

37ാം വയസിൽ മൂന്നാമത്തെ പ്രസവം, പ്രായമായല്ലോ എന്ന് ആലോചിച്ച് മടിച്ച് നിൽക്കരുതെന്ന് നടി അശ്വതി
37ാം വയസിൽ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയതിന്‍റെ അനുഭവം പങ്കുവച്ച് സീരിയൽ നടി അശ്വതി തോമസ്. പ്രസവകാലത്തുണ്ടായ ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ചും സിസേറിയൻ അനുഭവത്തേക്കുറിച്ചുമാണ് അശ്വതി പങ്കുവച്ചത്. 35 വയസിന് ശേഷം ഗർഭം ധരിക്കുന്നതിലെ പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചുകൊണ്ട് നിരവധി പേർ മെസേജ് അയച്ചതിനു പിന്നാലെയാണ് തന്‍റെ അനുഭവം പങ്കുവയ്ക്കാൻ തീരുമാനിച്ചത് എന്നാണ് അശ്വതി പറയുന്നത്.
അശ്വതിയുടെ മൂത്ത മകൾക്ക് 15 വയസും രണ്ടാമത്തെ മകൾക്ക് 11 വയസുമാണ്. ആദ്യത്തെ രണ്ട് പ്രസവവും സിസേറിയനായതിനാലും ചില മെഡിക്കൽ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുള്ളതിനാലും മൂന്നാമത്തെ കുട്ടി സാധ്യമല്ലെന്നാണ് കരുതിയിരുന്നത്. മൂന്നാമത്തെ മകൻ ജനിക്കാൻ കാരണം തന്‍റെ ഡോക്‌ടറായ എലിസബത്ത് സാംസൺ ആണ് എന്നാണ് അശ്വതി പറയുന്നത്. ഗർഭകാലത്ത് കടുത്ത മൂഡ് സ്വിങ്സിലൂടെയാണ് കടന്നു പോയത്. എല്ലാത്തിനോടും ദേഷ്യം. കടുകുമണി പോലത്തെ കാര്യങ്ങൾ മതി സങ്കടം വരാൻ. ആ സമയത്തെ റീൽ നിങ്ങളാരും കണ്ട ഞാനല്ലായിരുന്നു യഥാർഥ ഞാൻ. എന്നിലൊരു നാഗവല്ലി ഏതു സമയത്തും ഉണരാൻ പാകത്തിന് കണ്ണടച്ച് കിടപ്പുണ്ടായിരുന്നു.- അശ്വതി പറഞ്ഞു.
നോർമൽ പ്രസവം ആകണം എന്നൊരു ആഗ്രഹം തനിക്കുണ്ടായിരുന്നെന്നും എന്നാൽ തന്‍റെ പ്രഷർ വേരിയേഷൻ കാരണം അതിന് സാധിച്ചില്ല എന്നുമാണ് അശ്വതി പറയുന്നത്. എന്നെപ്പോലെ എല്ലാവർക്കും മൂഡ് സ്വിങ്സ്, പ്രഷർ എല്ലാം ഉണ്ടാകണമെന്നില്ല. ആദ്യം നല്ലൊരു ഗൈനക്ക് ഡോക്ടറെ കൺസൾട്ട് ചെയ്ത് ഒരു അഭിപ്രായം തേടി മുന്നോട്ട് പോവുക, പ്രായം ആയല്ലോ എന്ന് ആലോചിച്ച് മടിച്ചു നിൽക്കരുത്.- അശ്വതി പറഞ്ഞു.