"ദൈവം എനിക്കായി കാത്തു വച്ച പെൺകുട്ടി''; വധു സായ് ധൻഷിക, വിശാലിന്‍റെ വിവാഹം ഓഗസ്റ്റ് 29ന്

ധൻഷികയുടെ പിതാവിന്‍റെ സാന്നിധ്യത്തിലാണ് വിശാൽ വിവാഹക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
Actor Vishal to marry actress sai Dhanshika

വധു സായ് ധൻഷിക, വിശാലിന്‍റെ വിവാഹം ഓഗസ്റ്റ് 29ന്

Updated on

ന്യൂഡൽഹി: തെന്നിന്ത്യൻ താരം വിശാൽ ഓഗസ്റ്റ് 29ന് വിവാഹിതനാകും. നടി സായ് ധൻഷികയാണ് വധു. ദുൽഖർ സൽമാൻ‌ നായികനായ മലയാളം സിനിമ സോളോ അടക്കമുള്ള നിരവധി ചിത്രങ്ങളിൽ സായ് ധൻഷിക അഭിനയിച്ചിട്ടുണ്ട്. ധൻഷിക നായികയായി എത്തുന്ന യോഗി ഡേ എന്ന ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിന് ചെന്നൈയിൽ വിശാലും ധൻഷികയും ഒന്നിച്ചു പങ്കെടുത്തിരുന്നു. അവിടെ വച്ചാണ് വിവാഹ ദിവസം പ്രഖ്യാപിച്ചത്. ധൻഷികയുടെ പിതാവിന്‍റെ സാന്നിധ്യത്തിലാണ് വിശാൽ വിവാഹക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. എന്‍റെ വിവാഹം നിശ്ചയിച്ചു. ഞാൻ ധൻഷികയെ വിവാഹം കഴിക്കാനൊരുങ്ങുന്നു എന്നാണ് വിശാൽ പറഞ്ഞത്. ദൈവം ഏറ്റവും മികച്ചത് എപ്പോഴും ഏറ്റവും ഒടുവിലേക്കായി കരുതി വയ്ക്കും. ദൈവം എനിക്കു വേണ്ടി കാത്തു വച്ചതാണ് ധൻഷികയെ. ഞാനവളെ വിശ്വസിക്കുന്നു എന്നും വിശാൽ പറഞ്ഞു. വിവാഹത്തിനു ശേഷവും ധൻഷിക അഭിനയിക്കുമെന്നും 47കാരനായ വിശാൽ പറഞ്ഞു.

വിവാഹവാർത്തയുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തു വന്നതിനു പിന്നാലെയാണ് വിവാഹക്കാര്യം വെളിപ്പെടുത്താൻ തീരുമാനിച്ചതെന്ന് ധൻഷിക പറയുന്നു. വിവാഹച്ചടങ്ങുകൾ ആരംഭിക്കുന്നതു വരെ മാധ്യമങ്ങൾക്കു മുന്നിൽ സുഹൃത്തുക്കളായിതുടരാനാണ് ആദ്യം തീരുമാനിച്ചത്. വാർത്തകൾ പുറത്തു വന്നതോടെ ഇനിയൊന്നും ഒളിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു,35കാരിയായ ധൻഷിക പറയുന്നു.

കഴിഞ്ഞ 15 വർഷമായി വിശാലിനെ അടുത്തറിയാം. പരിചയപ്പെട്ട കാലം മുതൽ വിശാൽ ബഹുമാനത്തോടെയാണ് തന്നോട് പെരുമാറിയിട്ടുള്ളത്. വലിയ പ്രശ്നങ്ങൾ അലട്ടുമ്പോൾ വിശാൽ തന്‍റെ വീട്ടിൽ എത്തും. എനിക്കു വേണ്ടി ശബ്ദമുയർത്താറുള്ളത് അദ്ദേഹമാണ്. മറ്റൊരു നായകനും എന്‍റെ വീട് സന്ദർശിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ പെരുമാറ്റം വളരെ സന്തോഷകരമായിരുന്നുവെന്നും ധൻഷിക. അടുത്തിടെയാണ് തങ്ങൾ പ്രണയത്തിലായതെന്നും ധൻഷിക വെളിപ്പെടുത്തിയിട്ടുണ്ട്.

തഞ്ചാവൂർ സ്വദേശിയായ ധൻഷിക 2006ൽ പുറത്തിറങ്ങിയ മനത്തോട് മഴൈക്കാലം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കെത്തിയത്. മലയാളം സിനിമയായ സോളോയിൽ വേൾഡ് ഓഫ് ശേഖറിൽ കാഴ്ചാപരിമിതിയുള്ള പെൺകുട്ടിയായാണ് ധൻഷിക എത്തിയത്. പേരന്മൈ, പരദേശി, കബാലി, ലാഭം തുടങ്ങിയ ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ച വച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com