

വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ.
File
തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് നടപ്പാക്കിയ മൂന്നു ദിവസ ആര്‍ത്തവ അവധി അവരെക്കൊണ്ട് നിര്‍ബന്ധിച്ച് എടുപ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദീന്‍. നന്മയുള്ള തീരുമാനമായിട്ടാണ് അതിനെ സര്‍ക്കാര്‍ കാണുന്നതെന്നും ആര്‍ത്തവ അവധിയില്‍ സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കില്‍ പുനഃപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതു നിര്‍ദേശമായി ഉയര്‍ന്നുവന്ന വിഷയം സര്‍ക്കാര്‍ പരിഗണിച്ചു എന്ന് മാത്രമേയുളളൂ. ആര്‍ത്തവ സമയത്ത് കഠിനമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വിദ്യാര്‍ഥിനികളും സ്ത്രീകളുമുണ്ട്. അവരെ ക്ലാസുകളില്‍ പങ്കെടുപ്പിക്കാന്‍ നിര്‍ബന്ധിക്കരുത്. അവരെ പരിഗണിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. എന്നാൽ ആര്‍ത്തവ അവധി സംബന്ധിച്ച് യുഡിഎഫിനകത്ത് അഭിപ്രായ വ്യത്യാസമില്ല- മന്ത്രി വ്യക്തമാക്കി.
അതേസമയം, ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വിശദമായ രൂപരേഖ തയാറാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്റ്ററെ ചുമതലപ്പെടുത്തി. ഉദ്യോഗസ്ഥരില്‍ നിന്നും വിവരം ശേഖരിക്കുന്നതിനൊപ്പം അധ്യാപക, വിദ്യാര്‍ഥി സംഘടന പ്രതിനിധികളുമായും ചര്‍ച്ച നടത്തും. ചിട്ടയായും ഫലപ്രദമായും പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം.
പൊതു വിദ്യാഭ്യാസ ഡയറക്റ്റര്‍ അടുത്തയാഴ്ച ഫീല്‍ഡ് ഓഫിസര്‍മാരുമായി കൂടിക്കാണും. ഡിഇഒമാരുമായും എഇഒമാരുമായും കൂടിക്കാഴ്ച നടത്തും. സ്‌കൂള്‍തലത്തില്‍ അഭിപ്രായങ്ങള്‍ ആരായും. അധ്യാപക, വിദ്യാര്‍ഥി സംഘടനകളുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കും. അതിന് ശേഷം വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാരുമായി ചര്‍ച്ച ചെയ്യും. തുടര്‍ന്നാവും പദ്ധതി നടപ്പാക്കുക.
അതേസമയം ആർത്തവ അവധി പ്രഖ്യാപനത്തിൽ അപാകതയില്ലെന്ന് മന്ത്രി കെ.എ. തുളസി വ്യക്തമാക്കി. ആർത്തവ അവധിക്കെതിരേ ബജെപി സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖയും മുസ്‌ലിം ലീഗിന്‍റെ വനിതാ നേതാവ് നൂർബീന റഷീദുമൊക്കെ രംഗത്തുവന്നിരുന്നു. ആർത്തവ അവധി പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.