70 ന്‍റെ തിളക്കത്തിൽ കോതമംഗലം എം എ കോളേജ്

സപ്തതി ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചുകൊണ്ടുള്ള വാഹന വിളംബര റാലി തിങ്കളാഴ്ച
Kothamangalam MA College 70 year celebration

70 ന്‍റെ തിളക്കത്തിൽ കോതമംഗലം എം എ കോളേജ്

Updated on

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് സപ്തതി നിറവിൽ. ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള വാഹന വിളംബര റാലി നാളെ തിങ്കളാഴ്ച നടക്കും. രാവിലെ 11 മണിക്ക് ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ നിന്ന് 70ൽ പരം വാഹനങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന വിളംബര റാലി, ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയപള്ളിയിലെത്തി തുടർന്ന് കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ സമാപിക്കും.

കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മാർ അത്തനേഷ്യസ് (ഓട്ടോണമസ്)കോളേജ്,

കൊച്ചിൻ രജിസ്ട്രേഷൻ ഓഫ് സയന്‍റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം പ്രഫ. എം. പി. വർഗീസ് പ്രഥമ സെക്രട്ടറിയായി 1953-ൽ രൂപീകരിച്ച മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷന്‍റെ ഉടമസ്ഥതയിലുള്ളതാണ്. 1955 ജൂലൈ 14 നാണ് സ്ഥാപിതമായത്. സംസ്ഥാനത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ അക്കാദമിക മികവിന്‍റെ അടിസ്ഥാനത്തില്‍ റാങ്കുചെയ്യുന്ന കേരള ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (കെ ഐ ആർ എഫ് ) സംവിധാനത്തിൽ കേരളത്തിലെ മികച്ച കോളേജായി 8-ാം സ്ഥാനവും,

രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ച സമയത്ത് (നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിംഗ് ഫ്രെയിം വർക്ക്- എൻ.ഐ. ആർ.എഫ്.) 74-ാം സ്ഥാനവും കോളേജ് കരസ്ഥമാക്കി. ഇന്ത്യയിൽ ആകമാനമുള്ള കോളേജുകളിൽനിന്നാണ് നാലാം തവണയും ആദ്യ 100 ൽ മാർ അത്തനേഷ്യസ് കോളേജ് ഇടം നേടിയത് . 2021 മുതൽ തുടർച്ചയായി എൻ ഐ ആർ എഫ് റാങ്കിംഗിൽ യഥാക്രമം 86,56, 87 എന്നിങ്ങനെ റാങ്ക് നിലനിർത്താൻ മാർ അത്തനേഷ്യസ് കോളേജിന് സാധിച്ചിരുന്നു.

മാർ അത്തനേഷ്യസ് കോളേജ് പിന്നിട്ട വഴികളിലെ നാഴികക്കല്ലുകൾ അനവധിയാണ് . 2002 ൽ നാക് ന്‍റെ എ ഗ്രേഡ് നേടുന്ന കേരളത്തിലെ ആദ്യ കോളേജ്, 2009 ൽ കോളേജ് വിത്ത്‌ പൊട്ടെഷ്യൽ ഫോർ എക്സലൻസ് പദവി, 2010 ൽ എ ഗ്രേഡ് നിലനിർത്തി, 2017ൽ എ പ്ലസ് ഗ്രേഡ്, 2016 ൽ സ്വയംഭരണ പദവി എന്നിവ ലഭിച്ചു. 2019 ൽ റൂസയുടെ 5 കോടി ധനസഹായം നേടിയ ഇന്ത്യയിലെ 17 കോളേജുകളിൽ ഒന്നായി. എം എച്ച് ആർ ഡി സ്കീമിന്‍റെ ഭാഗമായി സമീപ ഗ്രാമ വികസന പ്രവർത്തനങ്ങൾക്കായി ഉന്നത് ഭാരത് അഭിയാനിൽ മാർ അത്തനേഷ്യസ് കോളജ് തെരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം ഇന്‍റർനാഷണൽ ഗ്രീൻ കോളേജ് അവാർഡും മാർ അത്തനേഷ്യസ് കരസ്ഥമാക്കിയിരുന്നു.

