
ഓരോ കുട്ടിയുടെയും ബുദ്ധിപരമായ കഴിവുകളും വളർച്ചയും വിലയിരുത്താനുള്ള ഏറ്റവും ലളിതമായ മാർഗ്ഗമാണ് പരീക്ഷ. പഠനത്തിന്റെ ലക്ഷ്യം പരീക്ഷയല്ലെങ്കിലും പഠനത്തിനായുള്ള വിദ്യാർഥിയുടെ ഏറ്റവും ശക്തമായ പ്രേരണാശക്തികളിലൊന്ന് പരീക്ഷ തന്നെയാണ്. പരീക്ഷയ്ക്കു വേണ്ടിയുള്ള ഒരുക്കം പഠനത്തെ സഹായിക്കുന്നു. പരീക്ഷയെന്ന വിരുന്നുകാരനെ സ്വഗതം ചെയ്യാനുള്ള, ആ ഒരുക്കത്തിനുള്ള സമയമാണിപ്പോൾ.
ഒരുക്കം എങ്ങിനെ
പരീക്ഷയ്ക്കുള്ള പഠനം സാധാരണ രീതിയിലുള്ള ഒരു പരിപാടിയായി മാറരുത്. ഓരോ പാഠവും ഏകാഗ്രതയോടെ വായിച്ചു പഠിക്കണം. അർഥമറിഞ്ഞും സംശയങ്ങൾ തീർത്തും പഠിക്കണം. കാണാപാഠമെന്ന പരിപാടി വേണ്ട. അമ്മയുടെയും അച്ഛന്റെയും നിർബന്ധത്തിനു വഴങ്ങി എന്ന മട്ടിലല്ല, അവനവനുവേണ്ടി താൽപര്യത്തോടെ മനസിരുത്തി വേണം പരീക്ഷയ്ക്കു പഠിക്കേണ്ടത്. പഠിക്കാനുള്ള ആകെ വിഷയങ്ങൾ, പരീക്ഷയ്ക്ക് ഇനി എത്ര ദിവസമുണ്ട് എന്നിവ പരിഗണിച്ചായിണം പഠനത്തിനുള്ള തയ്യാറെടുപ്പ് നടത്തേണ്ടത്.
ടൈം ടേബിൾ ഉണ്ടാക്കിയോ!
പരീക്ഷയുടെ ടൈം ടേബിൾ വിദ്യഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചുവല്ലോ. ഇനി അതനുസരിച്ച് പഠിക്കാനുള്ള ഒരു ടൈം ടേബിൾ തയ്യാറാക്കാം. ഏറ്റവും പ്രയാസമുള്ള വിഷയത്തിനാണ് പ്രാധാൻയം നൽകേണ്ടത്. ആ വിഷയത്തിനായി ടൈം ടേബിളിൽ കൂടുതൽ സമയം നീക്കിവയ്ക്കണം . എളുപ്പമുള്ള വിഷയത്തെ അവസാനം പരിഗണിച്ചാൽ മതി. ആദ്യം പാഠപുസ്തകം വായിച്ചുതുടങ്ങാം. ഒരോ പാഠപുസ്തകത്തിലുമുള്ള ചോദ്യസാധ്യതകൾ എന്തെല്ലാമെന്ന് കണ്ടെത്തി രേഖപ്പെടുത്തി വയ്ക്കണം. എല്ലാ വിഷയങ്ങളുടെയും ആവർത്തന പഠനത്തിനു ശേഷം പിന്നീട് പരീക്ഷാ ടൈം ടേബിൾ അനുസരിച്ചുള്ള വിഷയങ്ങളുടെ മുൻഗണന അനുസരിച്ച് പഠിക്കണം.
