

സർക്കാരുമില്ല, വിദ്യാഭ്യാസമന്ത്രിയുമില്ല; എസ്എസ്എൽസി ഫലപ്രഖ്യാപനം വൈകും?
file image
തിരുവനന്തപുരം: ഇത്തവണത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം അനിശ്ചിതത്വത്തിൽ. പുതിയ സർക്കാർ അധികാരമേൽക്കാത്തതാണ് ഫല പ്രഖ്യാപനം പ്രതിസന്ധിയിലാക്കിയത്. മുൻപ് അറിയിച്ചതനുസരിച്ച് മേയ് 15 (വെള്ളിയാഴ്ച) ആണ് ഫലപ്രഖ്യാപനം നടക്കേണ്ടത്. എന്നാലിത് ആര് പ്രഖ്യാപിക്കും എന്നതിലാണ് അനിശ്ചിതത്വം.
വെള്ളിയാഴ്ച ഫലം പ്രഖ്യാപിക്കാനായി പരീക്ഷാ ഭവൻ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി. ബുധനാഴ്ച പരീക്ഷാ ബോർഡിന്‍റെ യോഗം ചേരുന്നുണ്ട്. ഫലപ്രഖ്യാപനത്തിന്‍റെ ഔദ്യോഗിക നടപടികൾ പൂർത്തിയാക്കാനായി ഒരു ദിവസം കൂടി വേണ്ടിവരും. ഈ യോഗത്തിലാവും പ്രഖ്യാപനം സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുക.
വിദ്യാഭ്യാസമന്ത്രിയോ വിദ്യാഭ്യാസ സെക്രട്ടറിയോ ഇല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. 2021 ലെ തെരഞ്ഞെടുപ്പ് കാലത്ത് പൊതു വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന കെ. ഷാജഹാനായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഇത്തവണയും അതുപോലെയാവുമോ കാര്യങ്ങളെന്ന് വ്യക്തമല്ല.
ഷർമിള മേരി ജോസഫാണ് പുതിയ പൊതുവിദ്യാഭ്യാസ സെക്രട്ടറി. എൻ.എസ്.കെ. ഉമേഷാണ് വിദ്യാഭ്യാസ ഡയറക്റ്റർ. ഇരുവരും ചേർന്ന് കാര്യങ്ങൾ തീരുമാനിച്ച് ഫലം പ്രഖ്യാപിക്കാവുന്നതാണ്. എന്നാൽ ഇത്തരത്തിലുള്ള ചർച്ചകൾ നടക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല.