

ഉഷ ഹസീന
താരസംഘടന അമ്മയിലെ പ്രശ്നങ്ങളിൽ പ്രതികരണവുമായെത്തിയ പ്രസിഡന്റ് ശ്വേത മേനോനെതിരേ ഉഷ ഹസീന രംഗത്ത്. ഝാൻസി റാണി ചമയാതെ അടർക്കളത്തിലെ അഭിമന്യു എന്നു പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്.
കുറ്റാരോപിതരായവരും അല്ലാത്തവരുമായ ആരും തന്നെ തലപ്പത്ത് വരണമെന്ന് ഇവിടെ ആരും ആവശ്യപ്പെട്ടിട്ടില്ല. നിങ്ങൾ തലപ്പത്ത് നിന്ന് ഇറങ്ങി പോകണം എന്ന് മാത്രമേ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളൂവെന്ന് ഉഷ ഫെയ്സ് ബുക്കിൽ കുറിച്ചു.
താൻ പവർഗ്രൂപ്പിനെതിരേയാണ് പോരാടുന്നതെന്നും ആരോപണ വിധേയരെ അമ്മയുടെ തലപ്പത്തെത്താൻ അനുവദിക്കില്ലെന്നും പ്രതികരിച്ച് ശ്വേത മേനോൻ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഉഷയും ശ്വേതക്കെതിരേ പോസ്റ്റുമായി എത്തിയത്.
ഫെയ്സ് ബുക്ക് പോസ്റ്റ്...
ഝാൻസി റാണി ചമയാതെ അടർക്കള ത്തിലെ അഭിമന്യു ......
"ഞാൻ ഉള്ളപ്പോൾ കുറ്റാരോപിതരാരും അമ്മയുടെ തലപ്പത്ത് വരില്ല" എന്നുള്ള അഭിമന്യുവിന്റെ പ്രസ്താവന കണ്ടു. തലപ്പത്ത് വരണമെന്ന് ഇവിടെ ആരും ആവശ്യപ്പെട്ടിട്ടില്ല. കുറ്റാരോപിതരായവരും അല്ലാത്തവരുമായ ആരും തന്നെ.
നിങ്ങൾ തലപ്പത്ത് നിന്ന് ഇറങ്ങി പോകണം എന്ന് മാത്രമേ ഞങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളൂ. നിങ്ങൾ അവതരിപ്പിച്ച(കള്ള) കണക്കും റിപ്പോർട്ടും സംഘടനയിലെ അംഗങ്ങൾക്ക് സ്വീകാര്യമല്ലാതെ വന്നപ്പോൾ, നിവൃത്തിയില്ലാതെ നിങ്ങൾക്ക് രാജിവെച്ച് ഇറങ്ങേണ്ടി വന്നു . അതാണ് സത്യം . ആ സത്യത്തെ എത്ര കള്ളം കൊണ്ട് മൂടി വെച്ചാലും ഞങ്ങൾ അംഗങ്ങൾക്ക് അതറിയാം. അഭിമന്യു എന്തിനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്? കോടതിയെ തെറ്റിദ്ധരിപ്പിച്ചത്??? ഇരുപത്തിയേഴാം തീയതി ഞങ്ങൾ തിരുത്തി കൊള്ളാം.
അമ്മയുടെ തലപ്പത്ത് വരേണ്ടത് ആരാണെന്നൊക്കെ തീരുമാനിക്കാൻ ഇവിടെ അംഗങ്ങൾക്കറിയാം. കുറ്റാരോപിതരായ അംഗങ്ങൾ ആരും തന്നെ തലപ്പത്ത് വരണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ല.പിന്നെ നിങ്ങൾ എന്തിനാണ് അതോർത്ത് വേവലാതിപ്പെടുന്നത്. പിന്നെ ഇവിടെ ഇപ്പോൾ ഏറ്റവും കൂടുതൽ കുറ്റാരോപിതയായ ഒരു വ്യക്തി നിങ്ങൾ തന്നെയാണ്. അമ്മയുടെ ഫണ്ടിൽ തിരി മറി നടത്തി എന്ന ശക്തമായ ആരോപണമാണ് നിങ്ങൾക്കെതിരെ ഉള്ളത്.
അപ്പോൾ പിന്നെ അമ്മയുടെ തലപ്പത്തിരിക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത്? ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ ശ്രമിക്കല്ലേ അഭിമന്യു ... എത്രകാലം ഇങ്ങനെ കള്ളം പറഞ്ഞ് മാത്രം നിലനിൽക്കാൻ സാധിക്കും?. ഒരുപാട് കാലമൊന്നും ജനങ്ങളെ പറ്റിക്കാൻ കഴിയില്ല. അതോർക്കുന്നത് നന്ന്. ഒരുപാട് അങ്ങ് നെഗളിക്കല്ലേ അടർകളത്തിലെ അഭിമന്യു...