വാത്സല്യത്തിന്‍റെ സിന്ദൂരപ്പൊട്ട്

കൗമാരത്തിന്‍റെ പടിവാതിലിറങ്ങുന്ന ഇരുപതുകളിൽ ഏതു നായികയും ഭയക്കുന്ന അമ്മ വേഷത്തെ ഒപ്പം കൂട്ടിയതാണ് കവിയൂർ പൊന്നമ്മ.
kaviyoor ponnamma special story
വാത്സല്യത്തിന്‍റെ സിന്ദൂരപ്പൊട്ട്
Updated on

നീതു ചന്ദ്രൻ

അമ്മയെന്നാൽ മലയാള സിനിമയ്ക്ക് കവിയൂർ പൊന്നമ്മയാണ്.. പുഞ്ചിരിയിലൂടെയും നോട്ടങ്ങളിലൂടെയും വാത്സല്യം പകർന്നു തന്ന, അനവധി കഥാപാത്രങ്ങളെ സ്വതസിദ്ധമായ ശൈലി കൊണ്ട് അവിസ്മരണീയമാക്കി മാറ്റിയ മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രി. കനിവിന്‍റെ സിന്ദൂരപ്പൊട്ടിട്ട് തിരശീലയിൽ കവിയൂർ പൊന്നമ്മയെത്തുമ്പോൾ പ്രേക്ഷകരുടെ ഹൃദയത്തിലേക്കു കൂടിയാണ് വാത്സല്യം ഒഴുകിയെത്തിയിരുന്നത്. കവിയൂർ പൊന്നമ്മ പടിയിറങ്ങുമ്പോൾ വാത്സല്യമുറയുന്ന ദീർഘമായൊരു യുഗത്തിന് കൂടിയാണ് തിരശീല വീഴുന്നത്. കൗമാരത്തിന്‍റെ പടിവാതിലിറങ്ങുന്ന ഇരുപതുകളിൽ ഏതു നായികയും ഭയക്കുന്ന അമ്മ വേഷത്തെ ഒപ്പം കൂട്ടിയതാണ് കവിയൂർ പൊന്നമ്മ. അതും തന്നേക്കാൾ ഇരട്ടിയിലേറെ പ്രായമുള്ള നായകന്മാരുടെ അമ്മ വേഷം. പക്ഷേ ആ കഥാപാത്രങ്ങളിലൂടെ അവരിലേക്കെത്തിയത് മറ്റാർക്കും കിട്ടാത്തത്ര സ്വീകാര്യതയും സ്നേഹവുമായിരുന്നു. അന്നു മുതൽ കവിയൂർ പൊന്നമ്മയ്ക്ക് മക്കളായെത്തിയ നടീനടന്മാരുടെ കണക്കെടുത്താൽ അതൊരു നീണ്ട പട്ടിക തന്നെയായി മാറും.

പത്തനംതിട്ട തിരുവല്ലയിലെ കവിയൂരിൽ ടി.പി. ദാമോദരൻ ഗൗരി ദമ്പതികളുടെ 7 മക്കളിൽ മൂത്തവളാണ് പൊന്നമ്മ. കവിയൂർ രേണുക സഹോദരിയാണ്. ചെറുപ്പം മുതൽ സംഗീതം അഭ്യസിച്ചിരുന്നു. പതിനാലാം വയസ്സിൽ നാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ഡോക്റ്റർ എന്ന നാടകത്തിലൂടെയായിരുന്നു തുടക്കം. ആ നാടകത്തിൽ ഗാനവും ആലപിച്ചിരുന്നു. നാടകങ്ങളിലാണ് ആദ്യം വേഷമിട്ടത്. രാമായണം അടിസ്ഥാനമാക്കി1962ൽ പുറത്തിറങ്ങിയ ശ്രീരാമ പട്ടാഭിഷേകം എന്ന സിനിമയിൽ മണ്ഡോദരിയായി വേഷമിട്ടു കൊണ്ടാണ് കവിയൂർ പൊന്നമ്മ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ഇരുപതാം വയസ്സിൽ സത്യൻ, മധു എന്നിവരുടെ അമ്മയായി കുടുംബിനിയിൽ വേഷമിട്ടു. ആയിരക്കണക്കിന് ചിത്രങ്ങളിലാണ് കവിയൂർ പൊന്നമ്മ ഇക്കാലത്തിനിടെ അഭിനയിച്ചത്. അൻപതോളം സിനിമകളിലാണ് മോഹൻലാലിന്‍റെ അമ്മയായി എത്തിയത്. കിരീടം, ചെങ്കോൽ എന്നിവയാണ് അതിൽ ഏറ്റവും ശ്രദ്ധേയമായത്. മമ്മൂട്ടിയുടെ അമ്മയായി എത്തിയ വാത്സല്യവും മലയാളത്തിന്‍റെ എക്കാലത്തെയും ഹിറ്റുകളിൽ ഇടം പിടിച്ചു. തൊമ്മന്‍റെ മക്കൾ എന്ന സിനിമയിൽ സത്യന്‍റെയും മധുവിന്‍റെയും , പാദസരത്തിൽ ടി.ജി. രവിയുടെയും അമ്മയായി അഭിനയിച്ചു.

kaviyoor ponnamma special story
വാത്സല്യത്തിന്‍റെ സിന്ദൂരപ്പൊട്ട്

പെരിയാർ എന്ന ചിത്രത്തിൽ തിലകന്‍റെ അമ്മയായും അഭിനയിച്ചു. പിന്നീട് തിലകനും കവിയൂർ പൊന്നമ്മയും മികച്ച ജോഡികളായി മലയാളത്തിൽ നിറഞ്ഞു നിന്നു. ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ സത്യന്‍റെ നായികാകഥാപാത്രമായി എത്തി. അതേ വർഷം തന്നെ സത്യന്‍റെ അമ്മ വേഷവും ചെയ്തു. അമ്മ വേഷങ്ങളിൽ മിന്നിത്തിളങ്ങുമ്പോഴും അഭിനയപ്രാധാന്യമുള്ള വേഷങ്ങളും അവരെ തേടിയെത്തി. എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത നിർമാല്യത്തിലെ വെളിച്ചപ്പാടിന്‍റെ ഭാര്യയുടെ വേഷമാണ് അതിൽ ഒന്നാം സ്ഥാനത്ത്. നെല്ല്, ദേവദാസ് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രമായി മാറി.സുകൃതത്തിലെ വേഷവും വ്യത്യസ്തമായിരുന്നു. 1971, 72, 73,94 വർഷങ്ങളിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടി. സിനിമാ നിർമാതാവ് എം.കെ. മണിസ്വാമിയായിരുന്നു ഭർത്താവ്. മകൾ ബിന്ദു.

Trending

No stories found.

Latest News

No stories found.