എഴുതിയെഴുതിപ്പഠിക്കാം
പഠിക്കുമ്പോൾ പരീക്ഷയ്ക്കു പഠിക്കുകയാണെന്ന ഉത്കണ്ഠയോടെയുള്ള പഠനം വേണ്ട. പരീക്ഷ എഴുതുക എന്നത് മറ്റനേകം കാര്യങ്ങൾ പോലെ രസകരമായ, സ്വാഭാവികമായ കർമമാണെന്ന് തിരിച്ചറിയണം. വായിച്ചുപഠിച്ച കാര്യങ്ങൾ എഴുതി പഠിക്കുകയും കൂടി വേണം. ഓരോ ചോദ്യമാതൃകയ്ക്കും അനുവദിച്ച സമയത്തിനുള്ളിൽ ഉത്തരമെഴുതി പരിശീലിക്കണം. ഇങ്ങനെ പല തവണ എഴുതി പരിശീലിച്ചാൽ പ്രധാന ആശയങ്ങൾ ഉൾക്കൊള്ളുന്ന, കാര്യമാത്ര പ്രസക്തമായ ഉത്തരങ്ങൾ കൃത്യസമയത്ത് എഴുതി തീർക്കാൻ കഴിയും. എഴുത്തിന് അടുക്കും ചിട്ടയും വരും. പാഠഭാഗത്തിലെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ മുൻ പരീക്ഷയ്ക്ക് ചോദിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഈ പരീക്ഷയ്ക്ക് ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾക്കുളള ഉത്തരങ്ങൾ എന്നിങ്ങനെ പരീക്ഷയ്ക്ക് ചോദിക്കാനിടയുള്ള ചോദ്യങ്ങളുടെ ഒന്നോ രണ്ടോ ഇരട്ടി ചോദ്യോത്തരങ്ങൾ എഴുതി പഠിക്കുക. ഇത് ഏതുതരം ചോദ്യങ്ങളെയും നേരിടാൻ നിങ്ങൾക്ക് കരുത്ത് നൽകും.
ഓർത്തോർത്ത് പഠിക്കാം
തുടർച്ചയായി കൂടുതൽ സമയം പഠിക്കുന്നതിനേക്കാൾ നല്ലത് ചെറിയ ചെറിയ ഇടവേളകളോടെ പഠിക്കുന്നതാണ്. ഈ ഇടവേളകൾ പഠനത്തെ കൂടുതൽ ഉൻമേഷമുള്ളതാക്കും. ഈ ഇടവേളയിൽ വായിച്ച കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുക. ഓർക്കാൻ കഴിയാത്ത ഭാഗം പുസ്തകത്തിൽ നിന്നും ഒന്നുകൂടി വായിച്ച് വീണ്ടും വീണ്ടും ഓർത്തെടുക്കുക. ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴും ബസിൽ യാത്ര ചെയ്യുമ്പോഴും വെറുതെയിരിക്കുമ്പോഴും പ്രയാസമുള്ള ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ഇങ്ങനെ ഓർത്തെടുക്കുക. അവ അതോടെ എളുപ്പമുള്ളതാകും. ഒരിക്കലും മറക്കാതാകും.
കൂട്ടുകാർ - പഠനത്തിലും
പ്രയാസമുള്ള വിഷയങ്ങൾ സമാനമനസ്കരുമായി, കൂട്ടുകാരുമായി ചർച്ചചെയ്ത് പഠിക്കുന്നതും നല്ലതാണ്. ഒരോ പാഠത്തിൽനിന്നും ഓരോരുത്തരും പ്രതീക്ഷിക്കുന്ന ചോദ്യങ്ങൾ, അവയ്ക്കുള്ള ഓരോരുത്തരുടേയും ഉത്തരങ്ങൾ എന്നിവ എല്ലാവരും പരസ്പരം പറയട്ടെ. ഇത് കൂടുതൽ കാര്യങ്ങൾ മനസിലാക്കാനും നിങ്ങളുടെ ധാരണയിൽ എന്തെങ്കിലും പിശകുണ്ടായിരുന്നെങ്കിൽ തിരുത്താനും സഹായിക്കും.
ജയിക്കാനായ് ജനിച്ചവർ
പരീക്ഷയ്ക്കൊരുങ്ങുന്ന രീതിയിൽ നിന്നുതന്നെ ഉന്നതവിജയം കൈവരിക്കുന്നവരെ തിരിച്ചറിയാം.
1. അതുവരെ അശ്രദ്ധരായി നടന്ന് പരീക്ഷയ്ക്കു തൊട്ടുമുമ്പു മാത്രം വാരിവലിച്ചു പഠിക്കുന്നവർ
2. പരീക്ഷയെ പേടിച്ചും ശപിച്ചും പഠിക്കുന്നവർ.
