

ടൈലർ മാനേ
നടനും മുൻ ഗുസ്തി താരവുമായ ടൈലർ മാനേയ്ക്ക് സ്തനാർബുദം സ്ഥിരീകരിച്ചു. ഇപ്പോൾ കീമോതെറാപ്പി ചെയ്തു കൊണ്ടിരിക്കുകയാണെന്നും 59കാരനായ താരം സോഷ്യൽമീഡിയയിലൂടെ വെളിപ്പെടുത്തി. അതേ എനിക്ക് സ്തനാർബുദമാണ്, ശരിയാണ് ഇത് അപൂർവങ്ങളിൽ അപൂർവമാണ്. പുരുഷന്മാരിൽ ഒരു ശതമാനം പേർക്ക് മാത്രമേ സ്തനാർബുദം വരാറുള്ളൂ എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
സത്യസന്ധമായി പറയുകയാണെങ്കിൽ ആദ്യം ഇക്കാര്യം രഹസ്യമായി വയ്ക്കാനായിരുന്നു ഞാൻ തീരുമാനിച്ചിരുന്നത്. ഒരു തരം ലജ്ജയാണ് തോന്നിയിരുന്നത്. പക്ഷേ പുരുഷന്മാർ അത്തരമൊരു കാര്യത്തെക്കുറിച്ച് സംസാരിക്കുന്നതു പോലുമില്ലാത്ത സാഹചര്യത്തിൽ വളരെ ഗുരുതരമായ അവസ്ഥയിലായിരിക്കും അസുഖം കണ്ടെത്താൻ പോലും കഴിയുകയെന്ന് ഞാൻ തിരിച്ചറിഞ്ഞു.
ഡോക്റ്റർമാർ എല്ലാം അത്തരമൊരു സാധ്യത തള്ളിക്കളഞ്ഞപ്പോഴും ഭാര്യയാണ് മുഴ നീക്കം ചെയ്യാൻ പ്രേരിപ്പിച്ചതെന്നും താരം കുറിച്ചിട്ടുണ്ട്. അതു കൊണ്ട് ഇനി അതേക്കുറിച്ച് നമുക്ക് സംസാരിച്ചു തുടങ്ങാം എന്നും ടൈലർ പറയുന്നു. 755 പുരുഷന്മാരിൽ ഒരാൾക്കു മാത്രമാണ് സ്തനാർബുദം കണ്ടെത്തിയിട്ടുള്ളത്. നേരത്തേ കണ്ടെത്തുകയാണെങ്കിൽ അതു ചികിത്സിച്ചു മാറ്റാൻ എളുപ്പമാണെന്നും ടൈലർ കുറിക്കുന്നു. എസ്ക്മെൻ, ഡെഡ്പൂൾ ആൻഡ് വോൾവെറിൻ, ഹാലോവീൻ, ഹാലോവിൻ 2, ട്രോയ് എന്നീ സിനിമകളിലൂടെയാണ് ടൈലർ ശ്രദ്ധേയനായത്.