
വിദ്യാർഥികളുടെ തൊഴിൽ വിസ അവസാനിപ്പിക്കാൻ ഒരുങ്ങി യുഎസ്; 3 ലക്ഷം ഇന്ത്യൻ വിദ്യാർഥികൾ ആശങ്കയിൽ
വാഷിങ്ടൺ: വിദേശ വിദ്യാർഥികൾക്ക് പഠനത്തിനു ശേഷം ജോലി ചെയ്യാൻ അനുമതി നൽകുന്ന ഓപ്ഷണൽ പ്രാക്റ്റിക്കൽ ട്രെയിനിങ് പ്രോഗ്രാം (ഒപിടി) അവസാനിപ്പിക്കാൻ ഒരുങ്ങി യുഎസ്. ഇതുമായി ബന്ധപ്പെട്ട ബിൽ യുഎസ് പാർലമെന്‍റിൽ അവതരിപ്പിച്ചു പാസാക്കാനാണ് ശ്രമം. മൂന്നു ലക്ഷം വരുന്ന ഇന്ത്യൻ വിദ്യാർഥികളെയാണ് യുഎസിന്‍റെ പുതിയ നയം നേരിട്ട് ബാധിക്കുക.
സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് മേഖലയിൽ പഠനം നടത്തുന്ന വിദേശ വിദ്യാർഥികൾക്ക് ബിരുദം നേടിയതിനു ശേഷം 3 വർഷം പ്രവൃത്തി പരിചയത്തിനായി അവസരം നൽകുന്ന പ്രോഗ്രാമാണ് യുഎസ് നിർത്താനൊരുങ്ങുന്നത്. യുഎസിൽ ഒപിടി പ്രോഗ്രാമിന്‍റെ പ്രധാന ഉപയോക്താക്കൾ ഇന്ത്യൻ വിദ്യാർഥികളാണ്.
പുതിയ ബിൽ പാസായാൽ ബിരുദം നേടിയ ഉടനെ തന്നെ വിദ്യാർഥികൾ രാജ്യം വിടേണ്ടതായി വരും. ഭൂരിഭാഗം വിദ്യാർഥികളും പഠനത്തിനായി എടുക്കുന്ന വലിയ വായ്പകളെല്ലാം ഒപിടി പ്രോഗ്രാമിന്‍റെ ഭാഗമായുള്ള ജോലികളിലൂടെയാണ് അടച്ചു തീർക്കാറുള്ളത്. വിദ്യാർഥികളുടെ സാമ്പത്തിക സുസ്ഥിരതയ്ക്ക് വെല്ലുവിളിയായിരിക്കും പുതിയ ബിൽ. അതു മാത്രമല്ല ഇന്ത്യൻ വിദ്യാർഥികളുടെ ജോലി അവസരങ്ങളും ഇതു മൂലം കുറയും.
യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പുതിയ നയങ്ങൾ വിദ്യാർഥികളെ കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്. തിരിച്ചെത്താൻ സാധിക്കാതെ വരുമോ എന്ന ഭയത്താൻ ഭൂരിഭാഗം വിദ്യാർഥികളും വേനൽക്കാല അവധിയിലെ യാത്രകൾ റദ്ദാക്കിയിരിക്കുകയാണ്.
കോർണൽ, കൊളമ്പിയ, യേല് തുടങ്ങിയ സ്ഥാപനങ്ങൾ വിദ്യാർഥികളോട് ഇടവേളകളിൽ രാജ്യം വിട്ടു പുറത്തു പോകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് മുൻ കൂർ നിർദേശവും നൽകിയിട്ടുണ്ട്.