സഹോദരൻ അർജുന്‍റെ വിവാഹം സ്വന്തം വിവാഹത്തിനുള്ള ‘ട്രയൽ റൗണ്ട്’: സാറ ടെൻഡുൽക്കർ

ചെറുപ്പത്തിൽ വലിയ, ആഡംബരപൂർണമായ വിവാഹം നടത്തണമെന്നായിരുന്നു സ്വപ്നമെന്നും എന്നാൽ കാലക്രമേണ തന്‍റെ കാഴ്ചപ്പാടിൽ മാറ്റമുണ്ടായെന്നും സാറ പറയുന്നു
Sara Tendulkar with her brother Arjun Tendulkar.

സാറ ടെൻഡുക്കൽ സഹോദരൻ അർജുൻ ടെൻഡുൽക്കറിനൊപ്പം

Updated on

സഹോദരൻ അർജുൻ ടെൻഡുൽക്കറിന്‍റെ വിവാഹം തന്‍റെ ഭാവി വിവാഹത്തിനുള്ള ഒരു ‘ട്രയൽ റൗണ്ട്’ ആയിരുന്നെന്ന് സാറ ടെൻഡുൽക്കർ. അർജുന്‍റെയും സാനിയ ചന്ദോക്കിന്‍റെയും വിവാഹത്തിൽ നിന്നാണ് തനിക്ക് എന്താണ് വേണ്ടതെന്നും എന്താണ് വേണ്ടാത്തതെന്നും മനസിലായതെന്ന് സാറ പറഞ്ഞു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് സാറയുടെ തുറന്നുപറച്ചിൽ.

അർജുനും സാനിയയും മാർച്ച് അഞ്ചിനാണ് വിവാഹിതരായത്. സാറയുടെ ഇളയ സഹോദരനാണ് അർജുൻ. വിവാഹാഘോഷങ്ങളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സാറ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. വോഗിന് നൽകിയ അഭിമുഖത്തിലാണ് സാറ തന്‍റെ വിവാഹസ്വപ്നങ്ങളെക്കുറിച്ച് സംസാരിച്ചത്. ‘‘എനിക്ക് തോന്നുന്നത് അത് എനിക്ക് ഒരു മികച്ച ട്രയൽ റൗണ്ടായിരുന്നു. ഇപ്പോൾ എനിക്ക് എന്താണ് വേണ്ടതെന്നും എന്താണ് വേണ്ടാത്തതെന്നും അറിയാം’’- എന്നായിരുന്നു സാറയുടെ വാക്കുകൾ.

ചെറുപ്പത്തിൽ പാസ്റ്റൽ നിറത്തിലുള്ള വധുവസ്ത്രം ധരിച്ച് വലിയ, ആഡംബരപൂർണമായ വിവാഹം നടത്തണമെന്നായിരുന്നു സാറയുടെ സ്വപ്നം. എന്നാൽ കാലക്രമേണ തന്‍റെ കാഴ്ചപ്പാടിൽ മാറ്റമുണ്ടായതായി അവർ പറഞ്ഞു. ഇപ്പോൾ ചെറിയ രീതിയിലുള്ള വിവാഹമാണ് ഇഷ്ടമെന്നും പരമ്പരാഗത ചുവന്ന വധുവസ്ത്രം തിരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്നും സാറ വ്യക്തമാക്കി.

ബന്ധങ്ങൾ പരാജയപ്പെടുമ്പോൾ അതിൽനിന്ന് പിന്മാറാൻ ജെൻ സി തലമുറ കൂടുതൽ ആത്മവിശ്വാസം കാണിക്കുന്നുണ്ടെന്നാണ് സാറയുടെ അഭിപ്രായം. വിവാഹനിശ്ചയം കഴിഞ്ഞ ശേഷവും പങ്കാളിയുടെയോ പങ്കാളിയുടെ കുടുംബത്തിന്‍റെയോ യഥാർഥ സ്വഭാവം മനസിലാക്കി ബന്ധത്തിൽ തുടരാൻ കഴിയില്ലെന്ന് തീരുമാനിക്കുന്നവരെ താൻ കണ്ടിട്ടുണ്ടെന്ന് സാറ പറഞ്ഞു. വിവാഹത്തിന് മുമ്പ് അത്തരമൊരു ബന്ധത്തിൽനിന്ന് പിന്മാറുന്നത് നല്ല തീരുമാനമാണെന്നും മുൻതലമുറയെ അപേക്ഷിച്ച് ജെൻ സി തങ്ങളുടെ നിലപാടുകളിൽ കൂടുതൽ ആത്മവിശ്വാസവും സ്വാതന്ത്ര്യവും കാണിക്കുന്നുണ്ടെന്നും സാറ അഭിപ്രായപ്പെട്ടു.

ഭാവി പങ്കാളിയിൽ താൻ ആഗ്രഹിക്കുന്ന പ്രധാന ഗുണങ്ങളെക്കുറിച്ചും സാറ സംസാരിച്ചു. മാതാപിതാക്കളായ സച്ചിൻ ടെൻഡുൽക്കറും അഞ്ജലി ടെൻഡുൽക്കറും ആദ്യം നല്ല സുഹൃത്തുക്കളാണെന്നും അവരുടെ ബന്ധത്തിലെ സൗഹൃദവും പരസ്പരമുള്ള തമാശകളും തനിക്ക് ഏറെ ഇഷ്ടമാണെന്നും സാറ പറഞ്ഞു. അവരുടെ ബന്ധത്തിൽ അധികാരമത്സരമോ ആധിപത്യമോ ഇല്ലെന്നും അത് തനിക്ക് ഏറെ ഇഷ്ടമാണെന്നും അവർ വ്യക്തമാക്കി.

ചെറുപ്പത്തിൽ എല്ലാ ബന്ധങ്ങളും മാതാപിതാക്കളുടേതുപോലെ ആയിരിക്കുമെന്നാണ് കരുതിയിരുന്നതെന്നും വളർന്നപ്പോൾ അവരുടെ ദീർഘദൂര വിവാഹബന്ധത്തെക്കുറിച്ച് കൂടുതൽ ചിന്തിച്ചുതുടങ്ങിയെന്നും സാറ പറഞ്ഞു. പ്രണയബന്ധത്തിൽ സൗഹൃദത്തിന് പ്രാധാന്യമുണ്ടോ എന്ന ചോദ്യത്തിന് ‘തീർച്ചയായും’ എന്നായിരുന്നു സാറയുടെ മറുപടി.

സച്ചിൻ ടെൻഡുൽക്കറുടെയും അഞ്ജലി ടെൻഡുൽക്കറുടെയും മൂത്ത മകളാണ് 28കാരിയായ സാറ. ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി കോളെജ് ലണ്ടനിൽ നിന്ന് ക്ലിനിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത് ന്യൂട്രീഷനിൽ ബിരുദാനന്തരബിരുദ പഠനം പൂർത്തിയാക്കിയ സാറ ന്യൂട്രീഷനിസ്റ്റ്, ഡിജിറ്റൽ കണ്ടന്‍റ് ക്രിയേറ്റർ, മോഡൽ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുകയാണ്. കൂടാതെ സച്ചിൻ ടെൻഡുൽക്കർ ഫൗണ്ടേഷന്‍റെ ഡയറക്റ്ററും കൂടിയാണ് സാറ. സോഷ്യൽ മീഡിയയിൽ സജീവമായ സാറയ്ക്ക് നിരവധി ആരാധകരുമുണ്ട്.

logo
Metro Vaartha
www.metrovaartha.com