3. ചിട്ടയായിപഠിച്ച് പരീക്ഷയ്ക്കൊരുങ്ങി തന്നെ വരുന്നവർ.
മൂന്നാമത്തെ തരക്കാരാണോ നിങ്ങൾ! എന്നാൽ നിങ്ങൾക്ക് ഉന്നതവിജയം ഉറപ്പാണ്.
ഒന്നാമത്തെ വിഭാഗത്തിൽപ്പെട്ട ആളാണ് നിങ്ങളെങ്കിൽ നിങ്ങൾ എങ്ങനെയെങ്കിലും വിജയികളുടെ ലിസ്റ്റിൽ കടന്നുകൂടും. രണ്ടാമത്തെ കൂട്ടത്തിൽപ്പെട്ടതാണ് നിങ്ങളെങ്കിൽ പരീക്ഷാ ഹാളിൽ എന്തുചെയ്യണമെന്നറിയാതെ പകച്ചിരിക്കേണ്ടിവും. ഏതായാലും ചിട്ടയായി പഠിക്കാൻ ഇനിയും സമയമുള്ളതിനാൽ നിങ്ങൾക്കെല്ലാവർക്കും തയ്യാറെടുത്ത് ഉന്നതവിജയം കരസ്ഥമാക്കാൻ ഇനിയും ധാരാളം സമയമുണ്ട്. ചിട്ടപ്പെടുത്തിയ പഠനം ഇന്നുതന്നെ തുടങ്ങിക്കോളൂ. നല്ല കാര്യം നാളേയ്ക്ക് മാറ്റിവയ്ക്കരുത് എന്ന് ചൊല്ലുതന്നെയുണ്ട്.
പരീക്ഷയിലെ പങ്കാളിത്തം
ഓരോ വീടിന്റെയും നാടിന്റെയും പ്രതീക്ഷകളാണ് കുട്ടികൾ. അതുകൊണ്ടുതന്നെ കുട്ടികൾ മാത്രമല്ല, പരീക്ഷയിൽ വിജയിക്കുകയും തോൽക്കുകയും ചെയ്യുന്നത്. വീടിനും നാടിനും അതിൽ പങ്കാളിത്തമുണ്ടാകണം. കുടുംബം മുഴുവൻ കുട്ടികളുടെ ഉന്നമനത്തിൽ ശ്രദ്ധയുള്ളവരാണ്. അവരുടെ പഠനത്തിൽ വേണ്ട എല്ലാ സഹായങ്ങളും ചെയ്യാൻ വീട്ടുകാർ സന്നദ്ധരാവണം. ഞാൻ മാത്രമല്ല, കുടുംബം മുഴുവൻ എന്നോടൊപ്പമുണ്ടെന്ന തോന്നൽ കുട്ടികൾക്ക് പഠിക്കാനുള്ള ആവേശവും പരീക്ഷയെഴുതാനുള്ള ആത്മവിശ്വാസവും നൽകുന്നു.
പല പള്ളികളിലും പരീക്ഷയ്ക്ക് മുമ്പ് ആ വർഷം ആ ഇടവകയിൽ നിന്ന് പരീക്ഷയ്ക്കു പോകുന്ന കുട്ടികൾക്കായി പ്രാർഥന നടത്താറുണ്ട്. പരീക്ഷക്കാലങ്ങളിൽ പല ക്ഷേത്രങ്ങളിലും കുട്ടികളുടെ പേരിൽ ആരാധനകൾ നടത്താറുണ്ട്. ഇത് വളരെ നല്ലതാണ്. പഠനവും പരീക്ഷയും എല്ലാം ഒരു കൂട്ടായ ശ്രമമാണെന്നും അപ്പോൾ നഷ്ടം വന്നാൽ അത് കുട്ടിക്ക് മാത്രമല്ല എലാവർക്കും കൂടിയാണ്, നാടും വീടും വിജയത്തിലും പരാജയത്തിലും തന്നോടൊപ്പമുണ്ടാകും എന്ന ആത്മവിശ്വാസം ഏതു പരീക്ഷയെയും നേരിടാനുള്ള കരുത്ത് കുട്ടികൾക്ക് നൽകുന്നു.
