

നീറ്റ് പരീക്ഷ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതമാക്കും; അടുത്തവർഷം മുതൽ പരിഷ്കരണം
representative image
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷ അടുത്ത വർഷം മുതൽ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് നീറ്റ് പരീക്ഷ റദ്ദാക്കുകയും പുതിയ പരീക്ഷാ ദിനം പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെയാണ് കേന്ദ്ര സർക്കാർ നീറ്റ് പരീക്ഷ പരിഷ്കരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
മേയ് 3 ന് നടന്ന നീറ്റ് യുജി പരീക്ഷയാണ് ചോദ്യപേപ്പർ ചോർച്ചയെന്ന ആരോപണത്തെത്തുടർന്നാണ് റദ്ദാക്കിയത്. ജൂൺ 21നാണ് പരീക്ഷ വീണ്ടും നടത്തുക. 24 ലക്ഷത്തോളം പേരായിരുന്നു നീറ്റ് പരീക്ഷ എഴുതിയിരുന്നത്. പുനഃപരീക്ഷ വിജ്ഞാപനം ഇറക്കിയതിനു പിന്നാലെ ഹാൾ ടിക്കറ്റ് വിതരണം ചെയ്യും. ഒരിക്കൽ പരീക്ഷയെഴുതിയതിനാൽ വീണ്ടും രജിസ്റ്റർ ചെയ്യുകയോ ഫീസ് അടക്കുകയോ ചെയ്യേണ്ടെന്ന് സർക്കാർ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
മേയ് 3ന് നടന്ന നീറ്റ് യുജി പരീക്ഷ റദ്ദാക്കിയതോടെ 22 ലക്ഷത്തിലധികം വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലായിരുന്നു. കേസ് സിബിഐ അന്വേഷിക്കും. പുനഃപരീക്ഷയ്ക്ക് പുതിയ അഡ്മിറ്റ് കാർഡ് ലഭിക്കും. എൻടിഎയുടെ സ്വന്തം സംവിധാനത്തിലായിരിക്കും പരീക്ഷ നടത്തിപ്പ്.