
കീം പ്രവേശനം: പഴയ ഫോർമുലയിൽ നടപടി ആരംഭിച്ച് സർക്കാർ, 16 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: കീം പ്രവേശനത്തിനായി പഴയ ഫോർമുലയിൽ നടപടികൾ ആരംഭിച്ച് സംസ്ഥാന സർക്കാർ. ജൂലൈ 16 വരെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ജൂലൈ 18ന് ആദ്യ അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധീകരിക്കും.
കീം പരീക്ഷയുടെ 2025ലെ റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെയാണ് വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി അവസാന നിമിഷം നടത്തിയ മാറ്റങ്ങൾക്കെതിരേ വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് നടപടി.
12ാം ക്ലാസ് മാർക്ക്, പരിശീലന പരീക്ഷയുടെ സ്കോർ, വെയിറ്റേജ് എന്നിവ കണക്കാക്കിയായിരുന്നു ഇതു വരെയും റാങ്ക് ലിസ്റ്റ് പുറത്തു വിട്ടിരുന്നത്. 1:1:1 എന്ന അനുപാതത്തിലുള്ള വെയിറ്റേജ് 5:3:2 എന്ന അനുപാതത്തിലാക്കി മാറ്റിയതാണ് വിവാദമായി മാറിയത്. പരീക്ഷയുടെ പ്രോസപെക്റ്റസ് പുറത്തിറക്കിയതിനു ശേഷമാണ് ഈ മാറ്റം വരുത്തിയത്.