

ഹിന്ദു സ്ത്രീകളെ തെരഞ്ഞുപിടിച്ച് വിവാഹം കഴിക്കുന്നു, ആമിർ ഖാനെതിരേ ലവ് ജിഹാദ് ആരോപണം, പ്രതിഷേധം
നടൻ ആമിർ ഖാന്‍റെ മൂന്നാം വിവാഹം വലിയ വാർത്തയായിരുന്നു. കാമുകി ഗൗരി സ്പ്രാറ്റിനെയാണ് ആമിർ വിവാഹം കഴിച്ചത്. ഇപ്പോൾ ആമിറിന്‍റെ വിവാഹത്തിനെതിരേ ബജ്റംഗ്ദൾ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ആമിർ ഖാൻ ലവ് ജിഹാദ് നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ബിഹാറിലെ ഫോർബ്സ്ഗഞ്ച് മേഖലയിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രതിഷേധത്തിന്‍റെ ഭാഗമായി നടന്‍റെ കോലം കത്തിച്ചു. ആമിർ ഖാൻ ഇന്ത്യ വിടണമെന്നും മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. ഹിന്ദു സ്ത്രീകളെ വിവാഹം കഴിക്കുന്നതിലൂടെ ഹിന്ദു സമൂഹത്തെ അപമാനിക്കുകയാണെന്ന് ബജ്റംഗ് ദൾ നേതാവ് മനോജ് സോണി ആരോപിച്ചു. ഹിന്ദു സ്ത്രീകളെ മാത്രം എന്തുകൊണ്ട് പ്രണയിക്കുന്നതെന്നും മുസ്ലീമ സമുദായത്തിലെ പെൺകുട്ടികളെ എന്തുകൊണ്ട് വിവാഹം കഴിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ ആമിർ ഖാനെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
ഒരു വർഷത്തിലേറെ ലിവിങ് റിലേഷനിലായതിനു ശേഷമാണ് ആമിർ ഗൗരിയെ വിവാഹം ചെയ്തത്. 60ാം വയസിലായിരുന്നു ആമിറിന്‍റെ മൂന്നാം വിവാഹം. ഇതിനു മുൻപ് രണ്ട് തവണ ആമിർ വിവാഹം ചെയ്തിട്ടുണ്ട്. റീന ദത്തയാണ് ആദ്യ ഭാര്യ. ഈ ബന്ധത്തിൽ ജുനൈദ്, ഇറ എന്നീ രണ്ട് മക്കളുണ്ട്. അതിനു ശേഷമാണ് സംവിധായികയായ കിരൺ റാവുവിനെ വിവാഹം കഴിച്ചത്. 16 വർഷത്തെ ദാമ്പത്ത്യത്തിനു ശേഷം 2021ലാണ് ഇവർ വേർപിരിഞ്ഞത്. ആസാദ് എന്ന മകനും ഇവർക്കുണ്ട്.