
കൊച്ചി: ദ്വയാർഥ പ്രയോഗങ്ങളിലൂടെ അശ്ലീല അധിക്ഷേപം നടത്തിയെന്നാരോപിച്ച് ബോബി ചെമ്മണൂരിനെതിരേ നടി ഹണി റോസ് പരാതി നൽകി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് നടി പരാതി നൽകിയത്. ഇൻസ്റ്റഗ്രാമിലൂടെ താരം ഇക്കാര്യം സ്ഥിരീകരിച്ചു.
''ബോബി ചെമ്മണ്ണൂർ, താങ്കൾ എനിക്കേതിരേ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരേ ഞാൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. താങ്കളുടെ മാനസിക നിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരേയുള്ള പരാതി പുറകേയുണ്ടാകും. താങ്കൾ താങ്കളുടെ പണത്തിന്‍റെ ഹുങ്കിൽ വിശ്വസിക്കൂ. ഞാൻ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു'' എന്നാണ് താരം ഇൻസ്റ്റയിൽ കുറിച്ചിരിക്കുന്നത്.
ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്തുടരുകയാണെന്നും അപമാനിക്കാൻ ശ്രമിക്കുകയാണെന്നും നടി ഹണി റോസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിൽ പ്രതികരിക്കാത്തത് അത്തരം സ്റ്റേറ്റ്മെന്‍റുകൾ ആസ്വദിക്കുന്നത് കൊണ്ടാണോ അതോ പറയുന്നതെല്ലാം അംഗീകരിക്കുന്നത് കൊണ്ടാണോ എന്നാണ് അടുപ്പമുള്ളവർ ചോദിക്കുന്നതെന്നും ഹണി റോസ് വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ബോബി ചെമ്മണൂരിനെതിരേ പരാതി നൽകിയിരിക്കുന്നത്.
പ്രസ്തുത വ്യക്തി പിന്നീടും ചടങ്ങുകൾക്ക് എന്നെ ക്ഷണിച്ചപ്പോൾ താൻ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം താൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നുവെന്നും ഹണി ആരോപിച്ചിരുന്നു.