

അനുരാഗ് കശ്യപ്
ബ്രാഹ്മണ സമുദായത്തിനെതിരായ അധിക്ഷേപ പരാമർശ കേസിൽ സംവിധായകൻ അനുരാഗ് കശ്യപിന് അറസ്റ്റ് വാറന്റ്. ഗുജറാത്തിലെ സൂറത്ത് കോടതിയാണ് അനുരാഗിനെതിരേ വാറന്റ് പുറപ്പെടുവിച്ചത്. കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ഡിസംബർ 24-ലേക്ക് മാറ്റി.
ഭാരതീയ ന്യായ സംഹിതയിലെ 192, 352, 352(2) എന്നീ വകുപ്പുകൾ പ്രകാരം കശ്യപിനെതിരെ കേസെടുക്കാൻ കഴിഞ്ഞ മേയിൽ കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് പത്രത്തിൽ പരസ്യം നൽകിയതുൾപ്പെടെ പലതവണ സമൻസ് അയച്ചിട്ടും അനുരാഗ് കശ്യപ് കോടതിയിൽ ഹാജരാകാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.
2025 ഏപ്രിൽ മാസത്തിൽ അനുരാഗ് കശ്യപ് എക്സിൽ പങ്കുവെച്ച പോസ്റ്റാണ് പരാതിക്കാധാരം. സാമൂഹികമാധ്യമത്തിൽ ഒരാളുമായി ഉണ്ടായ വാദപ്രതിവാദത്തിനിടയിലാണ്, ബ്രാഹ്മണസമുദായത്തെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയത്.
സാമൂഹിക പരിഷ്കർത്താക്കളായ ജ്യോതിറാവു ഫൂലെ, സാവിത്രിഭായി ഫൂലെ എന്നിവരുടെ ജീവിതകഥ പറയുന്ന ആനന്ദ് മഹാദേവൻ ചിത്രം ഫൂലെയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുമ്പോഴായിരുന്നു അനുരാഗ് വിവാദപരാമർശം നടത്തിയത്. ബ്രാഹ്മണരുടെ മേൽ മൂത്രമൊഴിക്കുമെന്നായിരുന്നു അനുരാഗ് കശ്യപിന്റെ പ്രതികരണം.
സംഭവം വിവാദമായതിനെ തുടർന്ന് സോഷ്യൽ മീഡിയയിലൂടെ അനുരാഗ് ക്ഷമാപണം നടത്തിയിരുന്നു. ദേഷ്യത്തിൽ സംസാരിച്ചപ്പോൾ അതിരു കടന്നുപോയെന്നും ബ്രാഹ്മണസമുദായത്തോടും സുഹൃത്തുക്കളോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നുവെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.