
ന്യൂ ഡൽഹി: നിർബന്ധിത സൈനിക പരിശീലനത്തിനു തയാറായി ബിടിഎസ് താരം സുഗ. സെപ്റ്റംബർ 22 മുതൽ സുഗയുടെ സൈനിക പരിശീലനത്തിനു തുടക്കമാകും. ബിടിഎസ് മാനേജ്മെന്‍റ് ഏജൻസി ബിഗ് ഹിറ്റ് മ്യൂസിക് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പരിശീലന ക്യാംപിലേക്കു പോകുന്നതിന്‍റെ ഭാഗമായി മറ്റ് ഔദ്യോഗിക പരിപാടികൾ ഒന്നും ഉണ്ടാകില്ലെന്നും ബിഗ്ഹിറ്റ് അറിയിച്ചിട്ടുണ്ട്. പരിശീലന കാലയളവിൽ സുഗയെ സന്ദർശിക്കാൻ ശ്രമിക്കരുതെന്ന് ഓൺലൈൻ പ്ലാറ്റ്ഫോമിലെ ഫാൻ കമ്യൂണിറ്റിയിൽ പങ്കു വച്ച പ്രസ്താവനയിൽ ബിഗ്ഹിറ്റ് മ്യൂസിക് ആവശ്യപ്പെട്ടിട്ടുണ്ട്.
മിൻ യൂൻ ഗി എന്നാണ് സുഗയുടെ യഥാർഥ പേര്. മാർച്ച് 9ന് സുഗയ്ക്ക് 30 വയസ്സ് പൂർതതിയാകും. മുപ്പതു വയസ് പൂർത്തിയാകുന്നതിനു മുൻപായി രണ്ട് വർഷം നിർബന്ധിതമായി സൈനിക പരിശീലനം പൂർത്തിയാക്കണമെന്നാണ് ദക്ഷിണ കൊറിയയിലെ നിയമം അനുശാസിക്കുന്നത്. ഇതു പ്രകാരം സൂപ്പർഹിറ്റായിരിക്കുന്ന സമയത്ത് ബിടിഎസ് ബാൻഡ് പിരിച്ചു വിട്ടിരുന്നു. ബിടിഎസിലെ ജിൻ, ജെ ഹോപ് എന്നിവരാണ് സൈനിക പരിശീലനം ആരംഭിച്ച രണ്ടു പേർ. ആർഎം, ജിമിൻ, വി, ജങ് കൂക് എന്നിവരാണ് ബിടിഎസിലെ മറ്റ് അംഗങ്ങൾ. 2025നുള്ളിൽ ബിടിഎസ് അംഗങ്ങൾ എല്ലാവരും സൈനിക പരിശീലനം പൂർത്തിയാക്കി വീണ്ടും ഒരുമിക്കുമെന്നാണ് പ്രതീക്ഷ.