'പ്രശ്നങ്ങൾ ചെറുതായിരുന്നില്ല, ലഹരിക്കടിമയെന്ന് പറഞ്ഞു പരത്തി'; 'നാൻസി റാണി' വിവാദത്തിൽ പ്രതികരിച്ച് അഹാന കൃഷ്ണ

സംവിധായകൻ മനു ഷൂട്ടിങ് ലൊക്കേഷനുകളിൽ മദ്യപിച്ചാണ് എത്തിയിരുന്നതെന്നും, കാരവാനിൽ‌ സുഹൃത്തുക്കളുമായി ഇരുന്ന് മദ്യപിച്ച് തോന്നും വിധത്തിലാണ് ഷൂട്ടിങ് നടത്തിയിരുന്നതെന്നും നടിയുടെ കുറിപ്പിലുണ്ട്
Ahaana krishnakumar on row over nansi rani film

അഹാന കൃഷ്ണകുമാർ

Updated on

നാൻസി റാണി എന്ന സിനിമയുടെ പ്രമോഷന് സഹകരിക്കാത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മറുപടി നൽകി നടി അഹാന കൃഷ്ണ. മനു ജോസഫ് മരണപ്പെട്ടതിനു ശേഷവും നടി തങ്ങളുമായി സഹകരിക്കുന്നില്ലെന്നും മനുഷ്യത്വം കാണിക്കുന്നില്ലെന്നും മനുവിന്‍റെ ഭാര്യ നയന ആരോപിച്ചിരുന്നു. അതിനു പിന്നാലെയാണ് താരം ഇൻസ്റ്റഗ്രാമിലൂടെ ദീർഘമായ വിശദീകരണക്കുറിപ്പ് പുറത്തു വിട്ടിരിക്കുന്നത്.

സംവിധായകൻ മനു ഷൂട്ടിങ് ലൊക്കേഷനുകളിൽ മദ്യപിച്ചാണ് എത്തിയിരുന്നതെന്നും കാരവാനിൽ‌ സുഹൃത്തുക്കളുമായി ഇരുന്ന് മദ്യപിച്ച് തോന്നും വിധത്തിലാണ് ഷൂട്ടിങ് നടത്തിയിരുന്നതെന്നും നടിയുടെ കുറിപ്പിലുണ്ട്. സെറ്റിൽ ഒന്നും ആസൂത്രിതമായല്ല നടന്നിരുന്നത്. 2020 ഫെബ്രുവരി മുതൽ 2021 ഡിസംബർ വരെയായിരുന്നു ഷൂട്ടിങ് തീരുമാനിച്ചിരുന്നത്. പക്ഷേ, ഷൂട്ട് എപ്പോൾ തീരുമെന്ന് ആർക്കും വ്യക്തതയുണ്ടായിരുന്നില്ല. പണത്തിനോ സമയത്തിനോ യാതൊരു വിലയും കൽപ്പിക്കാത്ത സംവിധായകനായിരുന്നു അദ്ദേഹം.

സിനിമയുടെ അടുത്ത ഷെഡ്യൂൾ എപ്പോൾ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നില്ല. അതിനിടെ തന്‍റെ കഥാപാത്രത്തിന് മറ്റൊരാൾ ഡബ് ചെയ്തതായും അറിഞ്ഞു. ഈഗോയുടെ ഭാഗമായിരുന്നു അതെല്ലാം. പിന്നീട് വീണ്ടും ഡബ് ചെയ്യാൻ മനു തന്നെ സമീപിച്ചു. മറ്റൊരാളെക്കൊണ്ട് ഡബ് ചെയ്യിച്ചതുമായി ബന്ധപ്പെട്ട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം തയാറായില്ല. സിനിമയുടെ ക്ലൈമാക്സിൽ അടക്കം മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് അറിഞ്ഞത്.

താൻ ലഹരിക്കടിമയാണെന്ന് തന്‍റെ അമ്മയോടും മറ്റു ചിലരോടും സംവിധായകനും ഭാര്യ നയനയും ചേർന്ന് പറഞ്ഞ് പരത്തിയതായും അഹാന ആരോപിക്കുന്നു. ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതോടെ മനു മാപ്പ് പറഞ്ഞു. പക്ഷേ, 20 ദിവസത്തിനു ശേഷം അദ്ദേഹം മരണപ്പെടുകയായിരുന്നു. ഇതൊന്നും താൻ പറയാൻ ഉദ്ദേശിച്ചിരുന്നതല്ല. നിങ്ങൾ എന്നെക്കൊണ്ട് പറയിപ്പിക്കുകയായിരുന്നു.

ഇരുവർക്കുമെതിരേ കേസ് കൊടുക്കേണ്ടത്രയും ഗുരുതരമായ പ്രശ്നങ്ങളാണ് ഉണ്ടായിരുന്നത്. മൂന്നു വർഷം കഴിഞ്ഞുവെങ്കിലും ഞാനത് മറന്നുവെന്ന് വിചാരിക്കരുതെന്നും നിങ്ങളും അതിൽ പങ്കാളിയാണെന്നും നയനയെ പരാമർശിച്ചു കൊണ്ട് അഹാന കുറിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com