

എട്ടാം ക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് 12,000 രൂപ സ്കോളർഷിപ്പ്, അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി
ന്യൂഡൽഹി: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർഥികൾക്കായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കുന്ന നാഷണൽ മീൻസ്-കം-മെറിറ്റ് സ്കോളർഷിപ്പ് സ്കീമിന് (എൻഎംഎംഎസ് 2026-27) അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. സെപ്റ്റംബർ 30 വരെയാണ് നീട്ടിയത്. അർഹരായ വിദ്യാർഥികൾക്ക് നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
എട്ടാം ക്ലാസിലെ പഠനത്തിന് ശേഷം സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം വിദ്യാർഥികൾ പഠനം ഉപേക്ഷിക്കുന്നത് തടയുന്നതിനും 12-ാം ക്ലാസ് വരെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പദ്ധതി നടപ്പിലാക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്രതിവർഷം 12,000 രൂപ ധനസഹായമായി ലഭിക്കും. സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ നടത്തുന്ന സെലക്ഷൻ പരീക്ഷയുടെ അടിസ്ഥാനത്തിൽ ഒമ്പതാം ക്ലാസിലെ 1 ലക്ഷം വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുക. അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ 10, 11, 12 ക്ലാസുകളിൽ സ്കോളർഷിപ്പ് പുതുക്കി നൽകും.
സർക്കാർ, എയ്ഡഡ്, തദ്ദേശ സ്വയംഭരണ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് മാത്രമാണ് ആനുകൂല്യം ലഭിക്കുക. അപേക്ഷിക്കുന്ന വിദ്യാർഥികൾ ഏഴാം ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 55% മാർക്ക് അല്ലെങ്കിൽ തതുല്യ ഗ്രേഡ് ഉണ്ടായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് 50% മാർക്ക് മതിയാകും. രക്ഷിതാക്കളുടെ വാർഷിക വരുമാനം 3.50 ലക്ഷം രൂപയിൽ കവിയരുത്. അർഹരാകുന്നവർക്ക് പിഎഫ്എംഎസ് വഴി ഡിബിടി മോഡിൽ തുക നേരിട്ട് വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തും.
2026 ജൂൺ ഒന്ന് മുതൽ പോർട്ടൽ അപേക്ഷകൾക്കായി തുറന്നിട്ടുണ്ട്. അപേക്ഷകൾ സമർപ്പിച്ച വിദ്യാർഥികൾ അതത് സ്കൂൾ, ജില്ലാ അല്ലെങ്കിൽ സംസ്ഥാന നോഡൽ ഓഫീസർമാർ മുഖേനയുള്ള വെരിഫിക്കേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.
എൻഎസ്പി പോർട്ടലിൽ രണ്ട് ഘട്ടങ്ങളായാണ് അപേക്ഷകളുടെ വെരിഫിക്കേഷൻ നടക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർ നടത്തുന്ന ആദ്യഘട്ട പരിശോധന പൂർത്തിയാക്കേണ്ട അവസാന തീയതി ഒക്ടോബർ 15 ആണ്. ഡിസ്ട്രിക്റ്റ് നോഡൽ ഓഫീസർ (DNO) നടത്തുന്ന രണ്ടാംഘട്ട പരിശോധന പൂർത്തിയാക്കേണ്ട അവസാന തീയതി ഒക്ടോബർ 31 ആണ്. ഈ അധ്യയന വർഷത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾ എൻഎസ്പി പോർട്ടലിൽ വൺ-ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതുണ്ട്.