൾക്കും സ്കൂളുകൾക്കും സാവകാശം ലഭിക്കും.