പിജി മെഡിക്കൽ കോഴ്‌സുകൾ ആരംഭിക്കുന്ന രാജ്യത്തെ ആദ്യ ഐഐടിയായി ഖരഗ്പൂർ; എൻഎംസിയുടെ അംഗീകാരം

2026-27 അധ്യയന വർഷം മുതൽ ഡോ. ബി.സി. റോയ് മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ റിസർച്ച് സെന്‍ററിൽ എംഡി കോഴ്‌സുകൾ ആരംഭിക്കും

Kharagpur becomes the first IIT in the country to launch PG medical courses.

പിജി മെഡിക്കൽ കോഴ്‌സുകൾ ആരംഭിക്കുന്ന രാജ്യത്തെ ആദ്യ ഐഐടിയായി ഖരഗ്പൂർ

Updated on: 

ന്യൂഡൽഹി: രാജ്യത്തെ ഐഐടികളിൽ ആദ്യമായി ബിരുദാനന്തരബിരുദ മെഡിക്കൽ ബിരുദ കോഴ്‌സുകൾ ആരംഭിക്കാൻ പശ്ചിമ ബംഗാളിലെ ഖരഗ്പൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്ക് (ഐഐടി) ദേശീയ മെഡിക്കൽ കമ്മിഷന്‍റെ (എൻഎംസി) അംഗീകാരം. 2026-27 അധ്യയന വർഷം മുതൽ ഡോ. ബി.സി. റോയ് മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ റിസർച്ച് സെന്‍ററിൽ എംഡി കോഴ്‌സുകൾ ആരംഭിക്കും.

രാജ്യത്തെ ആദ്യ ഐഐടിയായ ഖരഗ്പൂർ ഐഐടി, സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ നിന്ന് ബിരുദാനന്തര മെഡിക്കൽ വിദ്യാഭ്യാസത്തിലേക്കുള്ള ചരിത്രപരമായ ചുവടുവയ്പ്പാണ് നടത്തുന്നത്. മെഡിക്കൽ വിദ്യാഭ്യാസവും സാങ്കേതിക ഗവേഷണവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നത്.

മെഡിക്കൽ രംഗത്തെ മികവും എൻജിനീയറിങ് വൈദഗ്ധ്യവും നിർമിതബുദ്ധിയും (എഐ) ഗവേഷണവും ഒരുമിപ്പിക്കുന്ന സംവിധാനമാണ് ലക്ഷ്യമിടുന്നതെന്ന് ഐഐടി ഡയറക്റ്റർ സുമൻ ചക്രവർത്തി പറഞ്ഞു. സ്പെഷ്യലിസ്റ്റ് ഡോക്റ്റർമാരെ പരിശീലിപ്പിക്കുക മാത്രമല്ല, ആരോഗ്യരംഗത്തെ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താൻ ശേഷിയുള്ള നവീന ആശയങ്ങളുടെ സ്രഷ്ടാക്കളെ വാർത്തെടുക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേശനം നീറ്റ്-പിജി ഓൺലൈൻ കൗൺസലിങ് വഴിയായിരിക്കും. ആദ്യഘട്ടത്തിൽ ആറ് വിഭാഗങ്ങളിലായി എംഡി കോഴ്‌സുകളാണ് ആരംഭിക്കുന്നത്. ജനറൽ മെഡിസിൻ, റേഡിയോളജി, ഫിസിയോളജി, പാത്തോളജി, കമ്മ്യൂണിറ്റി മെഡിസിൻ, ബയോകെമിസ്ട്രി എന്നീ വിഭാഗങ്ങളിൽ രണ്ട് വീതം സീറ്റുകളാണുള്ളത്. ആകെ 12 സീറ്റുകൾ.