
മുംബൈ: നിരന്തരം ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്ന സാഹചര്യത്തിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന് വൈ പ്ലസ് സുരക്ഷ ഉറപ്പാക്കി മഹാരാഷ്ട്ര സർക്കാർ. ആറ്റ് ലി സംവിധാനം ചെയ്ത ജവാൻ റിലീസ് ചെയ്തതിനു പുറകേ ഷാരൂഖിന് നിരന്തരമായി ഭീഷണി സന്ദേശങ്ങൾ ലഭിച്ചു തുടങ്ങിയതോടെയാണ് ഷാരൂഖ് സുരക്ഷ ആവശ്യപ്പെട്ടത്.
ഇതു പ്രകാരം ആറ് കമാൻഡോകൾ അടക്കം 11 സുരക്ഷാ ജീവനക്കാരും ഒരു പൊലീസ് എസ്കോർട്ട് വാഹനവും ഇനി മുതൽ ഷാരൂഖിനൊപ്പമുണ്ടാകും. ഈ സുരക്ഷാ സേവനത്തിന് ഷാരൂഖിൽ നിന്ന് പണം ഈടാക്കുന്നതാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഉന്നതാധികാര സമിതി യോഗത്തിനു ശേഷമാണ് ഇക്കാര്യത്തിൽ മഹാരാഷ്ട്ര സർക്കാർ ഷാരൂഖിന് അനുകൂലമായ തീരുമാനമെടുത്തത്.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ പത്താൻ സിനിമയിലെ ബേഷാറാം റംഗ് എന്ന ഗാനവും വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. അതേ തുടർന്ന് അയോധ്യയിൽ നിന്നുള്ള സന്യാസിയും ഷാരൂഖിനെതിരേ ഭീഷണി മുഴക്കിയിരുന്നു. 2010ൽ പുറത്തിറങ്ങിയ മൈ നെയിം ഇസ് ഖാൻ എന്ന ചിത്രത്തിനു പിന്നാലെയുണ്ടായ ഭീഷണിയുടെ സാഹചര്യത്തിലാണ് ഷാരൂഖ് സുരക്ഷാ സജ്ജീകരണങ്ങൾ ശക്തമാക്കിയത്.