"എന്‍റെ വിനയം അഭിനയമായിരിക്കാം, ശീലമായിപ്പോയി": വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ദ്രൻസ്

പണ്ടു മുതൽ അത് ശീലിച്ച് ഇപ്പോൾ അത് മാറ്റാൻ പറ്റാത്ത അവസ്ഥയിലായി എന്നാണ് ഇന്ദ്രൻസ് പറയുന്നത്
actor indrans about his humility

ഇന്ദ്രൻസ്

Updated on

മികച്ച കഥാപാത്രങ്ങളിലൂടെ സിനിമാപ്രേമികളുടെ ഒന്നാകെ മനം കവർന്ന നടനാണ് ഇന്ദ്രൻസ്. കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലേക്ക് ചുവടുവച്ച താരം ഇപ്പോൾ സൂര്യയുടെ കറുപ്പിലൂടെ തമിഴ്നാടിന്‍റെ മനം കവരുകയാണ്. നടനെന്ന നിലയിൽ വലിയ കൈയടികളും പുരസ്കാരവും നേടിയിട്ടുള്ള ഇന്ദ്രൻസിന്‍റെ അമിത വിനയം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുണ്ട്. ഇന്ദ്രൻസിന്‍റെ വിനയം ഒരു അഭിനയമല്ലേ എന്നാണ് ഒരു വിഭാഗത്തിന്‍റെ വിമർശനം. ഇപ്പോൾ അതിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് താരം.

തന്‍റെ വിനയം അഭിനയം ആയിരിക്കാം എന്നാണ് ഇന്ദ്രൻസ് പറഞ്ഞത്. പണ്ടു മുതൽ അത് ശീലിച്ച് ഇപ്പോൾ അത് മാറ്റാൻ പറ്റാത്ത അവസ്ഥയിലായി എന്നാണ് ഇന്ദ്രൻസ് പറയുന്നത്. “ആയിരിക്കും. അത് എനിക്ക് ശീലമായിപ്പോയി. അഭിനയിച്ചതായിരിക്കും, എന്നോ. എന്നെ അറിയാത്ത ഒരാള്‍ക്ക് പെട്ടെന്ന് എന്‍റെ രീതി കാണുമ്പോള്‍ സ്വാഭാവികമായും അങ്ങനെ ചോദിക്കാന്‍ തോന്നും. അതിന് അവകാശവുമുണ്ട്. അന്നത്തെ എന്‍റെ കോലത്തിന് സിനിമ പോലെ ഒരു വലിയ സംഭവത്തിന് യോ​ഗ്യമല്ലാത്ത ഒരു രൂപമായിരുന്നു. ഞാന്‍ ഒന്ന് അങ്ങോട്ട് വന്നോട്ടെ എന്ന് ചോദിച്ച് ഒരു വീട്ടിലേക്ക് കയറിച്ചെല്ലുന്നത് പോലെ നില്‍ക്കാന്‍ പറ്റില്ലായിരുന്നു. അപ്പോള്‍ അവിടെ കുറച്ച് കൂടുതല്‍ കുനിഞ്ഞ് ആയിരിക്കും ഈ രീതി വന്നത്. ചിലപ്പോള്‍ അന്ന് അത് അഭിനയം തന്നെ ആയിരുന്നിരിക്കും. കള്ളത്തരം ആയിരിക്കും. അത് പക്ഷേ ജീവിതത്തിന്‍റെ ഭാ​ഗമായി.- ഇന്ദ്രൻസ് പറഞ്ഞു.

മുന്‍പോട്ട് നില്‍ക്കെന്ന് പറഞ്ഞ് കൂട്ടുകാരൊക്കെ പിടിച്ചുനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അറിയാതെ താൻ കാല്‍ പിറകിലേക്ക് വയ്ക്കുമായിരുന്നു എന്നാണ് താരം പറയുന്നത്. എത്ര ശ്രദ്ധിച്ചിട്ടും അത് മാറ്റാൻ തനിക്കു സാധിക്കുന്നില്ലെന്നും ഇന്ദ്രൻസ് തുറന്നുപറഞ്ഞു. എല്ലാ മേഖലയിലും നമ്മുടെ അപ്പിയറന്ഡസ് ഒരു ഘടകമാണ് എന്നാണ് ഇന്ദ്രൻസ് പറയുന്നത്.

"എത്ര അറിവുള്ള സംവിധായകനായാല്‍പ്പോലും ഭം​ഗി ഒരു വിഷയമാണ്. കോസ്റ്റ്യൂം അസിസ്റ്റന്‍റ് ആയിരുന്ന സമയത്ത് എന്‍റെ രൂപം പലര്‍ക്കും ക്ഷമിക്കാവുന്ന ഒന്നായിരുന്നു. എന്നെ നോക്കിയിട്ട് ഈ പണിക്ക് അറിയാവുന്നവരെ നിര്‍ത്തണം എന്നൊക്കെ ചീഫിനോട് പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ ഞാന്‍ ചീഫ് ആയി മാറിയപ്പോള്‍ അത് വീണ്ടും പ്രശ്നമായി. സെറ്റിലേക്ക് പോകാന്‍ ഓടിച്ചെന്ന് കാറില്‍ കയറുമ്പോഴേക്ക് നില്‍ക്ക് അടുത്ത വണ്ടിയില്‍ വാ എന്നൊക്കെ കേട്ടിട്ടുണ്ട്. ക്യാമറാമാന്‍ എത്തുന്നതിന് മുന്‍പേ സ്ഥലത്ത് എത്തേണ്ട ആളാണ് കോസ്റ്റ്യൂമര്‍. അത് അറിയാത്ത ആളുകള്‍ ആയിരിക്കാം അങ്ങനെ പറഞ്ഞിട്ടുണ്ടാവുക. അതൊന്നും ചിന്തിക്കാന്‍ അറിയാത്തതുകൊണ്ട് അപ്പോള്‍ സങ്കടം വന്നിട്ടുണ്ട്'- ഇന്ദ്രൻസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com