ഓരോ ചോദ്യത്തിനും എത്ര സമയം
ഓരോ ചോദ്യത്തനും ചെലവാക്കുന്ന സമയത്തെക്കുറിച്ച് പൊതുവെ സ്വീകരിക്കാവുന്ന രീതിയുണ്ട്. ഒറ്റവാക്കിൻ 15 മുതൽ 30 വരെ സെക്കണ്ട്. ഒബ്ജക്ടീവ് ടൈപ്പിൻ 30 സെക്കൻഡ് മുതൽ 1 മിനിട്ടു വരെ. ഒറ്റ വാചകത്തിൽ ഉത്തരമെഴുതേണ്ടവയ്ക്ക് 2 മുതൽ 5 വരെ മിനിട്ട്. പാരഗ്രാഫ് ടൈപ്പിന് 5 മുതൽ 10 വരെ മിനിട്ട്. ഇതിൽ കൂടുതൽ സമയം ഒരു ചോദ്യത്തിനും ഉപയോഗിക്കരുത്. മുൻവർഷങ്ങളിലെ ചോദ്യപേപ്പർ നോക്കി പരീക്ഷയുടെ രീതിയും മാതൃകയും മനസിലാക്കുക. അതുവഴി ഓരോ ചോദ്യങ്ങൾക്കുമുള്ള മാർക്ക്, ഉത്തരത്തിനുവേണ്ട ദൈർഘ്യം, എടുക്കാവുന്ന സമയം എന്നിവയെക്കുറിച്ചെല്ലാം ധാരണമുണ്ടാക്കാനും ഇത് നല്ലതാണ്.
പരീക്ഷക്കാലത്തെ ആഹാരം
പഠനത്തിനും ഉന്മേഷത്തിനും ശരീരത്തിനു പോഷകാംശം ആവശ്യമുണ്ട്. വിദ്യാർഥികൾക്ക് അത് കിട്ടിയേ തീരു. വിലപിടിപ്പുള്ള ഭക്ഷണങ്ങളിലെ പോഷകാംശമുള്ളൂ എന്നു കരുതേണ്ട. നമ്മുടെ നാട്ടിൽ സുലഭമായ പപ്പായ, മുരിങ്ങയില, ചീര, വാഴക്കൂമ്പ്, മത്തിപോലുള്ള ചെറിയ മത്സങ്ങൾ തുടങ്ങിയവയിലൊക്കെ ഇതിൻ ആവശ്യമുള്ള പോഷകങ്ങൾ ധാരാളമുണ്ട്. ഓർമശക്തിക്കെന്ന പേരുകളിലിറങ്ങുന്ന മരുന്നുകൾക്ക് പരീക്ഷക്കാലത്ത് ആവശ്യക്കാർ കൂടാറുണ്ട്. പക്ഷേ ഇത്തരം മരുന്നുകളുടെ ഫലം ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മുട്ടയുടെ മഞ്ഞക്കരു, നിലക്കടല, പാലുൽപന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ആവശ്യത്തിൻ കഴിക്കുന്നത് ചിന്താശക്തിയും ഓർമശക്തിയും കൂട്ടുന്നു. സോയ പയർ, മുളപ്പിച്ച പയർവർഗങ്ങൾ, പാൽ, തൈര് എന്നിവ ഏകാഗ്രത കൂട്ടാൻ സഹായിക്കും. ചേന, ചേമ്പ്, കാച്ചിൽ, എന്നിവയിൽ അടങ്ങിയിട്ടുള്ള 'സെറോടോണിൻ' എന്ന പദാർഥം പരീക്ഷക്കാലത്തെ മാനസിക പിരിമുറക്കം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഒമേഗ - 3 അടങ്ങിയ മത്തി, അയല, ചൂര, കൊഴുവ എന്നീ മീനുകൾ ഓർമശക്തിയും മനഃപാഠമാക്കാനുള്ള കഴിവും വർധിപ്പിക്കുന്നു. പഠനത്തിനിടയിൽ ഭക്ഷണം കൃത്യസമയത്ത് കഴിക്കുന്നതിൽ വീഴ്ചവരുത്തരുത്. വയറ് കാലിയാക്കിയിട്ട് പഠിക്കുന്നത് ശ്രദ്ധക്കുറവിനു കാരണമാകും.
