യുഎസിലേയ്ക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ അപേക്ഷയിൽ 14 ശതമാനം കുറവ്

അമെരിക്കയുടെ സാമ്പത്തിക സംഭാവനയിൽ 3. ബില്യൺ ഡോളറിന്‍റെ കുറവും ഏകദേശം നാൽപതിനായിരം തൊഴിലവസരങ്ങളുടെ നഷ്ടവും ഉണ്ടാകാമെന്നും പഠനം
14% drop in applications from Indian students to US

യുഎസിലേയ്ക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ അപേക്ഷയിൽ 14 ശതമാനം കുറവ്

Updated on

വാഷിങ്ടൺ: 2026-27 അധ്യയന വർഷത്തിൽ അമെരിക്കൻ കോളെജുകളിലേയ്ക്കും സർവകലാശാലകളിലേയ്ക്കും അപേക്ഷിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ 14 ശതമാനത്തോളം കുറവുണ്ടായതായി റിപ്പോർട്ട്. നാഫ്സ, ജെബി ഇന്‍റർനാഷണൽ എന്നിവർ നടത്തിയ പ്രാഥമിക വിശകലനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2026ലെ ഫാൾ സീസണിൽ യുഎസിലെ അന്താരാഷ്ട്ര വിദ്യാർഥികളുടെ എണ്ണത്തിൽ 1,11,000 വരെ കുറവുണ്ടാകാമെന്ന് റിപ്പോർട്ട് പറയുന്നു. ഇതോടെ രാജ്യത്തിന്‍റെ സാമ്പത്തിക സംഭാവനയിൽ 3.4 ബില്യൺ ഡോളറിന്‍റെ കുറവുണ്ടാകാനും ഏകദേശം 40,000 തൊഴിലവസരങ്ങൾ നഷ്ടപ്പെടാനും സാധ്യതയുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അമേരിക്കയിലേക്ക് ഏറ്റവും കൂടുതൽ വിദ്യാർഥികളെ അയക്കുന്ന രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങളിലെയും വിദ്യാർഥികൾക്ക് വിസ അപ്പോയിന്‍റ്മെന്‍റുകൾ ലഭിക്കുന്നതിലെ പരിമിതിയും കാലതാമസവുമാണ് അപേക്ഷകരുടെ എണ്ണം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

അന്താരാഷ്ട്ര തലത്തിൽ യുഎസ് വിദ്യാഭ്യാസത്തോടുള്ള താൽപര്യത്തിലുണ്ടായ പൊതുവായ ഇടിവിന്‍റെ പ്രതിഫലനമാണ് ഇന്ത്യയിൽ നിന്നുള്ള അപേക്ഷകളിലെ കുറവെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. കോമൺ ആപ്പ് വഴി ലഭിച്ച അന്താരാഷ്ട്ര അപേക്ഷകളിലും 2026-27 അധ്യയന വർഷത്തിൽ ഒൻപത് ശതമാനത്തിന്‍റെ കുറവുണ്ടായി.

അതേസമയം, അസോസിയേഷൻ ഒഫ് അമേരിക്കൻ യൂണിവേഴ്‌സിറ്റീസ് ഡാറ്റാ എക്സ്ചേഞ്ചിന്‍റെ കണക്കുകൾ പ്രകാരം, 2026ലെ ഫാൾ സീസണിൽ യുഎസിലെ ഡോക്റ്ററൽ പ്രോഗ്രാമുകളിലേക്കുള്ള അന്താരാഷ്ട്ര അപേക്ഷകളിൽ 21 ശതമാനം കുറവുണ്ടായി. ഫെഡറൽ ഗവേഷണ ഫണ്ടിങുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കിടെ അന്താരാഷ്ട്ര പ്രവേശനത്തിൽ 17 ശതമാനവും മൊത്തത്തിലുള്ള ഡോക്റ്ററൽ പ്രവേശനത്തിൽ 15 ശതമാനവും ഇടിവുണ്ടായി.

ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്‍റർനാഷണൽ എജ്യുക്കേഷന്‍റെ സ്പ്രിങ് 2026 സർവേയിൽ പങ്കെടുത്ത മൂന്നിൽ രണ്ട് യുഎസ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും 2026-27 അധ്യയന വർഷത്തിൽ അന്താരാഷ്ട്ര വിദ്യാർഥികളുടെ പ്രവേശനം ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില സ്ഥാപനങ്ങൾ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ അന്താരാഷ്ട്ര പ്രവേശനത്തിൽ 40 ശതമാനം വരെ കുറവുണ്ടാകുമെന്നും പ്രവചിക്കുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com