

മാസം രണ്ട് ലക്ഷം രൂപ സ്റ്റൈപ്പൻഡ്; ഗവേഷണ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു
ബംഗളൂരു: ബംഗളൂരു നാഷണൽ ലോ സ്കൂൾ ഒഫ് ഇന്ത്യ യൂണിവേഴ്സിറ്റി അടുത്ത വർഷത്തെ ജനുവരി ബാച്ചിലേക്കുള്ള ഗവേഷണ ഫെലോഷിപ്പ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2026 ഒക്റ്റോബർ 30 വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ നൽകാം. എൻഎൽഎസ്ഐയു ഔദ്യോഗിക സൈറ്റിലെ ഗൂഗിൾ ഫോം വഴിയാണ് അപേക്ഷ നൽകേണ്ടത്.
ഗ്രാജുവേറ്റ് റിസർച്ച് ഫെലോഷിപ്പ് , പോസ്റ്റ് ഡോക്റ്ററൽ ഫെലോഷിപ്പ്, യൂണിവേഴ്സിറ്റി റിസർച്ച് ഫെലോഷിപ്പ് എന്നിവയിലേക്കാണ് ക്ഷണിച്ചിരിക്കുന്നത്.
ഗ്രാജുവേറ്റ് ഫെലോഷിപ്പ്
നിയമത്തിൽ ബിരുദമോ സോഷ്യൽ സയൻസ്/ പബ്ലിക് പോളിസി വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. 10 സീറ്റുകളാണുള്ളത്. പ്രതിമാസം 50,000 രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കും.
പോസ്റ്റ് ഡോക്റ്ററൽ ഫെലോഷിപ്പ്
കഴിഞ്ഞ മൂന്നു വർഷത്തിനിടെ നിമയം അല്ലെങ്കിൽ സോഷ്യൽ സയൻസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങളിൽ പിഎച്ച്ഡി പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. മറ്റ് സർവകലാശാലകളിൽ നിന്ന് പോസ്റ്റ് ഡോക്റ്ററൽ പദവി ലഭിച്ചവർ അർഹരല്ല. 5 സീറ്റുകളാണുള്ളത്. മാസം 1,20,000 രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കും.
യൂണിവേഴ്സിറ്റി റിസർച്ച് ഫെലോഷിപ്പ്
പിഎച്ച്ഡിയും കുറഞ്ഞത് 10 വർഷത്തെ അധ്യാപന/ പ്രൊഫഷണൽ പരിചയവും മികച്ച ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ച ചരിത്രമുള്ളവർക്ക് അപേക്ഷിക്കാം. 5 സീറ്റുകളാണുള്ളത്. മാസം രണ്ട് ലക്ഷം രൂപ വരെ സ്റ്റൈപ്പൻഡ് ലഭിക്കും.