പഠിക്കുന്ന കുട്ടികൾ ഒരുദിവസം ചുരുങ്ങിയത് പല നേരങ്ങളിലായി 12 ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. ഇലക്ട്രോമാഗ്നെറ്റിക് ആക്റ്റിവിറ്റി കാരണമാണ് നമ്മുടെ തലച്ചേറിന്റെ പ്രവർത്തനം നിയന്ത്രിക്കപ്പെടുന്നത്. തലച്ചോറിന്റെ സെല്ലുകളിൽ വെള്ളം കയറിയിറങ്ങുമ്പോഴാണ് തലച്ചോറിനാവശ്യമായ ഇലക്ട്രിസിറ്റി ഉണ്ടാകുന്നത്. വെള്ളത്തിന്റെ അളവ് കുറയുകയാണെങ്കിൽ അത് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കും. കോട്ടുവായിടുമ്പോഴും ഉറക്കം വരുമ്പോഴും ഒരു ഗ്ലാസ് വെള്ളം കുടിച്ചുനോക്കൂ. ഉറക്കം ഉടൻ പമ്പ കടക്കും.
പരീക്ഷയ്ക്കുള്ള വായന
പരീക്ഷയ്ക്കുള്ള പഠനത്തിന്റെ ഭാഗമായുള്ള വായനയെ ഗൗരവമായി തന്നെ കാണണം. ആദ്യം പാഠപുസ്തകം ഓടിച്ചുവായിക്കുക. ഇതിനെ നമുക്ക് നിരീക്ഷണ വായന എന്നു വിളിക്കാം. രണ്ടാമതായി വായിച്ച ഭാഗത്തെ അടിസ്ഥാനമാക്കി ഒരു ചോദ്യാവലി ഉണ്ടാക്കുക. മൂന്നാമതായി പാഠഭാഗം വിശദമായി വായിക്കുക. നമ്മൾ തയ്യാറാക്കിയ ചോദ്യാവലിക്ക് പുസാതകം നോക്കാതെ ഉത്തരം പറയുക എന്നതാണ് വായനയുടെ നാലാമത്തെ ഘട്ടം. വായിച്ച ഭാഗത്തിലെ പ്രധാന ആശയങ്ങൾ ഒരിക്കൽ കൂടി അവലോകനം ചെയ്യുക എന്നതാണ് അവസാനഘട്ടം. ഇതിൻ റിവിഷൻ കുറിപ്പുകളും നോട്ടുകളുമൊക്കെ പ്രയോജനപ്പെടുത്താം.
കുറിപ്പെടുക്കാൻ മറക്കല്ലേ
വായിക്കുന്നതോടൊപ്പം തന്നെ പ്രധാന പോയിന്റുകൾ കുറിച്ചുവയ്ക്കാൻ മറക്കരുത്. വായിച്ച കാര്യങ്ങൾ മനസിൽ പതിപ്പിക്കാൻ എളുപ്പമുള്ള മാർഗമാണ് ഈ കുറിപ്പെഴുതൽ.
മറക്കാതിരിക്കാനെന്തെളുപ്പം?
എന്താണോ ഓർക്കേണ്ടതില്ല എന്ന് നിങ്ങൾ കരുതുന്നത് അത് നിങ്ങൾ മറന്നുപോകും. എന്താണ് മറക്കരുതാത്തത് എന്ന് നമ്മൾ കരുതുന്ന കാര്യം മറക്കുകയുമില്ല? ആധുനിക മനഃശാസ്ത്രത്തിന്റെ പിതാവായ ഫ്രോയ്ഡ് മറവിയെകുറിച്ച് പറഞ്ഞതാണിത്. വായിച്ചു മനസിലാക്കിയ ഒരു കാര്യത്തെപ്പറ്റി വീണ്ടും വീണ്ടും ഓർക്കുന്നതും പറയുന്നതും ആ കാര്യം എന്നും ഓർക്കാൻ സഹായിക്കും. കാര്യകാരണ സഹിതം ഓർത്തുചെയ്യാൻ ഒരു വലിയ പോലും ഒരിക്കലും മറക്കില്ല. ഉദാഹരണത്തിന്, ഒരു ആനയെ കാണുമ്പോൾ ആനയുടെ പാപ്പാനെപ്പറ്റിയും ഉത്സവത്തെപ്പറ്റിയും കാടിനെപ്പറ്റിയുമൊക്കെ ഓർഡറായി ഓർത്തു വയ്ക്കാമല്ലോ. ഓർക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ ഇങ്ങനെ ഒരു വിഷ്വലായി ഓർമയിൽ പതിപ്പിക്കുക. പിന്നെ നിങ്ങളൊരിക്കലും മറക്കുകയില്ല.
