ചലച്ചിത്ര മേളയിൽ കേന്ദ്രാനുമതി നിഷേധിച്ച 19 ചിത്രങ്ങളും പ്രദർശിപ്പിക്കും; കേരളം വഴങ്ങില്ലെന്ന് മുഖ്യമന്ത്രി

ആസ്വാദകരുടെ അവകാശം നിഷേധിക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ
All 19 films denied central approval will be screened at the film festival

ചലച്ചിത്ര മേളയിൽ കേന്ദ്രാനുമതി നിഷേധിച്ച 19 ചിത്രങ്ങളും പ്രദർശിപ്പിക്കും; കേരളം വഴങ്ങില്ലെന്ന് മുഖ്യമന്ത്രി

Updated on

തിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്കെ) പ്രദർശിപ്പിക്കേണ്ടിയിരുന്ന ചില സിനിമകൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി അംഗീകരിക്കാനാവില്ലെന്നും അവയെല്ലാം മേളയിൽ പ്രദർശിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

രാജ്യത്ത് ഭിന്ന സ്വരങ്ങളെയും വൈവിധ്യമാർന്ന സർഗാവിഷ്കാരങ്ങളെയും അടിച്ചമർത്തുന്ന സംഘപരിവാർ ഭരണകൂടത്തിന്‍റെ ഏകാധിപത്യ വാഴ്ചയുടെ നേർക്കാഴ്ചയാണ് ചലച്ചിത്ര മേളയിലുണ്ടായിരിക്കുന്ന സെൻസർഷിപ്പ്. ഇത്തരത്തിലുള്ള കത്രിക വയ്ക്കലുകൾക്ക് പ്രബുദ്ധ കേരളം വഴങ്ങില്ലെന്ന് അദ്ദേഹം ഫെയ്സ് ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

രാജ്യാന്തര ചലച്ചിത്ര മേളയിൽ മുന്‍നിശ്ചയിച്ച പ്രകാരം മുഴുവന്‍ ചിത്രങ്ങളും മുടക്കമില്ലാതെ പ്രദര്‍ശിപ്പിക്കണമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിക്കു നിര്‍ദേശം നല്‍കി. 19 സിനിമകളുടെ പ്രദർശനത്തിന് കേന്ദ്ര വാര്‍ത്താ വിതരണ- പ്രക്ഷേപണ മന്ത്രാലയം അനുമതി നല്‍കാതിരുന്നത് രാഷ്‌ട്രീയ വിവാദമായിരുന്നു.

കേരളത്തിന്‍റെ പുരോഗമനപരമായ കലാ സാംസ്‌കാരിക പാരമ്പര്യത്തിനു നേരെയുള്ള ജനാധിപത്യ വിരുദ്ധ സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്‍റേതെന്ന് മന്ത്രി വിമര്‍ശിച്ചു. മേളയുടെ പാരമ്പര്യത്തെയും പുരോഗമന സ്വഭാവത്തെയും തകര്‍ക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനത്തെ അംഗീകരിക്കാന്‍ കഴിയില്ല. കലാവിഷ്‌കാരങ്ങള്‍ക്കു നേരെയുള്ള കടന്നാക്രമണങ്ങള്‍ക്കെതിരേയുള്ള നിലപാട് ശക്തമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

കേന്ദ്രാനുമതി നിഷേധിച്ച 19 ചിത്രങ്ങളും ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതും സിനിമാ ആസ്വാദകര്‍ നല്ല രീതിയില്‍ സ്വീകരിച്ചതുമാണ്. ഫെസ്റ്റിവല്‍ ഷെഡ്യൂളിലും ബുക്കിലും ഇവ പ്രസിദ്ധീകരിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ സിനിമകള്‍ കാണാനുള്ള മേളയില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ അവകാശം നിഷേധിക്കാനാവില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സിനിമകളുടെ പ്രദര്‍ശനത്തിന് അനുമതി നിഷേധിച്ചതിനെതിരേ ഇടതു മുന്നണി യോഗം പ്രമേയം പാസാക്കിയിരുന്നു. പലസ്തീന്‍ പ്രമേയമാക്കിയ നാലു സിനിമകള്‍ ഉള്‍പ്പെടെ 19 സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും തടയിടുകയാണെന്നും ഈ നിലപാടില്‍നിന്നു കേന്ദ്രം പിന്മാറണമെന്നും എല്‍ഡിഎഫ് പ്രമേയത്തില്‍ പറയുന്നു.

സിനിമകൾ കേന്ദ്രാനുമതി ഇല്ലാതെ തന്നെ പ്രദർശിപ്പിക്കണമെന്ന് ഒരു വിഭാഗം ചലച്ചിത്ര പ്രവർത്തകരും ആസ്വാദകരും മേള നടത്തുന്ന സ്ഥലത്ത് പരസ്യമായി ആവശ്യപ്പെട്ടിരുന്നു. കേന്ദ്രത്തിനെതിരേ വലിയ പ്രതിഷേധവും നടത്തി. തുടർന്നാണ് സിനിമകൾ പ്രദർശിപ്പിക്കാൻ സർക്കാർ നിർദേശം നൽകിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com