സമൂഹത്തിലും സിനിമ‍യിലും വെളുപ്പാണ് സൗന്ദര്യം എന്ന ധാരണ ഇന്നുമുണ്ട്; വർണവിവേചനത്തെക്കുറിച്ച് ഐശ്വര്യ ലക്ഷ്മി

അടുത്ത കാലത്ത് തമിഴ് സിനിമയിൽ നായികമാരുടെ തെരഞ്ഞടെുപ്പുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉയർന്നിരുന്നു
aishwarya lakshmi against Racism

ഐശ്വര്യ ലക്ഷ്മി

Updated on

സൗന്ദര്യത്തെ വെളുത്ത നിറത്തോട് മാത്രം ബന്ധിപ്പിക്കുന്ന കാഴ്ചപ്പാട് സമൂഹത്തിനും സിനിമയിലും ഇപ്പോഴും ശക്തമാണെന്ന് നടി ഐശ്വര്യ ലക്ഷ്മി. സിനിമയിൽ കഴിവിനേക്കാൾ പ്രാധാന്യം ചർമത്തിന്‍റെ നിറത്തിനാണെന്ന ആരോപണങ്ങൾ നിലനിൽക്കെയാണ് ഐശ്വര്യയുടെ തുറന്നു പറച്ചിൽ. നടിയുടെ പുതിയ ചിത്രമായ ഗാട്ട ഗുസ്തി 2 ന്‍റെ പ്രചാരണത്തിനിടെ നൽകിയ അഭിമുഖത്തിൽ വർണവിവേചനത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഐശ്വര്യയുടെ പ്രതികരണം.

"വർണവിവേചനത്തിന്‍റെ വേരുകൾ അന്വേഷിച്ചാൽ‌ ബ്രിട്ടീഷ് കോളനിവൽക്കരണ കാലത്തിലേക്ക് പോവേണ്ടിവരും. അധികാരം, സൗന്ദര്യം, ബഹുമാനം, ആകർഷണം എന്നിവയെല്ലാം വെളുത്ത നിറത്തോട് ചേർത്തുനോക്കുന്ന ചിന്ത അന്നുമുതലാണ് സമൂഹത്തിൽ‌ രൂപപ്പെട്ടത്. ഇന്നും അതൊന്നും പൂർണമായും മാറിയിട്ടില്ല.

എന്നെ പലപ്പോഴും ഡസ്കി ബ്യൂട്ടി എന്ന് വിളിക്കാറുണ്ട്. ആ വിശേഷണത്തിൽ വ്യക്തിപരമായ പ്രശ്നങ്ങളില്ലെങ്കിലും അതിന് പിന്നിലുള്ള താരതമ്യമാണ് പ്രശ്നം. ഡസ്കി എന്ന വാക്ക് ഉപയോഗിക്കുമ്പോൾ‌ അടിസ്ഥാനപരമായി അതൊരു സ്കിൻ ടോണിനെ സൂചിപ്പിക്കുന്നു. പക്ഷേ, ചർമത്തിന്‍റെ നിറമല്ല ഒരു മനുഷ്യനെ നിർവചിക്കുന്നത്. തൊലിക്കുള്ളിൽ എല്ലാവരും ഒരേപോലെയാണ്. സൗന്ദര്യം, ആകർഷണം, ശക്തി, ബഹുമാനം എന്നിവയെല്ലാം വെളുത്ത നിറത്തോട് മാത്രം ചേർത്തുനോക്കുന്ന കാഴ്ചപാട് മാറേണ്ട സമയം കഴിഞ്ഞു", ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

അടുത്ത കാലത്ത് തമിഴ് സിനിമയിൽ നായികമാരുടെ തെരഞ്ഞടെുപ്പുമായി ബന്ധപ്പെട്ട് വലിയ വിവാദം ഉയർന്നിരുന്നു. ഇരുണ്ട നിറമുള്ള കഥാപാത്രങ്ങൾ‌ക്ക് പോലും വെളുത്ത നിറമുള്ള നടിമാരെ ടാൻ ചെയ്ത് അവതരിപ്പിക്കുന്ന പ്രവണതയെ വിമർശിച്ച് അഭിനേതാക്കളും സിനിമാ പ്രവർത്തകരുമടക്കം നിരവധി പേർ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നടിയുടെ പ്രതികരണം.

logo
Metro Vaartha
www.metrovaartha.com