

അഖിൽ എൻആർഡി
ഇൻസ്റ്റഗ്രാം താരം അഖിൽ എൻആർഡിയുടെ ജീവിതത്തിലുണ്ടായ പ്രതിസന്ധി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ തന്‍റെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളിൽ പരോക്ഷ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അഖിൽ എൻആർഡി. ജീവിതത്തിലെ പ്രശ്നങ്ങളെ എങ്ങനെയാണ് ഇത്ര സിംപിളായി കൈകാര്യം ചെയ്യുന്നത് എന്നാണ് തന്‍റെ പുതിയ റീലിലൂടെ അഖിൽ പറയുന്നത്. വലിയൊരു പ്രശ്നത്തെ അതിജീവിച്ചാൽ പിന്നീട് ഒന്നിനും നമ്മെ തകർക്കാനാവില്ല എന്നാണ് അഖിൽ പറയുന്നത്.
"ജിവിതത്തിൽ എല്ലാം നഷ്ടപ്പെട്ടു എന്ന തോന്നലുണ്ടായിട്ടുണ്ടോ? ഇല്ലെങ്കിൽ ഒരുവട്ടമെങ്കിലും അതൊന്ന് അനുഭവിക്കണം. നമ്മൾ നേരെ വീഴുന്നത് ഒരു വലിയ കുഴിയിലായിരിക്കും. ഇരുട്ട് നിറഞ്ഞ കുഴി. ആ കുഴിക്ക് പുറത്തുനിന്ന് ഒരുപാടുപേർ നമ്മളോട് സംസാരിക്കാൻ ശ്രമിക്കും. നമുക്കൊന്നും കേൾക്കാൻ പറ്റില്ല. അവരോട് സംസാരിക്കാനും പറ്റില്ല. നമ്മൾ ഏതൊരു നിമിഷത്തിലാണോ തോറ്റുപോയി എന്ന് വിചാരിക്കുന്നത് അപ്പോൾ എവിടെന്നോ ഒരു സൂര്യപ്രാശം കിട്ടും. നമ്മൾ അവിടെ നിന്ന് എഴുന്നേറ്റ് നടക്കും. വീണുപോകുമെങ്കിലും വീണ്ടും നടക്കണം. അവസാനം നമ്മൾ ആ കുഴിയിൽ നിന്ന് പുറത്തുവരും. ഒരിക്കൽ പുറത്തെത്തിക്കഴിഞ്ഞാൽ ലോകത്തിൽ ഒന്നിനും നിങ്ങളെ തോൽപ്പിക്കാനാവില്ല. അതാണ് ജീവിതം."- അഖിൽ വിഡിയോയിൽ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. ഇത് വെറും റീൽ അല്ലെന്നും അഖിലിന്‍റെ ജിവിതം തന്നെയാണ് എന്നുമാണ് കമന്‍റുകൾ. പ്രശ്നങ്ങളിൽ തകർന്നുപോകാതെ ശക്തമായി മുന്നോട്ടുപോകുന്ന അഖിലിനെ പ്രശംസിക്കുന്നവരും നിരവധിയാണ്. സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്സുള്ള ആളാണ് അഖിൽ. കുറച്ചുനാളുകൾക്ക് മുൻപാണ് അഖിലിന്‍റെ ഭാര്യ മേഘ ബന്ധം ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയത്. എന്നാൾ ഇതേക്കുറിച്ച് പ്രതികരിക്കാൻ അഖിൽ ഇതുവരെ തയാറായിട്ടില്ല.