ഓർമ ഒരു കത്തിയാണ് . അത് എന്നും മൂർച്ചകൂട്ടി വച്ചാൽ തുരുമ്പിക്കില്ല. ഓർക്കേണ്ട വിഷയങ്ങൾക്ക് പ്രാധാന്യം കൊടുത്ത് ഓർമ എന്ന ആ കത്തി എന്നും രാകി മിനുക്കി വയ്ക്കുക.
വായിച്ചു വായിച്ചു പഠിക്കുക
വായന എന്ന പ്രവൃത്തി എന്തിനുവേണ്ടിയാണ്? അനുഭവശേഖരണത്തിനും വിജ്ഞാന സമ്പാദനത്തിനുമായുള്ള എളുപ്പവഴിയാണ് വായന. വായന രണ്ടുതരത്തിലുണ്ട്. സ്വരവായനയും മൗനവായനയും. മൗനവായനയ്ക്ക് വേഗത കൂടുതലായിരിക്കും. ഉറക്കെ വായിക്കുന്നത് പദങ്ങൾ ഉച്ചരിക്കാനുള്ള പരിശീനം കൂടിയാവും. ഇത് സംഭാഷണ വേളയിലെ ശുദ്ധമായ ഉച്ചാരണത്തെ സഹായിക്കും. വായിക്കുന്നതൊക്കെ മനസിൽ പതിയുമ്പോഴാണ് വായന ഫലപ്രദമാകുന്നത്. അതിന് ഏതു വായനയാണ് നിങ്ങൾക്കനുയോജ്യമെന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക.
പരീക്ഷത്തലേന്ന്
പരീക്ഷയ്ക്ക് കൊണ്ടുപോകാനുള്ള എല്ലാ സാധനസാമഗ്രികളും തയ്യാറാക്കി ബാഗിലാക്കുക. എഴുതുന്ന പേനകൾ നാലോ അഞ്ചോ കരുതാം. പെൻസിൽ, കട്ടർ, റബർ, ജ്യോമട്രി ബോക്സ്, സ്കെയിൽ എന്നിവയും കരുതുക. ഹാൾ ടിക്കറ്റ് എളുപ്പം കാണുന്നവിധം സുരക്ഷിതമായി എടുത്ത് വയ്ക്കുക. നന്നായി പ്രവർത്തിക്കുന്ന ഒരു വാച്ചിൽ സമയം കൃത്യമാക്കി വയ്ക്കുക. തകരാറുള്ള വാച്ചാണെങ്കിൽ അമ്മയുടേയോ അച്ഛന്റെയോ വാച്ച് കൂടി കരുതാം.
നന്നായുറങ്ങാം
പത്തു മണിക്ക് തന്നെ ഉറങ്ങാൻ പോകുക. പരീക്ഷയുടെ തലേദിവസം ഉറക്കൊഴിഞ്ഞ് പഠിക്കരുത്. അത് പരീക്ഷാദിവസം ക്ഷീണത്തിനും ശാരീരിക അസ്വസ്ഥതകൾക്കും കാരണമാകും. പരീക്ഷാ ഹാളിൽ ഉറങ്ങിപ്പോകാം. പരീക്ഷയുടെ തലേദിവസത്തിനു പ്രത്യേകതയൊന്നുമില്ല. അതുകൊണ്ട് മറ്റു ദിവസങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒന്നും ചെയ്യേണ്ട. ആത്മവിശ്വാസത്തോടെ, ശാന്തമായ മനസോടെ പ്രാർഥനയോടെ ഉറങ്ങാൻ പോകുക.
