

ഡോ. പ്രകാശ് ദിവാകരൻ
കാലിഫോർണിയ: ആഗോള അക്കാഡമിക് തലത്തിൽ ഹിമാലയൻ സർവകലാശാലയ്ക്ക് അംഗീകാരം. യുഎസ്എയിലെ കാലിഫോർണിയയിലുള്ള മിൽപിറ്റാസിൽ വെച്ച് നടക്കുന്ന ഒന്നാമത് വാർഷിക അന്താരാഷ്ട്ര സംസ്‌കൃത സമ്മേളനത്തിൽ ഹിമാലയൻ സർവകലാശാല വൈസ് ചാൻസലർ ഡോ. പ്രകാശ് ദിവാകരനെ പ്രത്യേക അതിഥിയായി ക്ഷണിച്ചു. പ്രശസ്തമായ ആരിയ സർവകലാശാലയാണ് ഈ രാജ്യാന്തര സെമിനാർ സംഘടിപ്പിക്കുന്നത്
ജൂൺ ആറിനു നടത്താനിരിക്കുന്ന സമ്മേളനത്തിനു പുറമേ, തൊട്ടടുത്ത ദിവസമായ ജൂൺ ഏഴിനു നടത്തുന്ന ആരിയ സർവകലാശാലയുടെ പ്രൗഢഗംഭീരമായ ഉദ്ഘാടനച്ചടങ്ങിലും ഡോ. പ്രകാശ് ദിവാകരൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ആരിയ സർവകലാശാല കംപ്യൂട്ടർ സയൻസ് പ്രൊവോസ്റ്റും പ്രൊഫസറുമായ പ്രൊഫ. വെങ്കട്ട് ഗുഡിവാഡയാണ് ഡോ. ദിവാകരനെ ഔദ്യോഗികമായി ചടങ്ങുകളിലേക്ക് ക്ഷണിച്ചത്.
'സംസ്‌കൃത പഠനങ്ങളിലെ സാങ്കേതികവിദ്യയും ഡിജിറ്റൽ നവീകരണവും' (Technology and Digital Innovation in Sanskrit Studies) എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്‍റെ മുഖ്യ വിഷയം.
സമകാലിക ഗവേഷണങ്ങളിലും വിദ്യാഭ്യാസത്തിലും ഡിജിറ്റൽ നവീകരണത്തിലും സംസ്‌കൃത ഭാഷയ്ക്കുള്ള പ്രസക്തിയെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾക്ക് ഡോ. ദിവാകരന്‍റെ സാന്നിധ്യം ഏറെ ഊർജം പകരുമെന്ന് ആരിയ സർവകലാശാല ക്ഷണക്കത്തിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
ലോകമെമ്പാടുമുള്ള പ്രമുഖ പണ്ഡിതന്മാർ, സാങ്കേതിക വിദഗ്ധർ, അധ്യാപകർ എന്നിവരെ ഒരു കുടക്കീഴിൽ അണിനിരത്തി, സംസ്‌കൃത പഠനങ്ങളിലെയും ഇന്ത്യൻ വിജ്ഞാന സംവിധാനങ്ങളിലെയും പുത്തൻ പ്രവണതകൾ ചർച്ച ചെയ്യുകയാണ് ഈ ആഗോള സംഗമത്തിന്‍റെ ലക്ഷ്യം.
സമ്മേളനത്തോടൊപ്പം ഇരു സർവകലാശാലകളും തമ്മിലുള്ള അന്താരാഷ്ട്ര അക്കാഡമിക് സഹകരണത്തിനും ഈ സന്ദർശനം വഴിയൊരുക്കും. വിദ്യാർത്ഥി-അധ്യാപക കൈമാറ്റ പരിപാടികൾ, സംയുക്ത ഗവേഷണ സംരംഭങ്ങൾ, ഡിജിറ്റൽ സംസ്‌കൃത സ്‌കോളർഷിപ്പിലെ പാഠ്യപദ്ധതി വികസനം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ പരസ്പര സഹകരണത്തിനുള്ള സാധ്യതകൾ ഇരു സ്ഥാപനങ്ങളും ആരായുന്നതായിരിക്കും.
ഗവേഷണം, നവീകരണം, സാംസ്കാരിക പഠനങ്ങൾ എന്നീ മേഖലകളിൽ ലോകോത്തര സ്ഥാപനങ്ങളുമായി ഹിമാലയൻ സർവകലാശാല കൈവരിച്ചുകൊണ്ടിരിക്കുന്ന മുന്നേറ്റത്തിന്‍റെ സാക്ഷ്യപത്രമാണ് ഈ അന്താരാഷ്ട്ര ക്ഷണം.