

ലക്ഷ്മിപ്രിയ
വിവാദങ്ങൾക്കിടെ തന്‍റെ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവച്ച് നടി ലക്ഷ്മി പ്രിയ. മാതംഗി ഫിലിംസിന്‍റെ ബാനറിൽ താൻ ആദ്യമായി ഒരു സിനിമ നിർമിക്കാൻ പോകുന്നുവെന്നാണ് ലക്ഷ്മിയുടെ പ്രഖ്യാപനം. ഇതിന്‍റെ കാസ്റ്റിങ് കാൾ പങ്കുവച്ചുകൊണ്ടാണ് ലക്ഷേമിപ്രിയയുടെ പോസ്റ്റ്.
കടലിന്‍റെ മക്കളുടെ കഥ പറയുന്ന ക്രോസ്സ് വിൻഡ്‌സ് എന്ന ചിത്രം ബഷീർ പൊന്നാനിയാണ് സംവിധാനം ചെയ്യുന്നത്. മിടുക്കന്മാരെയും മിടുക്കികളെയും സിനിമയുടെ ഭാഗമാവാൻ ക്ഷണിക്കുന്നുവെന്നും ചിത്രത്തിന്‍റെ എഐ പോസ്റ്ററടക്കം പങ്കുവച്ചുകൊണ്ട് ലക്ഷ്മിപ്രിയ കുറിച്ചു. പ്രശസ്ത നടീ - നടന്മാരായിരിക്കും ചിത്രത്തിൽ അഭിനയിക്കുയെന്നും മലയാളത്തിലും തമിഴിലുമായാണ് ചിത്രം ഒരുക്കുന്നതെന്നും നടി പറയുന്നു.
എന്നാൽ പോസ്റ്റർ പങ്കുവച്ചതിനു പിന്നാലെ വ്യാപക ട്രോളുകളും വിമർശനങ്ങളുമാണ് ലക്ഷ്മിപ്രിയക്കെതിരേ ഉയരുന്നത്. എന്തോരു ഉടായിപ്പാണെന്നാണ് പലരും പറയുന്നത്. പുതിയ സിനിമയെന്ന് പറഞ്ഞ് എഐ പോസ്റ്ററുമായി എത്തിയിരിക്കുകയാണെന്നും അതിലാണെങ്കിൽ അക്ഷരത്തെറ്റുമുണ്ടെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. 'അക്ഷരത്തെറ്റില്ലാത്ത ഒരു പോസ്റ്റർ എങ്കിലും പങ്കുവയ്ക്കാമായിരുന്നു. ആരെങ്കിലുമൊക്കെ വിശ്വസിച്ചേനെ', 'ഇതിൽ നാക്കിന് നല്ല നീളമുള്ള അമ്മ വേഷത്തിന് പുറമേ നിന്ന് ആളെ അന്വഷിക്കണോ ചേച്ചി തന്നെ ചെയ്താൽ മതി എന്നാലും ആ പാവപ്പെട്ട രാമസിംഹനെ മറന്നത് ശരിയായില്ല സോദരി' എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.
കുറിപ്പ് ഇങ്ങനെ...
അഭിമാനത്തോടു കൂടി അനൗൺസ് ചെയ്യുന്നു, മാതംഗി ഫിലിംസിന്‍റെ ബാനറിൽ ഞങ്ങൾ പ്രൊഡ്യൂസ് ചെയ്യുന്ന ഞങ്ങളുടെ ആദ്യത്തെ സിനിമ 'ക്രോസ്സ് വിൻഡ്‌സ് '! തുഴ എറിയുന്നവന്‍റെ കഥ ! കടലിന്‍റെ മക്കളുടെ കഥ!
മലയാളത്തിലും തമിഴിലും ശ്രദ്ധേയരായ രണ്ട് പ്രശസ്ത നായകൻമാർ. ഒപ്പം മലയാള സിനിമയിലെ മികച്ച നടീ നടന്മാരും.അവരോടൊപ്പം സ്‌ക്രീൻ പങ്കിടാൻ നിങ്ങൾക്കും അവസരം ലഭിച്ചേക്കാം.
വേണ്ടവർ
പ്രായം 18 മുതൽ 50 വരെ
കൊള്ളാനും കൊടുക്കാനും മടിയില്ലാത്ത ഘടാഘടിയൻമാരായ ജിമ്മൻ മാർ
മുതലും പലിശയും ചേർത്ത് കൊടുക്കാൻ തയ്യാറെടുത്ത തലയെടുപ്പുള്ളവർ
നായിക പ്രായം 18 മുതൽ 25 വരെ ആവാം.
പക്ഷേ എന്താടീന്ന് ചോദിച്ചാൽ പോടാ ന്ന് പറയാനും വേണേൽ ഒന്ന് പൊട്ടിയ്ക്കാനും കെൽപ്പുള്ള ഒരു ചിമിട്ട് കാന്താരി മുളക് ആവണം
നാക്കിന് നല്ല ആരോഗ്യമുള്ള അമ്മമാർ,അവർക്ക് പ്രായ പരിധി ഇല്ല
പത്ര വൃത്താന്തത്തോടൊപ്പം പരദൂഷണം ജീവിതചര്യയാക്കിയ ചേട്ടൻമാർ
ഡയലോഗടിച്ചു കിളി പാറിക്കുന്ന കുറുമ്പൻമാരും കുറുമ്പികളും പ്രായം 8 മുതൽ 15 വരെ
ഇപ്പോൾ ആദ്യ ഓഡിഷൻ പൊന്നാനി ഗസ്റ്റ് ഹൗസ്.
വിശദ വിവരങ്ങൾക്ക് ദയവായി സ്ക്രീനിൽ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ എഡിറ്റ് ചെയ്യാത്ത ഫോട്ടോ, എന്തെങ്കിലും ചെറിയ പെർഫോമൻസ് ഇവ വാട്സപ് ചെയ്യൂ.
സംവിധാനം ബഷീർ പൊന്നാനി. അദ്ദേഹത്തിന്‍റെ നാലാമത് ചിത്രം.
ബാക്കി വിശേഷങ്ങൾ പിന്നാലെ.
നിങ്ങളുടെ പ്രാർഥനയും അനുഗ്രഹവും പ്രതീക്ഷിച്ചു കൊണ്ട്
ലക്ഷ്മി പ്രിയ and crew