

ആര്യ
ബഡായ് ബംഗ്ലാവ് എന്ന ടെലിവിഷൻ ഷോയിലൂടെ മലയാളികളുടെ ശ്രദ്ധനേടിയ താരമാണ് ആര്യ. ഇപ്പോൾ നടി, അവതാരക, കണ്ടന്‍റ് ക്രിയേറ്റർ, സംരംഭക എന്നീ നിലകളിൽ ശ്രദ്ധേയയാണ് താരം. ബിഗ് ബോസ് മലയാളം സീസൺ 2ൽ മത്സരാർഥിയായി തിരിച്ചെത്തിയ ശേഷം തന്‍റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ആര്യ. റിയാലിറ്റി ഷോയിൽ വച്ച് താൻ പ്രണയത്തിലാണെന്ന് ആര്യ തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഷോയിൽ നിന്ന് പുറത്തുവന്ന തന്നെ കാത്തിരുന്നത് ഏറ്റവും വലിയ വിശ്വാസ വഞ്ചനയും ട്രോമയുമാണ് എന്നാണ് താരം വെളിപ്പെടുത്തുന്നത്.
ഷോ കഴിഞ്ഞ് തിരിച്ചുവരുമ്പോൾ ഏറ്റവും വലിയ പിന്തുണയുമായി കൂടെയുണ്ടാകുമെന്ന് ഉറച്ചു വിശ്വസിച്ച പങ്കാളി തന്നെ ഇട്ടിട്ടു പോയി. അത് തനിക്കു താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരുന്നു. അത്രയും ഇൻവോൾവ്ഡ് ആയി ഇമോഷനലി ഇൻവെസ്റ്റ് ചെയ്ത ഒരു ബന്ധത്തിൽ നിന്ന് വളരെ ഹാപ്പി ആയി ഷോയിലേക്ക് പറഞ്ഞുവിട്ടിട്ട് തിരിച്ചുവരുമ്പോൾ ആ ആളില്ല എന്ന് പറയുന്നത് ഒരു വലിയ ട്രോമയാണ്. തന്നെ വിട്ട് പോകരുത് എന്ന് പറഞ്ഞ് അയാളോട് കരഞ്ഞു കാലുപിടിച്ച് യാചിക്കേണ്ടി വന്നെന്നുമാണ് ആര്യ പറയുന്നത്.
മറ്റൊരു ബന്ധത്തിലാണെന്ന് അയാൾ സമ്മതിച്ചിരുന്നില്ല. എന്നാൽ മൂന്നു വർഷമായി ഒരാൾ പെരുമാറിയിരുന്ന പാറ്റേൺ മാറി വേറെ രീതിയിൽ പെരുമാറുമ്പോൾ എനിക്ക് മനസിലാകുമല്ലോ. ഒരു വർഷത്തോളം ഞാൻ ക്ലാരിറ്റിക്ക് വേണ്ടി അലഞ്ഞു. ഒരു വശത്ത് ഇയാൾ എനിക്ക് ചെറിയ പ്രതീക്ഷകൾ തന്നുകൊണ്ടിരുന്നു. പക്ഷേ പിന്നിൽ നിന്ന് അയാൾ എന്നെ ചതിക്കുകയായിരുന്നു. എന്നെ മാനിപ്പുലേറ്റ് ചെയ്യിച്ച് ഞാനായിട്ട് സ്വയം പിൻമാറണം എന്നാണ് അയാൾ ആഗ്രഹിച്ചത്.
സ്നേഹത്തിനു വേണ്ടി നമ്മൾ യാചിക്കരുത് എന്ന് എല്ലാവരും പറയും. എന്നാൽ ഞാൻ നന്നായി ഇരന്നിട്ടുണ്ട്. കാലു പിടിച്ചു വരെ യാചിച്ചിട്ടുണ്ട്. എന്നെ കളഞ്ഞിട്ട് പോകരുത് എന്ന്. എനിക്ക് ഒരുപാട് ഭയങ്ങൾ ഉണ്ടായിരുന്നു. വിവാഹമോചനത്തിലൂടെ കടന്നുപോയ ഒരു സിംഗിൾ മദറാണ്. ടെലിവിഷൻ ഷോയിൽ റിലേഷൻഷിപ്പിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. കാരണം ഷോ കഴിഞ്ഞ് തിരിച്ചു ചെന്നാൽ വിവാഹം എന്നതായിരുന്നു കണക്കുകൂട്ടൽ. അത് തകർന്നു. മാത്രമല്ല പുറത്തിറങ്ങിയപ്പോൾ ആളുകൾ എന്നെക്കുറിച്ച് മോശമായി സംസാരിക്കുന്നുണ്ടായിരുന്നു. അതിനൊപ്പം ഇതുകൂടി വന്നാൽ ആളുകൾ എന്തുപറയും എന്നായിരുന്നു എന്‍റെ പേടി. അതുകാരണമാണ് അന്ന് അയാളുടെ കാലുപിടിച്ച് യാചിച്ചത്. ആ യാഥാർഥ്യം സ്വയം അംഗീകരിക്കാൻ ഞാൻ ഒരുപാട് സമയമെടുത്തു.- ആര്യ പറഞ്ഞു.