മാധ്യമപ്രവർത്തകന്‍റെ ‘വിചിത്ര’ ചോദ്യത്തിന് അനശ്വര രാജന്‍റെ ചിരി; വീഡിയോ വൈറൽ|Video

നടിയുടെ അഭിനയത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യമാണ് അനശ്വരയെ പൊട്ടിച്ചിരിപ്പിച്ചത്
Anaswara Rajan

അനശ്വര രാജൻ

Updated on

തെലുങ്ക് ചിത്രം ‘ഇറ്റ്ലു അർജുന’യുടെ പ്രീ-റിലീസ് പരിപാടിക്കിടെ നടി അനശ്വര രാജന്‍റെ ചിരി സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. നടിയുടെ അഭിനയത്തെക്കുറിച്ച് മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യമാണ് അനശ്വരയെ പൊട്ടിച്ചിരിപ്പിച്ചത്.

മലയാള സിനിമയായ ‘ഉദാഹരണം സുജാത’യിലൂടെ അരങ്ങേറ്റം കുറിച്ച താരമാണ് അനശ്വര രാജൻ. തെലുങ്ക് റൊമാന്‍റിക് ഡ്രാമയായ ‘ഇറ്റ്ലു അർജുന’ ആണ് താരത്തിന്‍റെ പുതിയ ചിത്രം. റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്‍റെ ടീസർ ഞായറാഴ്ച പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിലാണ് സംഭവം.

''ഒരു നടിയെന്ന നിലയിൽ നിങ്ങളുടെ ഹിസ്ട്രിയോണിക്സിനെക്കുറിച്ച് (അമിതമായ ഭാവപ്രകടനം) എന്താണ് പറയാനുള്ളത്?'' എന്നായിരുന്നു മാധ്യമപ്രവർത്തകന്‍റെ ചോദ്യം. ചോദ്യം കേട്ട അനശ്വര അമ്പരന്നതിന് പിന്നാലെ പൊട്ടിച്ചിരിക്കുകയായിരുന്നു. സഹതാരമായ സായ് അനീഷും ഒപ്പം ചിരിച്ചിരുന്നു. നിറഞ്ഞ കൈയടിയോടെയാണ് സദസ് അനശ്വരയുടെ പ്രതികരണത്തെ സ്വീകരിച്ചത്.

വീഡിയോ എക്സിൽ പ്രചരിച്ചതോടെ നിരവധി പേരാണ് അനശ്വരയുടെ സ്വാഭാവിക പ്രതികരണത്തെക്കുറിച്ച് അഭിപ്രായം പങ്കുവച്ചത്. നിസാരമായ ചോദ്യത്തോടുള്ള അനശ്വരയുടെ പ്രതികരണം ശരിയായിരുന്നുവെന്ന തരത്തിലായിരുന്നു പലരുടെയും പ്രതികരണം. നിരവധി പേർ ചിരിക്കുന്ന ഇമോജികളും പങ്കുവച്ചു.

അടുത്തിടെ ‘സൂപ്പർ ശരണ്യ’യിലെ സഹതാരമായ മമിത ബൈജുവിനെക്കുറിച്ചും അനശ്വരയോട് ചോദിച്ചിരുന്നു. ഈ വർഷം മൂന്ന് 200 കോടി ക്ലബ് ചിത്രങ്ങളിൽ മമിത ഭാഗമായതിൽ സന്തോഷമുണ്ടെന്നും മികച്ച ടീമിനൊപ്പമാണ് അവർ പ്രവർത്തിച്ചതെന്നും അനശ്വര പറഞ്ഞിരുന്നു. ഇരുവരും പരസ്പരം പിന്തുണയ്ക്കുന്നവരാണെന്നും അനശ്വര വ്യക്തമാക്കിയിരുന്നു.

‘ഇറ്റ്ലു അർജുന്’ പുറമെ ‘കാക്ക’യിലും അനശ്വര രാജൻ അഭിനയിക്കുന്നുണ്ട്. ചിരഞ്ജീവിയാണ് ചിത്രത്തിൽ അനശ്വരയുടെ പിതാവായി എത്തുന്നത്. 2027 ജനുവരി 13ന് ചിത്രം തിയെറ്ററുകളിലെത്തും.

logo
Metro Vaartha
www.metrovaartha.com