

അൻസിബ ഹസ്സൻ.
File
കൊച്ചി: അശ്ലീലം നിറഞ്ഞ വ്യാജ വിഡിയോ നിർമിച്ച് പ്രചരിപ്പിച്ചുവെന്നാരോപിച്ച് ശ്വേതാ മേനോൻ ലക്ഷ്മിപ്രിയ എന്നിവർക്കെതിരേ പൊലീസിൽ പരാതി നൽകി നടി അൻസിബ ഹസൻ. തനിക്കെതിരേ അപകീർത്തികരവും അസത്യവുമായ കാര്യങ്ങൾ പറഞ്ഞു പരത്താൻ ബോധപൂർവം ശ്രമം നടക്കുന്നതായും അൻസിബ ആരോപിച്ചിട്ടുണ്ട്. കാൻ ചാനൽ മീഡിയ എന്നിയ പേജിലൂടെ വിഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി. മീഡിയ ഉടമ സുകുമാരനെതിരേയു പരാതി നൽകിയിട്ടുണ്ട്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്.
അൻസിബയോടൊപ്പം ആ മുറിയിൽ ഉണ്ടായിരുന്നത് ആര്? സഹോദരനോ കാമുകനോ? അൻസിബ മദ്യപാനി, ബില്ല് കൊടുത്തത് ഞാൻ, വെല്ലുവിളിക്കുന്നു, അൻസിബ കേസ് കൊടുക്കട്ടെ, ഗുരുതര ആരോപണങ്ങളുമായി ലക്ഷ്മിപ്രിയ എന്ന കുറിപ്പോടു കൂടിയാണ് കാൻ ചാനൽ മീഡിയ വിഡിയോ പങ്കു വച്ചിരിക്കുന്നതെന്നും അൻസിബ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അമ്മ സംഘടനയിലെ മുൻ പ്രസിഡന്‍റായിരുന്ന ലക്ഷ്മിപ്രിയ ഉൾപ്പെടെയുള്ള ഭാരവാഹികൾ രാജി വയ്ക്കേണ്ടതായി വന്നിരുന്നുവെന്നും അതിലുള്ള വ്യക്തിവൈരാഗ്യമാണ് വ്യാഡ വിഡിയോക്കു പിന്നിലെന്നും അൻസിബ ആരോപിക്കുന്നു.ശ്വേതാ മേനോനൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയാണ് വ്യക്തി ഹത്യ ചെയ്യാനും സ്ത്രീത്വത്തെ അധിക്ഷേപിക്കുന്നതിനുമായി ഇല്ലാത്ത കാര്യങ്ങൾ കെട്ടിച്ചമച്ച് പ്രചരിപ്പിക്കുന്നതെന്ന് താൻ വിശ്വസിക്കുന്നുവെന്നും അൻസിബയുടെ പരാതിയിലുണ്ട്.
തിരുവനന്തപുരത്തുള്ള സോഷ്യൽമീഡിയ പിആർ ഏജൻസിയുമായി ചേർന്ന് വ്യാജകാര്യങ്ങറൾ പ്രചരിപ്പിക്കാൻ ശ്വേതാ മേനോൻ നിയമവിരുദ്ധമായ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കേൾക്കുന്നുവെന്നും അതിൽ അന്വേഷണം വേണമെന്നും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.
വേട്ടയാടലുകൾക്ക് അവസാനമില്ലെന്ന് അറിയാം പൊരുതാൻ തന്നെയാണ് തീരുമാനം എന്ന കുറിപ്പോടെ സമൂഹമാധ്യമങ്ങളിലൂടെ അൻസിബ പരാതി നൽകിയ കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്. ജീവൻ തന്നെ അപകടത്തിലാണെന്ന് അറിഞ്ഞിട്ടും പൊരുതാൻ തീരുമാനിച്ചത് ഒടുവിലത്തെ ആശ്രയം ഈ രാജ്യത്തെ നിയമം മാത്രമായതു കൊണ്ടാണെന്നും അൻസിബ കുറിച്ചിട്ടുണ്ട്.