ചെക്ക് കേസിൽ നടൻ രാജ്‌പാൽ യാദവിന് 3 മാസം തടവ്; വിചാരണ കോടതി വിധി ശരിവച്ച് ഹൈക്കോടതി

വിചാരണ കോടതി വിധിച്ച ആറു മാസത്തെ തടവ് കുറച്ചാണ് മൂന്നു മാസമാക്കിയത്
Rajpal Yadav

രാജ്‌പാൽ യാദവ്

Updated on

ന്യൂഡൽഹി: ഒൻപതു കോടി രൂപയുടെ ചെക്ക് കേസിൽ ബോളിവുഡ് നടൻ രാജ്‌പാൽ യാദവിന് മൂന്നു മാസം തടവുശിക്ഷ വിധിച്ച് ഡൽഹി ഹൈക്കോടതി. കേസിൽ താരം കുറ്റക്കാരനാണെന്ന വിചാരണ കോടതി വിധി ഹൈക്കോടതി ശരി വയ്ക്കുകയും ചെയ്തു. അതേസമയം വിചാരണ കോടതി വിധിച്ച ആറു മാസത്തെ തടവ് കുറച്ചാണ് മൂന്നു മാസമാക്കിയത്.

ഏഴു കേസുകളിലാണ് രാജ്‌പാലിന് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാവും. കൂടാതെ പരാതിക്കാരന് നടൻ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. വിധിക്കെതിരെ അപ്പീൽ കോടതിയെ സമീപിക്കാൻ താരത്തിന് രണ്ടു മാസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. ജസ്റ്റിസ് സ്വർണ കാന്ത ശർമ അധ്യക്ഷയായ ബെഞ്ചിന്‍റേതാണ് വിധി.

ചെക്ക് കേസിൽ 2018 ഏപ്രിലിൽ മജിസ്ട്രേറ്റ് കോടതി രാജ്പാൽ യാദവിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു. 2019ൽ സെഷൻസ് കോടതി മജിസ്ട്രേറ്റ് കോടതിയുടെ വിധി ശരി വച്ചതിനെതിരെ രാജ്പാലും ഭാര്യ രാധ യാദവും സമർപ്പിച്ച പുനപരിശോധന ഹർജിയിലാണ് ഹൈക്കോടതിയുടെ വിധി. രാജ്പാലിന് ആറുമാസം തടവാണ് മജിസ്ട്രേറ്റ് കോടതി വിധിച്ചത്. എന്നാൽ 2024 ജൂണിൽ ഹൈക്കോടതി ശിക്ഷ താത്കാലികമായി സസ്പെൻഡ് ചെയ്തിരുന്നു. എതിർകക്ഷിയുമായി ഒത്തുതീർപ്പിൽ എത്താനുള്ള അവസരത്തിനു വേണ്ടിയായിരുന്നു ഇത്.

എന്നാൽ പണം തിരികെ നൽകാമെന്നു കോടതിയ്ക്ക് നൽകിയ വാക്ക് നിരന്തരം ലംഘിച്ചതോടെ രാജ്‌പാലിനോട് കീഴടങ്ങാൻ 2025 ഫെബ്രുവരി രണ്ടിനു കോടതി ആവശ്യപ്പെട്ടു. തുടർന്ന് കീഴടങ്ങിയ രാജ്‌പാൽ പിന്നീട് പരാതിക്കാരന് 1.5 കോടി രൂപ നൽകിയതോടെ ഫെബ്രുവരി 16ന് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. 2010ല്‍ രാജ്‌പാൽ യാദവ് നിര്‍മിച്ച 'അട്ടാ പട്ടാ ലാപ്പട്ടാ' എന്ന ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് കേസിന് ആധാരം.

logo
Metro Vaartha
www.metrovaartha.com