ആദിപുരുഷിലെ സംഭാഷണങ്ങൾ തിരുത്തിയെഴുതും: സംഭാഷണ രചയിതാവ്

ഈ ആഴ്ചയോടെ പുതിയ സംഭാഷണങ്ങൾ ചിത്രത്തിൽ ചേർക്കും
ആദിപുരുഷിലെ സംഭാഷണങ്ങൾ തിരുത്തിയെഴുതും: സംഭാഷണ രചയിതാവ്
Updated on

മുംബൈ: വലിയ പ്രതീക്ഷകളോടെയാണ് പ്രഭാസ് നായകനായ ആദിപുരുഷ് തിയെറ്ററുകളിലെത്തിയത്. പക്ഷേ ആദ്യദിനം മുതൽ വിവാദങ്ങൾപ്പട്ടുഴലുകയാണ് സിനിമയും അണിയറപ്രവർത്തകരും. രാമായണ കഥയെ അടിസ്ഥാനമാക്കി നിർമിച്ച സിനിമയ്ക്കെതിരേ വിശ്വാസികൾ തന്നെ രംഗത്തെത്തിയിരുന്നു.

ഒടുവിൽ സിനിമയിൽ വിശ്വാസികളെ വേദനിപ്പിച്ച കുറച്ചു സംഭാഷണങ്ങൾ തിരുത്തിയെഴുതുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആദിപുരുഷിനു വേണ്ടി സംഭാഷണങ്ങൾ എഴുതിയ മനോജ് മുൻതാഷിർ ശുക്ല. ചിത്രത്തിന്‍റെ ഹിന്ദി സംഭാഷണങ്ങളും ഗാനങ്ങളും രചിച്ചത് ശുക്ലയാണ്. ഈ ആഴ്ചയോടെ പുതിയ സംഭാഷണങ്ങൾ ചിത്രത്തിൽ ചേർക്കുമെന്നാണ് ശുക്ല അറിയിച്ചിരിക്കുന്നത്.

നിങ്ങളുടെ (പ്രേക്ഷകരുടെ) വികാരങ്ങളേക്കാൾ വലുതായി എനിക്കൊന്നുമില്ല. ഞാനെഴുതിയ സംഭാഷണങ്ങളെ ന്യായീകരിച്ച് എനിക്കെത്ര വേണമെങ്കിലും തർക്കിക്കാം പക്ഷേ അതൊന്നും നിങ്ങൾക്കുണ്ടാക്കിയ വേദനയെ കുറയ്ക്കാനുതകില്ല. അതിനാലാണ് ഞാനും സംവിധായകനും ചേർന്ന് നിങ്ങളെ വേദനിപ്പിച്ച ചില സംഭാഷണങ്ങൾ തിരുത്തിയെഴുതാമെന്ന് തീരുമാനിച്ചത് എന്നാണ് ശുക്ല ട്വീറ്റ് ചെയ്തിരിക്കുന്നത്. ഹിന്ദി, തെലുഗു, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് ആദിപുരുഷ് റിലീസ് ചെയ്തത്. ബാഹുബലി താരം പ്രഭാസ് രാമനായും കൃതി സനോൻ സീതയായും സെയ്ഫ് അലി ഖാൻ രാവണനായുമാണ് ചിത്രത്തിൽ എത്തുന്നത്.

സംഭാഷണങ്ങൾ മാത്രമല്ല ചിത്രത്തിലെ വിഎഫ്എക്സും വലിയ രീതിയിൽ വിമർശിക്കപ്പെടുന്നുണ്ട്. ഹനുമാനായി ദേവ്ദത്ത നാഗെയാണ് എത്തുന്നത്.

ഏതാണ്ട് നാലായിരത്തോളം സംഭാഷണങ്ങളിൽ അഞ്ചോ ആറോ വാചകങ്ങളാണ് പ്രേക്ഷകരെ വേദനിപ്പിച്ചതെന്നും മറ്റു സംഭാഷണങ്ങളുടെ പേരിൽ എനിക്ക് പ്രശംസ കിട്ടാത്തത് എന്തു കൊണ്ടാണെന്ന് അറിയില്ലെന്നും ശുക്ല പറയുന്നു. രാമായണ കഥ പറയുന്നിടത്തെല്ലാം ഹനുമാന്‍റെ സാന്നിധ്യമുണ്ടായിരിക്കുമെന്നും അതിനാൽ എല്ലാ തിയെറ്ററുകളിലും ഹനുമാന് വേണ്ടി ഒരു സീറ്റ് ഒഴിച്ചിടുമെന്നുമുള്ള പ്രസ്താവനയോടെയാണ് ആദിപുരുഷ് വിവാദങ്ങളിൽ ഇടം പിടിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com