
വിൻ സി അലോഷ്യസ്
മമ്മൂട്ടിയാണെന്ന് തെറ്റിദ്ധരിച്ച് മറ്റാർക്കോ സന്ദേശമയച്ചെന്ന് വെളിപ്പെടുത്തി നടി വിൻ സി അലോഷ്യസ്. മമ്മുട്ടി തനിക്ക് വിൻ സി എന്നു മെസേജ് അയച്ചെന്നും അതു കൊണ്ട് തന്‍റെ പേര് വിൻസി എന്നതിൽ നിന്ന് വിൻ സി എന്നാക്കി മാറ്റുകയാണെന്നും നടി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഫിലിംഫെയർ പുരസ്കാര വേദിയിൽ വച്ച് മമ്മൂട്ടിയെ നേരിട്ട് കണ്ടപ്പോഴാണ് മറ്റാരോ ആണ് തനിക്ക് മെസേജ് അയച്ചതെന്ന് വ്യക്തമായതെന്ന് വിൻ സി പറയുന്നു.
സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഏറ്റു വാങ്ങിയതിനു പിന്നാലെയാണ് വിൻ സി എന്നു പേരു മാറ്റുകയാണെന്ന് നടി പ്രഖ്യാപിച്ചിരുന്നത്.
പരിചയമുള്ള ഒരാൾ മമ്മൂട്ടിയുടെ നമ്പറാണെന്ന് പറഞ്ഞ് ഒരു നമ്പർ തന്നു. അതിലേക്ക് പല തവണ വിളിച്ചെങ്കിലും ആരുമെടുത്തില്ല. പിന്നീടാണ് അതിലേക്ക് മെസേജ് അയച്ചത്. അതിനു മറുപടിയായാണ് വിൻ സി എന്നു മറുപടി ലഭിച്ചത്. ഏറെ ആരാധിക്കുന്ന താരം അങ്ങനെ വിളിച്ചത് വലിയ സന്തോഷം നൽകി. ഏറെ നാളുകൾക്കു ശേഷം ഫിലിം ഫെയർ അവാർഡിനെത്തിയപ്പോഴാണ് മമ്മൂട്ടിയുമായി നേരിട്ട് സംസാരിക്കാനായത്.
മെസേജ് അയച്ചിരുന്നുവെന്ന് പറഞ്ഞുവെങ്കിലും അതേക്കുറിച്ച് അറിയില്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. വിൻ സി എന്നു വിളിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ അതു താനല്ല എന്ന് മമ്മൂട്ടി മറുപടി നൽകി. അതോടെയാണ് മറ്റേതോ നമ്പറിലേക്കാണ് മെസേജ് അയച്ചതെന്ന് വ്യക്തമായത്.