
നിർമാതാവിനെ ചെരിപ്പൂരി അടിച്ച് നടി; 23 ലക്ഷം രൂപ തട്ടിച്ചുവെന്ന് കേസ്|Video
മുംബൈ: സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ സംവിധായകനെ ചെരിപ്പൂടി അടിച്ച് നടി. ബോളിവുഡ് നിർമാതാവ് കരൺ സിങ്ങിനെ നടി രുചി ഗുജ്ജാറാണ് അടിച്ചത്. മുംബൈയിലെ അന്ധേരിയിൽ കരൺ സംവിധാനം ചെയ്ത സോ ലോങ് വാലി എന്ന ചിത്രത്തിന്‍റെ പ്രീമിയറിനിടെയാണ് സംഭവം. കരണിനെതിരെ 23 ലക്ഷം രൂപയുടെ തട്ടിപ്പ് ആരോപിച്ച് നടി പരാതിയും നൽകിയിട്ടുണ്ട്. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ടെലിവിഷൻ പരിപാടി ആരംഭിക്കുന്നതിനു വേണ്ടി ലാഭവിഹിതം വാഗ്ദാനം ചെയ്ത് കരൺ തന്‍റെ കൈയിൽ നിന്ന് 23 ലക്ഷം രൂപ വാങ്ങിയിരുന്നുവെന്നാണ് നടിയുടെ ആരോപണം. പദ്ധതിയിൽ തനിക്ക് ഓൺ-സ്ക്രീൻ ക്രെഡിറ്റ് നൽകാമെന്നും ഉറപ്പു നൽകിയിരുന്നതായി നടി. എന്നാൽ പ്രോജക്റ്റ് നീണ്ടു പോയി. അതു മാത്രമല്ല താനാവശ്യപ്പെട്ടിട്ടും നിർമാതാവ് പണം തിരികെ നൽകിയില്ലെന്നും നടി ആരോപിക്കുന്നു.
പറ്റിക്കപ്പെട്ടുവെന്ന് ഉറപ്പായതോടെയാണ് പ്രീമിയർ ഷോയിലെത്തിയ താരം നിർമാതാവിനെ തല്ലിയത്. നിർമാതാവിനെതിരേ മറ്റൊരു കേസ് കൂടി നൽകുമെന്നും താരത്തിന്‍റെഅഭിഭാഷകൻ വ്യക്തമാക്കി. തൃധ ചൗധരി, വിക്രം കൊച്ചാർ എന്നിവർ അഭിനയിക്കുന്ന ചിത്രമാണ് സോ ലോങ് വാലി.