

സിത്താര വിജയൻ
ഇരുപത്തൊന്നാം വയസിൽ പ്രമേഹം ബാധിച്ചുവെന്ന് തുറന്നു പറഞ്ഞ് നടി സിത്താര വിജയൻ. വിവാഹം വേണ്ടെന്നാണ് തീരുമാനമെന്നും സിത്താര പറയുന്നു. സമൂഹമാധ്യമങ്ങളിലൂടെ പങ്കു വച്ച വിഡിയോയിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പക്ഷേ പ്രമേഹം ബാധിച്ചതു കൊണ്ടു മാത്രമല്ല വിവാഹം വേണ്ടെന്ന് വച്ചതെന്നും താരം പറയുന്നു. ടൈപ്പ് 2 ഡയബെറ്റിസ് സ്ഥിരീകരിച്ചപ്പോൾ മാതാപിതാക്കൾ വലിയ ടെൻഷനിലായിരുന്നു. മാനസിക സംഘർഷങ്ങളെക്കുറിച്ച് മറ്റാരോടും തുറന്നു സംസാരിക്കാനും സാധിച്ചിരുന്നില്ല. ഒപ്പമിരുന്ന് സംസാരിച്ച് അതേക്കുറിച്ച് മനസിലാക്കിത്തരാനും ആരുമുണ്ടായില്ല.
പ്രമേഹം ഡിറ്റക്റ്റ് ചെയ്തതിനു പിന്നാലെ മെറ്റഫോമിൻ കഴിച്ചു തുടങ്ങി. അതു വലിയ ഒരു മണ്ടത്തരമായിരുന്നു. അതു കൊണ്ടൊക്കെ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായി. മാത്രമല്ല വിവാഹം ശരിയാകാൻ ഒക്കെ ബുദ്ധിമുട്ടാകുമെന്നൊക്കെ അഭിപ്രായങ്ങളും കേട്ടു തുടങ്ങി. അങ്ങനെ ഒരു ബുദ്ധിമുട്ട് ഞാൻ കാരണം വേണ്ടെന്ന് കരുതിയെന്ന് താരം പറയുന്നു.
പക്ഷേ ഇപ്പോൾ ആലോചിക്കുമ്പോൾ പ്രമേഹം വന്നതു കൊണ്ട് ഫിസിക്കലി ഫിറ്റ് ആയെന്നാണ് തോന്നുന്നത്. ഇഷ്ടമുള്ളതൊക്കെ ധരിക്കാൻ സാധിക്കാറുണ്ട്. ഇഷ്ടമുള്ള ഭക്ഷണങ്ങളും ഴിക്കാറുണ്ട്. വിവാഹം കഴിക്കാത്തതു കൊണ്ട് സന്തോഷവതിയുമാണ്. കല്യാണത്തിനുള്ള വൈകാരിക പക്വത ആയിട്ടില്ല. അതു കൊണ്ട് എന്‍റെ കല്യാണത്തിന് ഞാൻ എതിരാണ്.
എന്നെ വിശ്വസിച്ച് കൂടെ കൂട്ടുന്ന ഒരാളുടെ ജീവിതത്തിൽ സമാധാനം കൊടുക്കാൻ സാധിച്ചില്ലെങ്കിൽ കല്യാണത്തിന് മാനസികമായി ഒരുക്കമാണെന്ന് പറയാൻ സാധിക്കുമോ എന്നും സിത്താര ചോദിക്കുന്നു. സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനമാണ് സിത്താരയുടേതായി പുറത്തിറങ്ങാൻ ഒരുങ്ങുന്ന ചിത്രം. ഡെക്സ്റ്റർ, കൂൺ, ഹാപ്പി സർദാർ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.