വയർ നിറച്ച് കഴിക്കേണ്ട
രാവിലെ പ്രാതൽ കഴിക്കുക. എണ്ണയുള്ളതോ വറുത്തതോ എരിവുള്ളതോ ദഹിക്കാൻ പ്രയാസമുള്ളതോ, പരിചയമില്ലാത്ത ഭക്ഷണമോ പ്രാതലിനു വേണ്ട. ഇഡ്ഡലി, ദോശ, അപ്പം- മുട്ട തുടങ്ങിയവയാകാം. കപ്പ കഴിവതും ഒഴിവാക്കുക. വയർ നിറച്ച് കഴിക്കേണ്ട.
പരീക്ഷാ ഹാളിൽ
പരീക്ഷാ ഹാളിലേക്ക് കുടിക്കാനുള്ള വെള്ളം കരുതി വയ്ക്കുക. സ്കൂളിൽ പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂറെങ്കിലും നേരത്തെയെത്താം. എവിടെയാണ് പരീക്ഷാ ഹാൾ എന്നു മനസിലാക്കി അതിന്റെ പരിസരത്ത് ശാന്തമായ മനസോടെ ഇരിക്കുക. കൂട്ടുകാരുമായി ആ പാഠം പഠിച്ചോ?, ഈ പാഠം പ്രധാനമാണ്. ആ പാഠം ഞാൻ പഠിച്ചില്ലാ തുടങ്ങിയ കാര്യങ്ങളൊന്നും ചർച്ച ചെയ്യേണ്ട. സമയമാകുമ്പോൾ വളരെ പ്രസന്നതയോടെ ഹാളിൽ പ്രവേശിച്ച് സ്വന്തം സ്ഥലം കണ്ടെത്തി ശാന്തമായിരിക്കുക.
കൂൾ ഓഫ് ടൈം
ചോദ്യപേപ്പർ ലഭിച്ചതിനു ശേഷമുള്ള 15 മിനിട്ട് കൂൾ ഓഫ് ടൈം ആണ്. ഈ സമയം ഫലപ്രദമായി ഉപയോഗിക്കുക. ഒരു പുഞ്ചിരിയോടെ, ശുഭാപ്തി വിശ്വാസത്തോടെ ശ്രദ്ധാപൂർവ്വം ചോദ്യപേപ്പർ ഒരാവർത്തി വായിക്കുക. ചോദ്യപേപ്പറിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ മനസിരുത്തി വായിക്കുക. ചോദ്യത്തിന്റെ മാർക്ക്, പോയിൻറുകൾ, തുടങ്ങിയവയൊക്കെ ശ്രദ്ധിക്കുക. ഏതെല്ലാം എഴുതാമെന്ന് തീരുമാനിച്ച് അടയാളപ്പെടുത്തുക.എഴുതുന്നതിന്റെ ക്രമം, രീതി എന്നിവ തീരുമാനിക്കുക. ഓരോ ചോദ്യത്തിനും ചെലവഴിക്കേണ്ട സമയവും ക്രമീകരിച്ച് മാർക്ക് ചെയ്യുക. ഓരോ ചോദ്യത്തിനുമുള്ള സമയം ക്രമപ്പെടുത്തി വാച്ച് ഡസ്ക്കിൽ വയ്ക്കുക. ഡിജിറ്റൽ വാച്ച് ഒഴിവാക്കുന്നതാണ് നല്ലത്. ഏറ്റവും നന്നായി അറിയുന്നത് ആദ്യം എഴുതിത്തുടങ്ങുക.
പരീക്ഷ എഴുതുമ്പോൾ
പേപ്പറിന്റെ മാർജിൻ, പേജ് നമ്പർ തുടങ്ങി പ്രധാന പേജിൽ പൂരിപ്പിക്കേണ്ടവ കരുതലോടെ പൂരിപ്പിക്കുക. ചോദ്യ നമ്പരുകൾ മാർജിന്റെ പുറത്തും ഉത്തരത്തിന്റെ ഭാഗമായി നാമിടുന്ന നമ്പറുകൾ മാർജിന്റെ അകത്തും വേണം ഇടാൻ.
