ഫീസ് പോലും തന്നില്ല, എന്നിട്ടും ഞാൻ പഠിപ്പിച്ചു, പക്ഷേ...; നവ്യ നായർക്കും കുടുംബത്തിനുമെതിരേ അധ്യാപകൻ

നവ്യയെ മോഹിനിയാട്ടം പഠിപ്പിച്ച അധ്യാപകനാണ് ആലപ്പി സുദർശനൻ
alleppey sudarsan opens up about how navya nair and her father avoid him

നവ്യ നായർ | ആലപ്പി സുദർശനൻ

Updated on: 

നടി നവ്യ നായർക്കും അച്ഛനുമെതിരേ വിമർശനവുമായി സ്റ്റേജ് ആർട്ടിസ്റ്റ് ആലപ്പി സുദർശൻ. കുട്ടിക്കാലത്ത് നവ്യയെ മോണോ ആക്റ്റ് പഠിപ്പിച്ചത് താനാണെന്നും എന്നാൽ അവർ തന്നെ അവഗണിച്ചെന്നുമാണ് സുദർശനൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

"നവ്യ നായർ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് മോണോ ആക്റ്റ് പഠിപ്പിച്ചത്. ധന്യ എന്നായിരുന്നു അന്ന് പേര്. ധന്യയ്ക്ക് കഴിവുണ്ടെന്ന് ഡാൻസ് പഠിപ്പിച്ചയാൾ കണ്ടെത്തി. എന്നെ വിളിച്ചു ഇങ്ങനെയൊരു കുട്ടിയുണ്ട്, അവളെ മോണോ ആക്റ്റ് പഠിപ്പിക്കണം, പക്ഷെ ഫീസൊന്നും അവളുടെ കൈയിൽ ഉണ്ടാവില്ലെന്ന് പറഞ്ഞു. എന്തെങ്കിലും തരും. അവൾ രക്ഷപ്പെടുകയാണെങ്കിൽ നിങ്ങൾക്കും രക്ഷപ്പെടാമല്ലോ എന്ന് പറഞ്ഞു.

ഈ കുട്ടിയെ ഞാൻ ആദ്യം പഠിപ്പിച്ച ഐറ്റം കുന്തിയും കർണനുമാണ്. മത്സരത്തിൽ നവ്യക്കായിരുന്നു ഫസ്റ്റ്. പിന്നെ നവ്യ വളർന്നു. ആദ്യ സിനിമ ഇഷ്ടത്തിന്‍റെ ഷൂട്ടിങ്ങിന് പോകുമ്പോൾ എന്‍റെയടുത്ത് വന്നു. അനു​ഗ്രഹം വാങ്ങിച്ച് സന്തോഷത്തോടെ പോയി. നന്ദനത്തിന്‍റെ ലൊക്കേഷനിൽ പോയി ഞാൻ അടുത്ത ഐറ്റം പഠിപ്പിച്ചു. അതിനായിരുന്നു സ്റ്റേറ്റിൽ ഫസ്റ്റ് കിട്ടിയത്.

എനിക്കൊരു ഡ്രസ് എടുത്തു തരണമെന്ന് ഞാനന്ന് അവരോട് പറഞ്ഞു. വഴിയിൽ നിന്ന് നൂറ് രൂപയ്ക്കു ഡ്രസ് കിട്ടുന്ന കാലമാണ്. പക്ഷേ, അവരെന്നോട് പൈസ ഇല്ലെന്നാണ് പറഞ്ഞത്. നന്ദനത്തിന്‍റെ ലൊക്കേഷനിൽ ചെന്നാണ് ഞാൻ പഠിപ്പിക്കുന്നത്.

പിന്നീടൊരിക്കലൊരു ലോഡ്ജിന്‍റെ പേര് പറഞ്ഞു. അവിടെ വന്ന് പഠിപ്പിക്കാൻ പറഞ്ഞു. അന്ന് അവിടെചെന്ന് ഞാൻ റിസപ്ഷനിൽ കാത്തിരുന്നു. ഏറെ നേരമായിട്ടും വന്നില്ല. ഞാൻ കാത്തിരിക്കുകയാണെന്ന് അറിയിച്ചു. സാറിനൊരു റൂം കൊടുക്കാൻ പോലും അവർ പറഞ്ഞില്ല. ഏറെ നേരം കാത്തിരുന്നു, രാത്രിയായി.

രാവിലെ വന്ന എനിക്ക് അവർ റൂം തരുന്നത് രാത്രി 9 മണിക്കാണ്. നവ്യ ഡാൻസ് പഠിക്കുകയാണ് വെയ്സ്റ്റ് ചെയ്യാൻ പറഞ്ഞു. പിന്നെയും ഏറെ സമയം കഴിഞ്ഞു. ഞാൻ റൂമിലേക്ക് ചെയ്യുമ്പോൾ അവർ ഭക്ഷണം കഴിച്ച് വിശ്രമിക്കുകയാണ്. സാർ ഭക്ഷണം കഴിച്ചോ എന്നോ എപ്പോ വന്നു എന്നോ പോലും ആരും ചോദിച്ചില്ല.

അന്ന് ഞാൻ പട്ടിണി കിടന്നു. രാവിലെ ഞാനെത്തിയപ്പോഴേക്കും നവ്യ പോയിരുന്നു. അന്നത്തെ മത്സരത്തിലും നവ്യയ്ക്ക് ഫസ്റ്റ് കിട്ടി. പത്രക്കാർ എന്നോടൊപ്പമുള്ള ഒരു ഫോട്ടോ ചോദിച്ചപ്പോൾ അതിന്‍റെ ആവശ്യമില്ലെന്നാണ് അന്ന് നവ്യയുടെ അച്ഛൻ പറഞ്ഞത്. എന്നിട്ട് വണ്ടിക്കൂലിക്ക് 500 രൂപ തന്ന് അദ്ദേഹം എന്നെ പറഞ്ഞുവിട്ടു. എനിക്ക് വളരെ വിഷമമുണ്ടാക്കിയ കാര്യമാണത്" ആലപ്പി സുദർശനൻ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com