'ശരീരം കാണിച്ചു കിട്ടിയ പൈസകൊണ്ടാണോ കാർ വാങ്ങിയത്?'; രൂക്ഷ പ്രതികരണവുമായി ആദില

കാർ വാങ്ങാനുള്ള പണം എവിടെ നിന്നും കിട്ടിയെന്നാണ് ഒരു വിഭാ​ഗത്തിന് അറിയേണ്ടിയിരുന്നത്
adhila on slut shaming

ആദില

Updated on

റിയാലിറ്റി ഷോ ആയ ബി​ഗ് ബോസിലൂടെ മലയാളികൾക്ക് ഏറെ പരിചിതരായവരാണ് സ്വവർ​ഗ ദമ്പതികളായ ആദിലയും നൂറയും. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരാണ് ഇവർക്കുള്ളത്. കഴിഞ്ഞ ദിവസമാണ് സ്വന്തമായി കാർ വാങ്ങിയ വിവരം ഇവർ പങ്കുവച്ചത്. നിരവധി പേരാണ് ഇവർക്കും ആശംസകൾ നേർന്നത്. അതിനൊപ്പം ചിലർ ചോദിച്ച ചോദ്യങ്ങൾ അത്ര സുഖകരമായിരുന്നില്ല.

കാർ വാങ്ങാനുള്ള പണം എവിടെ നിന്നും കിട്ടിയെന്നാണ് ഒരു വിഭാ​ഗത്തിന് അറിയേണ്ടിയിരുന്നത്. ഇൻസ്റ്റ​ഗ്രാം സബ്സ്ക്രിപ്ഷനിലൂടെ കിട്ടിയ പണം ഉപയോ​ഗിച്ചാണോ കാർ വാങ്ങിയതെന്നും ചോദിച്ചവരുണ്ട്. ഇപ്പോൾ ഇത്തരക്കാർക്ക് മറുപടിയുമായി ആദില രം​ഗത്തെത്തിയിരിക്കുകയാണ്. ഒരു സ്ത്രീ നേട്ടം കൈവരിക്കുമ്പോൾ അവളുടെ കഠിനാധ്വാനത്തെ കുറിച്ച് പറയാൻ പലപ്പോഴും ആളുകൾ തയാറാകാറില്ലെന്നും സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് കഥകൾ മെനയാനാണ് ചിലർക്കിഷ്ടമെന്നുമാണ് ആദില പറഞ്ഞത്.

വർഷങ്ങളോളം കഷ്ടപ്പെട്ടാണ് താൻ ഇവിടെ എത്തിയത് എന്നാണ് ആദില പറയുന്നത്. ശരീരം പ്രദർശിപ്പിച്ചാണ് ഒരു സ്ത്രീ പണം സമ്പാദിക്കുന്നതെന്ന് പറയാനുള്ള ചിലരുടെ താത്പര്യം എന്നെ അദ്ഭുതപ്പെടുത്തി. അവളുടെ തൊഴിൽ, ബിസിനസ്, കഴിവുകള്‍, സർഗാത്മകത, വർഷങ്ങളുടെ കഠിനാധ്വാനം എന്നിവയിലൂടെയാണ് അവൾ സമ്പാദിക്കുന്നതെന്ന് സങ്കൽപിക്കാൻ ഇത്തരക്കാർ‍ക്കു പ്രയാസമാണ്.- ആദില കൂട്ടിച്ചേർത്തു.

ഞങ്ങളുടെ നേട്ടങ്ങൾ പെട്ടെന്നുണ്ടായതല്ല. അത് ശൂന്യതയിൽ നിന്നുണ്ടായതുമല്ല. വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിന്റെ പ്രതിഫലമാണത്. ഒരു സ്ത്രീക്ക് വിജയിക്കാനാകും. ഒരു സ്ത്രീക്ക് ഒരേസമയം മേക്കപ്പിടാൻ ഇഷ്ടപ്പെടുന്നവളും ലക്ഷ്യബോധമുള്ളവളും ആയിരിക്കാന്‍ സാധിക്കും. കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്നതിനൊപ്പം പ്രൊഫഷണലായിരിക്കാനും സാധിക്കും. ശരീരം പ്രദര്‍ശിപ്പിക്കാതെ തന്നെ സമ്പാദിക്കാൻ കഴിയും.- ആദില വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com