

ദിലീപ്
സലിം കുമാറിന്‍റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി നടൻ ദിലീപ്. ശനിയാഴ്ച രാത്രിയിലേ നടനും സംവിധായകനുമായ നാദിർഷായ്ക്കൊപ്പം ദിലീപ് ആശുപത്രിയിലെത്തിയിരുന്നു. പിന്നീട് പറവൂരിലെ ടൗൺഹാളിലും താരമെത്തി. സിനിമയിലും ജീവിതത്തിലും ദിലീപിന് പിന്തുണയേകിയിരുന്ന താരങ്ങളിൽ ഒരാളായിരുന്നു സലീം കുമാർ. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ഒറ്റപ്പെട്ടപ്പോൾ പോലും സലീം കുമാർ അദ്ദേഹത്തിനൊപ്പം നിന്നു. അതു പോലെ തന്നെ ദിലീപ്-സലിം കമാർ കോംബോയും മലയാളികൾക്ക് അത്രയേറെ പ്രിയപ്പെട്ടതാണ്.
ദിലീപിന്‍റെ ഭൂരിഭാഗം ഹിറ്റ് സിനിമകളും സലിം കുമാർ ഇല്ലായിരുന്നുവെങ്കിൽ അപൂർണമാകുമായിരുന്നു. ചെറുത് ആണെങ്കിൽ പോലും പ്രേക്ഷകരുടെ ഉള്ളിൽ ചിരപ്രതിഷ്ഠ നേടിയ കഥാപാത്രങ്ങളായിരുന്നു അവയിൽ പലതും.
മീശ മാധവനിലെ അഡ്വ. മുകുന്ദനുണ്ണി, കല്യാണരാമനിലെ പ്യാരി, തിളക്കത്തിലെ അളിയൻ തുടങ്ങി അനവധി കഥാപാത്രങ്ങളാണ് സലിം കുമാർ അവതരിപ്പിച്ച് അനശ്വരമാക്കിയിട്ടുള്ളത്.