തെന്നിന്ത്യൻ താരം നാഗചൈതന്യയും നടി ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. ഹൈദരാബാദിലെ വസതിയിൽ വച്ചായിരുന്നു വിവാഹനിശ്ചയം. നാഗചൈതന്യയുടെ പിതാവ് നാഗാർജുന അക്കിനേനിയാണ് വിവാഹനിശ്ചയം ഔദ്യോഗികമായി പുറത്തു വിട്ടത്. വിവാഹനിശ്ചയ ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. പീച്ച് നിറമുള്ള പട്ട് സാരിയും ട്രഡീഷണൽ ആഭരണങ്ങളുമാണ് ശോഭിത വിവാഹനിശ്ചയത്തിനായി തെരഞ്ഞെടുത്തിരുന്നത്. മുടിയിൽ പീച്ച് നിറമുള്ള പൂക്കളും ഇടം പിടിച്ചു.
ഓഫ് വൈറ്റ് നിറമുള്ള വസ്ത്രത്തിലാണ് നാഗചൈതന്യം എത്തിയത്. നാഗചൈതന്യയുടെ അമ്മ അമല അക്കിനേനി, സഹോദരൻ അഖിൽ അക്കിനേനി എന്നിവരും ശോഭിതയുടെ മാതാപിതാക്കളും ചടങ്ങിൽ പങ്കെടുത്തിരുന്നു. നാഗചൈതന്യയുടെ രണ്ടാം വിവാഹമാണിത്.
തെന്നിന്ത്യൻ താരം സാമന്തയാണ് ആദ്യഭാര്യ. 2021ൽ ഇരുവരും പിരിഞ്ഞു. അതിനു ശേഷം കഴിഞ്ഞ സെപ്റ്റംബർ മുതൽ തന്നെ നാഗചൈതന്യയും ശോഭിതയും പ്രണയത്തിലാണെന്ന വാർത്തകൾ പടർന്നിരുന്നു.