രണ്ട് ദേശീയ പുരസ്‌കാരങ്ങളും,ആറ് സംസ്ഥാന അവാർഡുകളും ഉൾപ്പെടെ നിരവധി നേട്ടങ്ങൾ മാർ അത്തനേഷ്യസ് കോളേജിന് ഉണ്ട്. പലതുള്ളി അവാർഡ് (2007), ഭൂമി മിത്ര അവാർഡ് (2009), ഗ്രീൻ അവാർഡ് (2010), മികച്ച സ്പോർട്സ് പ്രൊമോട്ടിങ് കോളേജിനുള്ള പുരസ്കാരം (2014), വൺ ഡിസ്ട്രിക്ട് , വൺ ഗ്രീൻ ചാമ്പ്യൻ അവാർഡ് ( 2020 -21 ), ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ എക്‌സലൻസ് അവാർഡ് ( 2023 ),മനോരമ ട്രോഫി ( 2022-23) എന്നിവ അക്കൂട്ടത്തിൽ പ്രധാനമാണ്. കായികരംഗത്ത് തുടർച്ചയായ നേട്ടങ്ങളാണ് മാർ അത്തനേഷ്യസ് കലാലയത്തിന്‍റേത്.

നാല് ഒളിമ്പ്യൻമാരുൾപ്പെടെ (അനിൽഡ തോമസ്, ടി. ഗോപി, അബ്ദുള്ള അബൂബക്കർ, മുഹമ്മദ് അജ്മൽ )30ൽ പരം അന്താരാഷ്ട്ര അത്‌ലറ്റുകളെ കോളേജ്, പരിശീലനത്തിലൂടെ രൂപപ്പെടുത്തിയിട്ടുണ്ട്. കോളേജിലെ പൂർവ്വ വിദ്യാർത്ഥികളായ എൽദോസ് പോളും,അബ്ദുള്ള അബൂബക്കറും 2022-ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി സ്വർണവും വെള്ളിയും നേടി. 2023 ലെ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം, വെള്ളി മെഡലുകൾ നേടിയ മുഹമ്മദ് അജ്മൽ, 2023 ലെ നാഷണൽ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 20 കി.മീ. റേസ് വോക്കിൽ സ്വർണ്ണം നേടിയ എം.എ. കോളേജിലെ വിദ്യാർത്ഥിയായ ബിലിൻ ജോർജ് , ഈ കഴിഞ്ഞ ലോക പോലീസ് & ഫയർ ഗെയിംസിൽ കരാട്ടെയിൽ സ്വർണ്ണം നേടിയ പൂർവ്വ വിദ്യാർത്ഥി അജയ് തങ്കച്ചൻ ഉൾപ്പെടെ യുള്ളവർ മാർ അത്തനേഷ്യസ് കോളേജിന്‍റെ അഭിമാനമാണ്.

16 യു ജി പ്രോഗ്രാമുകളും,ഒരു ഇന്‍റഗ്രേറ്റഡ് പി ജി പ്രോഗ്രാമും, 16 പിജി പ്രോഗ്രാമുകളും, 6 ഗവേഷണവിഭാഗവും ഇപ്പോൾ കോളേജിൽ ഉണ്ട്. റഷ്യ, ശ്രീലങ്ക, മലേഷ്യ തുടങ്ങിയ വിദേശരാജ്യങ്ങളിലെ സർവ്വകലാശാലകളുമായി പഠന ഗവേഷണ വിനിമയങ്ങൾക്ക് ധാരാണാപാത്രം ഒപ്പുവച്ച കലാലയം വിദ്യാർത്ഥികൾക്ക് ആഗോള നിലവാരമുള്ള പഠന അവസരങ്ങൾ ഒരുക്കുന്നു. 2016-17 ൽ മാർ അത്തനേഷ്യസ് കോളേജിന് ലഭിച്ച സ്വയംഭരണ പദവി 2031- 32 അദ്ധ്യയനവർഷം വരെ യു ജി സി അനുവദിച്ചിട്ടുണ്ട്.127 വിദ്യാർത്ഥികളുമായി ആരംഭിച്ച കോളേജിന്‍റെ സപ്തതി ആഘോഷങ്ങൾ വിവിധ പരിപാടികളോടെ ഒരു വർഷം നീണ്ടു നിൽക്കുമെന്ന് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ എന്നിവർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com