ആദ്യ പേജിൽ നിങ്ങളുടെ ഏറ്റവും നല്ല കൈയ്യക്ഷരത്തിൽ എഴുതുക. ഇത് പേപ്പർ നോക്കുന്നവരിൽ നിങ്ങളെക്കുറിച്ചുള്ള ഇംപ്രഷൻ വർദ്ധിപ്പിക്കും. കഴിവതും തിരുത്തുകൾ ഒഴിവാക്കുക. നിർദേശിക്കപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതുക.
ഏതെങ്കിലും ഒരു വാക്കോ ഫോർമുലയോ ഓർമയിൽ വരുന്നില്ലെങ്കിൽ അത് ഓർത്തിരുന്ന് സമയം കളയരുത്. അടുത്ത ചോദ്യത്തിലേക്ക് പോവുക. ഓർമ വരുമ്പോൾ എഴുതുക.
എല്ലാം സമയബന്ധിതമായി മാർക്കിന്റെ അടിസ്ഥാനത്തിൽ എഴുതണം. അറിയാമെന്ന് വിചാരിച്ച് ചെറിയ ചോദ്യത്തിൻ വാരിവലിച്ച് എഴുതരുത്. അവസാനം അഥവാ സമയം തികഞ്ഞില്ലെങ്കിൽ പ്രധാന ആശയങ്ങൾ മാത്രം എഴുതി പൂർത്തിയാക്കുക. ഉത്തരം എഴുതാതിരിക്കരുത്. ചിത്രങ്ങൾ, ഗ്രാഫുകൾ തുടങ്ങിയവയിൽ ചേർക്കുന്ന അടയാളങ്ങൾ, സൂചനകൾ എന്നിവ വ്യക്തമായിരിക്കണം. പരീക്ഷ തീരുന്നതിന് 5 മിനിറ്റ് മുമ്പായി എഴുതിത്തീർക്കുക.
പേജ് നമ്പർ അനുസരിച്ച് പേപ്പർ കെട്ടുക. ചോദ്യ നമ്പർ ശരിയായി ഇട്ടിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. ഉത്തര പേപ്പർ മുഴുവൻ ഒന്നോടിച്ച് വായിച്ച് അക്ഷരത്തെറ്റുകൾ, മറന്നു പോയവ, വ്യാകരണ പിശകുകൾ എന്നിവ തിരുത്തുക. പേപ്പറിൽ സ്ഥലം ഒഴിഞ്ഞു കിടപ്പുണ്ടെങ്കിൽ കുറുകെ ഒരു വര വരച്ച് പരീക്ഷാ പേപ്പർ പരീക്ഷാ പരിശോധകനെ ഏൽപിക്കുക.
ചോദ്യം അറിഞ്ഞുവേണം ഉത്തരമെഴുതാൻ
ഓരോ ചോദ്യവും മനസിലാക്കി ആ ചോദ്യം ആവശ്യപ്പെടുന്ന ഉത്തരം എഴുതിയാൽ മതി. പാഠഭാഗത്തെ ആശയങ്ങൾ വിലയിരുത്തി ഉത്തരമെഴുതേണ്ടവ, സ്വന്തം നിഗമനങ്ങൾ കൂട്ടിച്ചേർത്ത് ഉത്തരമെഴുതേണ്ടവ, നേരിട്ട് ഉത്തരമെഴുതുതേണ്ടവ എന്നിങ്ങനെ പലരീതിയിലുള്ള ചോദ്യങ്ങളുണ്ടാകാം.
ഇതൊക്കെ തിരിച്ചറിഞ്ഞ് ഓരോ ചോദ്യത്തിനും നിശ്ചിത സമയത്ത് നിശ്ചിത മാർക്കിനുവേണ്ട ഉത്തരം മാത്രം എഴുതുക. ചോദ്യവുമായി ബന്ധപ്പെട്ട പാഠഭാഗത്തുള്ള എല്ലാ ആശയങ്ങളും വാരി വലിച്ച് എഴുതേണ്ട.