"യോഗ്യതയില്ലാത്തവരെ നിയമിക്കരുത്"; സ്വാശ്രയ കോളെജ് അധ്യാപക നിയമനത്തില്‍ ഇടപെട്ട് ഗവര്‍ണര്‍

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മാ സംരക്ഷണവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആക്ഷേപങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ ഇടപെടൽ
Governor intervenes in self-financing college teacher appointments

രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

file image
Updated on

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്കു കീഴിലുള്ള സ്വാശ്രയ കോളെജ് അധ്യാപക നിയമനത്തില്‍ ഇടപെട്ട് ചാൻസലർ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍. യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുന്നത് കര്‍ശനമായി തടയണമെന്ന് വിസിമാര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. സര്‍വകലാശാലകള്‍ നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളിലും അഫിലിയേറ്റഡ് സ്വാശ്രയ കോളെജുകളിലും യുജിസി ചട്ടമനുസരിച്ച് യോഗ്യതയുള്ളവരെ മാത്രമേ അധ്യാപകരായി നിയമിക്കാന്‍ പാടുള്ളുവെന്ന കര്‍ശന നിര്‍ദേശമാണ് ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്.

യുജിസി ചട്ട പ്രകാരം അധ്യാപകര്‍ക്ക് നെറ്റ് അല്ലെങ്കില്‍ പിഎച്ച്ഡിയാണ് മിനിമം യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. സ്വാശ്രയ കോളെജുകളിലും എയ്ഡഡ് കോളെജുകള്‍ നടത്തുന്ന സ്വാശ്രയ കോഴ്‌സുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും യുജിസി യോഗ്യത പാലിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മാ സംരക്ഷണവുമായി ബന്ധപ്പെട്ട് ഗുരുതരമായ ആക്ഷേപങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ ഇടപെടലെന്നാണ് വിവരം. കാലിക്കറ്റ് സര്‍വകലാശാലയിലെ ഒരു വിദ്യാര്‍ഥിനി പരാജയപ്പെട്ടതു സംബന്ധിച്ച പരാതിയില്‍ ഗവര്‍ണര്‍ നേരിട്ട് ഹിയറിങ് നടത്തിയപ്പോഴാണ് യോഗ്യതയില്ലാത്ത അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തിയത് ഗവര്‍ണറുടെ ശ്രദ്ധയില്‍ പെട്ടത്. അധ്യാപകരുടെ പേരും യോഗ്യതകളും കോളെജുകളുടെ പോര്‍ട്ടലുകളില്‍ പ്രസിദ്ധപ്പെടുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com