
അഞ്ജലി രാഘവ്, പവൻ സിങ്
ലഖ്നൗ: മോശമായി സ്പർശിച്ച വിഡിയോ പുറത്തു വന്നതിനു പിന്നാലെ നടിയോട് മാപ്പ് പറഞ്ഞ് ഭോജ്പുതി നടനും ഗായകനുമായ പവൻ സിങ്. നടി അഞ്ജലി രാഘവിനെ മോശമായി സ്പർശിക്കുന്ന വിഡിയോയാണ് പുറത്തു വന്നിരുന്നത്. ആദ്യം ചിരിയോടെ നേരിട്ട അഞ്ജലി പിന്നീട് അസ്വസ്ഥത പ്രകടിപ്പിക്കുന്നതും വിഡിയോയിലുണ്ട്. തൊട്ടു പിന്നാലെ ഈ സംഭവം അസ്വസ്ഥയാക്കുന്നുവെന്നും രണ്ടു ദിവസമായി മാനസികമായി ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്നും അഞ്ജലി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഭോജ്പുരി സിനിമാ ഇൻഡസ്ട്രിയിൽ അഭിനയിക്കില്ലെന്നും അഞ്ജലി പ്രഖ്യാപിച്ചിരുന്നു.
അഞ്ജലിയുടെ പ്രതികരണം വലിയ ചർച്ചകൾക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് പവൻ വിശദീകരണവുമായി മുന്നോട്ട് വന്നത്. താൻ മോശമായ അർഥത്തിൽ അല്ല സ്പർശിച്ചതെന്നും എന്തു തന്നെയായാലും എന്‍റെ പ്രവൃത്തിയോ പെരുമാറ്റമോ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിൽ ആത്മാർഥമായി മാപ്പ് ചോദിക്കുന്നുവെന്നുമാണ് പവൻ സിങ് വ്യക്തമാക്കിയത്.
പവൻ സിങ്ങിന്‍റെ വിശദീകരണം പങ്കു വച്ചു കൊണ്ടു തന്നെ അത് താൻ സ്വീകരിച്ചതായി അഞ്ജലി സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കി.
അദ്ദേഹം എന്നേക്കാൾ മുതിർന്ന വ്യക്തിയും കലാകാരനുമാണ്. അദ്ദേഹം തെറ്റ് അംഗീകരിക്കുകയും മാപ്പു പറയുകയും ചെയ്ത സാഹചര്യത്തിൽ ഈ വിഷയം മുന്നോട്ടു കൊണ്ടു പോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് അഞ്ജലി കുറിച്ചിരിക്കുന്നത്.