റാണി മുഖർജിക്ക് ഓസ്ട്രേലിയയുടെ ഓണററി ഡോക്റ്ററേറ്റ്

ഓഗസ്റ്റ് 14ന് മെൽബണിൽ നടക്കുന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ വച്ചാണ് ഡോക്റ്ററേറ്റ് സമ്മാനിക്കുക.
Rani Mukerji

റാണി മുഖർജി

Updated on

മുംബൈ: ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് ബോളിവുഡ് നടി റാണി മുഖർജിക്ക് ഓസ്ട്രേലിയയിലെ ലാ ട്രോബ് സർവകലാശാല ഓണററി ഡോക്റ്ററേറ്റ് സമ്മാനിക്കും. ഓഗസ്റ്റ് 14ന് മെൽബണിൽ നടക്കുന്ന ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ വച്ചാണ് ഡോക്റ്ററേറ്റ് സമ്മാനിക്കുക. മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ സംഘാടകരാണ് ബുധനാഴ്ച ഇക്കാര്യം പുറത്തുവിട്ടത്.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ബോളിവുഡിലെ സൂപ്പർതാരമാണ് റാണി മുഖർജി. കുച്ഛ് കുച്ഛ് ഹോത്താ ഹെ, ചൽത്തേ ചൽത്തേ, ബ്ലാക്ക്, നോ വൺ കിൽഡ് ജെസീക്ക, ഹിച്ച്കി, മർഡാനി, മിസിസ് ചാറ്റർജി വേഴ്സസ് നോർവെ തുടങ്ങിയ നിരവധി പ്രശസ്ത ചിത്രങ്ങളിൽ റാണി മുഖർജി വേഷമിട്ടിരുന്നു. വേറിട്ട അഭിനയശൈലിയിലൂടെ ബോളിവുഡിൽ താരപദവി സ്വന്തമാക്കിയ നടിയാണ് റാണി. മിസിസ് ചാറ്റർജി വേഴ്സസ് നോർവെയിലെ അഭിനയത്തിന് 2024ൽ റാണി മുഖർജിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

സ്ത്രീകൾ, കുട്ടികൾ, പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾ എന്നിവർക്ക് വേണ്ടി റാണി മുഖർജി നടത്തുന്ന പ്രവർത്തനങ്ങളും കൂടി പരിഗണിച്ചാണ് ഹോണററി ഡോക്റ്ററേറ്റ് നൽകുന്നതെന്ന് സംഘാടകർ പ്രസ്താവനയിൽ അറിയിച്ചു. ഓണററി ഡോക്റ്ററേറ്റ് നൽകാൻ തന്നെ തെരഞ്ഞെടുത്തതിനു റാണി മുഖർജി നന്ദി അറിയിച്ചു. ഇത്തവണ ഓഗസ്റ്റ് 13 മുതൽ 23 വരെയാണ് മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ.

logo
Metro Vaartha
www.metrovaartha.com