
'അരിക്കൊമ്പൻ' സിനിമ ശ്രീലങ്കയിലെ സിഗിരിയയിൽ ചിത്രീകരിക്കുമെന്ന് അണിയറ പ്രവർത്തകർ. ഒക്റ്റോബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
ടൈറ്റിൽ അനൗൺസ്മെന്‍റ് മുതലേ അരിക്കൊമ്പനു വേണ്ടി കാത്തിരിക്കുകയാണ് സിനിമാപ്രേമികളും ആനപ്രേമികളും. കുഞ്ഞായിരിക്കുമ്പോഴേ അമ്മയെ നഷ്ടപ്പെട്ട കൊമ്പന്‍റെ കഥയാണ് സിനിമയിലൂടെ പറയുന്നത്. താരനിർണയം പുരോഗമിക്കുകയാണ്.
ചിത്രത്തിന്‍റെ പ്രീ-പ്രൊഡക്ഷൻ ജോലികളും ആരംഭിച്ചു. എല്ലാവർക്കും അറിയാവുന്നൊരു സംഭവത്തെ സിനിമയാക്കി മാറ്റുമ്പോൾ അതു പ്രേക്ഷകർക്കിടയിൽ ഉണ്ടാക്കുന്ന ഒരു പ്രഭാവമുണ്ട്. അതിനു വേണ്ടിയുള്ള പണിപ്പുരയിലാണ് തങ്ങളെന്ന് സംവിധായകൻ സാജിദ് യാഹിയ പറയുന്നു. 2018 പോലുള്ളൊരു സിനിമയ്ക്ക് കിട്ടിയ സ്വീകാര്യത ആത്മവിശ്വാസം നൽകുന്നതാണെന്നും സംവിധായകൻ പറയുന്നു.
അരിക്കൊമ്പനു പുറമേ മറ്റു കുറച്ചാനകളുടെ കഥയും സിനിമയുടെ ഭാഗമായി ചിത്രീകരിക്കുന്നുണ്ട്. ആ ജോലികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഒരു പൂർണമായ അർഥത്തിലുള്ള ഒരു സിനിമയായി തന്നെയായിരിക്കും 'അരിക്കൊമ്പൻ' എത്തുകയെന്നും സംവിധായകൻ ഉറപ്പു നൽകുന്നു. സിനിമയുടെ ഒരു ഭാഗം ഇപ്പോൾ ചിത്രീകരിക്കാൻ പദ്ധതിയുണ്ട്. അത് അടുത്ത മാസത്തോടെ ആരംഭിച്ചേക്കും. ഇടുക്കിയിലെ ചിന്നക്കനാലിലും കുറച്ചു ഭാഗങ്ങൾ ചിത്രീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ബാദുഷാ സിനിമാസിന്‍റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്‍റെയും ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്‍റെ കഥ ഒരുക്കുന്നത് സുഹൈൽ എം കോയയാണ്. എൻ. എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ, മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ പി എന്നിവരാണ് ചിത്രത്തിന്‍റെ നിർമ്മാണം.
ഷാരോൺ ശ്രീനിവാസ്, പ്രിയദർശിനി,അമൽ മനോജ്, പ്രകാശ് അലക്സ് , വിമൽ നാസർ, നിഹാൽ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിൻ എന്നിവരാണ് അണിയറപ്രവർത്തകർ. പി ആർ ഓ പ്രതീഷ് ശേഖർ.