സുപമാസ് ഇസരാഭക്തിക്ക് ഏഷ്യാ പസഫിക് അവാർഡ്; പ്രൊഫ. ഡോ. പ്രകാശ് ദിവാകരൻ പുരസ്കാരം സമ്മാനിച്ചു

ഉന്നത വിദ്യാഭ്യാസം, ശാസ്ത്രം, ഗവേഷണം, നൂതനാശയങ്ങൾ എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്ന കാലയളവിൽ ഈ മേഖലകളുടെ പുരോഗതിക്കായി നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഈ അന്താരാഷ്ട്ര അംഗീകാരം
സുപമാസ് ഇസരാഭക്തിക്ക് ഏഷ്യാ പസഫിക് അവാർഡ്; പ്രൊഫ. ഡോ. പ്രകാശ് ദിവാകരൻ പുരസ്കാരം സമ്മാനിച്ചു

അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലുള്ള ഹിമാലയൻ സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഡോ. പ്രകാശ് ദിവാകരൻ പുരസ്കാരം കൈമാറുന്നു.

Updated on: 

തായ്‌ലൻഡ് പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ ചുമതലയുള്ള മന്ത്രി ഹെർ എക്സലൻസി സുപമാസ് ഇസരാഭക്തിക്ക് 2026-ലെ പ്രൗഢമായ ഏഷ്യാ പസഫിക് എജ്യുക്കേഷണൽ എക്സലൻസ് അവാർഡ് സമ്മാനിച്ചു. ഉന്നത വിദ്യാഭ്യാസം, ശാസ്ത്രം, ഗവേഷണം, നൂതനാശയങ്ങൾ എന്നീ വകുപ്പുകളുടെ മന്ത്രിയായിരുന്ന കാലയളവിൽ ഈ മേഖലകളുടെ പുരോഗതിക്കായി നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഈ അന്താരാഷ്ട്ര അംഗീകാരം.

ബാങ്കോക്കിലെ ഗവൺമെന്‍റ് ഹൗസിലുള്ള നാരീ സമോസോൺ കെട്ടിടത്തിൽ നടത്തിയ ചടങ്ങിൽ, ഗ്ലോബൽ റിസർച്ച് കോൺഫറൻസ് ഫോറത്തിന്‍റെ (GRCF) പ്രതിനിധിയായി അരുണാചൽ പ്രദേശിലെ ഇറ്റാനഗറിലുള്ള ഹിമാലയൻ സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. ഡോ. പ്രകാശ് ദിവാകരൻ പുരസ്കാരം കൈമാറി.

സുപമാസ് ഇസരാഭക്തിക്ക് ഏഷ്യാ പസഫിക് അവാർഡ്; പ്രൊഫ. ഡോ. പ്രകാശ് ദിവാകരൻ പുരസ്കാരം സമ്മാനിച്ചു

വിദ്യാഭ്യാസ വികസനം, അക്കാഡമിക് മികവ്, സാമൂഹിക പുരോഗതി എന്നിവയ്ക്ക് ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കാനാണ് GRCF ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. അറിവ് പ്രായോഗിക ജീവിതത്തിൽ പ്രയോജനപ്പെടുത്താനും വ്യക്തിഗത കഴിവുകൾ മെച്ചപ്പെടുത്തി ജീവിതനിലവാരം ഉയർത്താനുമാണ് വിദ്യാഭ്യാസം സഹായിക്കേണ്ടതെന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് സുപമാസ് ഇസരാഭക്തി വ്യക്തമാക്കി. എല്ലാ പ്രായത്തിലുള്ള ജനങ്ങൾക്കും കൃത്യവും വിശ്വസനീയവുമായ വിവരങ്ങൾ ലഭ്യമാക്കേണ്ടതിന്‍റെയും ഉപഭോക്തൃ സംരക്ഷണം, സർക്കാർ മാധ്യമങ്ങളുടെ മേൽനോട്ടം തുടങ്ങിയ മേഖലകളിൽ പ്രായോഗിക വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടതിന്‍റെയും പ്രാധാന്യം അവർ എടുത്തുപറഞ്ഞു.

ഇന്ത്യയും തായ്‌ലൻഡും തമ്മിലുള്ള അക്കാഡമിക് ബന്ധവും ഗവേഷണ സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഈ ചടങ്ങ് വേദിയായി. ഇന്ത്യയിൽ നിന്നുള്ള പ്രൊഫ. ഡോ. പ്രകാശ് ദിവാകരൻ, കേരള കേന്ദ്ര സർവകലാശാല നിയമവിഭാഗം മേധാവി ഡോ. ജി. ഗിരീഷ് കുമാർ എന്നിവരും തായ്‌ലൻഡിൽ നിന്നുള്ള അസോസിയേറ്റ് പ്രൊഫസർ ഡോ. ചൈവാട്ട് ഫുക്കോങ്, ആക്ടിങ് സബ് ലെഫ്റ്റനന്‍റ് ഫാർമസിസ്റ്റ് കൃത്സാദ ചിംപ്ലീവാട്ട് എന്നിവരും അടങ്ങിയ പ്രതിനിധി സംഘമാണ് സന്ദർശനം നടത്തിയത്.

​തായ് സർക്കാരിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ ചുമതലയുള്ള മന്ത്രിയുടെ ഉപദേഷ്ടാവ് പ്രദേംചായ് ബൂൺചുയ്‌ലുവേയ, മന്ത്രിയുടെ സെക്രട്ടറി ഡോ. പച്ചറിൻ സാംസിരിപോങ്, മന്ത്രിയുടെ പ്രവർത്തകസംഘാംഗം അസോസിയേറ്റ് പ്രൊഫസർ ഡോ. തോങ്ചായ് സുവാൻസിച്ചോൺ എന്നിവർ സംഘത്തെ സ്വീകരിച്ചു. അറിവിനെ പ്രായോഗിക നേട്ടങ്ങളുമായി ബന്ധിപ്പിക്കുന്ന മികച്ച വിദ്യാഭ്യാസ നേതൃത്വത്തിനുള്ള ഉദാഹരണമാണ് സുപമാസ് ഇസരാഭക്തിക്കുള്ള ഈ പുരസ്കാരമെന്ന് വിലയിരുത്തപ്പെടുന്നു.

logo
Metro Vaartha
www.metrovaartha.com