ചാലക്കുടിക്ക് അഭിമാനമായി ശ്രീഷ്മ ചന്ദ്രൻ

അവാർഡിന് ചിത്രം അയച്ചിട്ടുണെന്ന് അറിയാമെങ്കിലും ഒരിക്കലും പുരസ്കാരം ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നു ശ്രീഷ്മ പറഞ്ഞു.
Sreeshma chandran
ശ്രീഷ്മ ചന്ദ്രന്‍ മാതാപിതാക്കൾക്ക് ഒപ്പം
Updated on

ഷാലി മുരിങ്ങൂർ

ചാലക്കുടി: കലാരംഗത്ത് ചുവടുറപ്പു നല്‍കിയതു ചാലക്കുടി വിദ്യാനികേതന്‍. അഭിനയ രംഗത്തേക്കു കൈപിടിച്ചുയര്‍ത്തിയത് എറണാകുളം മഹാരാജാസ് കോളെജും. തന്‍റെ രണ്ടാമത്തെ ചിത്രമായ പൊമ്പളൈ ഒരുമൈയിലെ അഭിനയത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ശ്രീഷ്മ ചന്ദ്രന്‍ ചാലക്കുടിയ്ക്ക് അഭിമാനമായി മാറി. വിബിന്‍ ആറ്റ്ലി സംവിധാനം ചെയ്ത ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ചാലക്കുടിക്കാരന്‍ തന്നെയായ ശിവന്‍ മേഘയാണ്. അദ്ദേഹവും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. കൊവിഡ് കാലത്തു ചെറിയ ബജറ്റില്‍ നിർമിച്ച ചിത്രം മെയ് മാസത്തില്‍ സൈന ഒടിടി റീലീസ് ആയിരുന്നു. ഒരു വീട്ടമ്മയുടെ റോളിലെ മികച്ച അഭിനയമാണു ശ്രീഷ്‌മക്ക് അവാര്‍ഡ് നേടി കൊടുത്തത്.

എല്‍കെജി മുതല്‍ മൂന്നാം ക്ലാസു വരെ ചാലക്കുടി വ്യാസ വിദ്യാനികേതനിലും മൂന്നു മുതല്‍ അഞ്ചാം ക്ലാസു വരെ കൊടകര സരസ്വതി വിദ്യാനികേതനിലും ആറാം ക്ലാസു മുതല്‍ പസ്ടു വരെ എളമക്കര സരസ്വതി വിദ്യാനികേതനിലുമായിരുന്നു ശ്രീഷ്മയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളെജിലെ ഡിഗ്രി പഠന കാലമാണ് സിനിമയുമായി അടുപ്പിച്ചത്. അവിടെ നാടകങ്ങളിലെ മികച്ച താരമായിരുന്നു. 2018ൽ ആദ്യ സിനിമയായ പൂമരത്തില്‍ കോളെജ് വിദ്യാര്‍ഥിനിയുടെ റോളിലൂടെ സിനിമയിലെത്തി. രണ്ടു ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.

കൊടകര അവിട്ടപ്പിള്ളി മാഞ്ഞൂക്കാരന്‍ ചന്ദ്രന്‍റേയും വനജയുടേയും മൂത്ത മകളാണു ശ്രീഷ്മ. സഹോദരി ശ്രേയ കോളെജ് വിദ്യാർഥിനിയാണ്. അമ്മയുടെ സഹോദരന്‍ സജീവ് വസദനിയുടെ വീട്ടില്‍ മുത്തശിയെ കാണാന്‍ വരുന്ന വഴിയിലാണ് അവാര്‍ഡു വിവരം അറിയുന്നത്. അവാർഡിന് ചിത്രം അയച്ചിട്ടുണെന്ന് അറിയാമെങ്കിലും ഒരിക്കലും പുരസ്കാരം ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നു ശ്രീഷ്മ പറഞ്ഞു. തനിക്കു ലഭിച്ച ഈ അംഗീകാരം ചിത്രത്തിന്‍റെ സംവിധായകന്‍ ബിബിന്‍ ആറ്റ്ലിക്കും പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ഷൂട്ടിങ്ങിനായി കൊണ്ടു നടന്നു ബുദ്ധിമുട്ടിയ തന്‍റെ അച്ഛനും സമര്‍പ്പിക്കുന്നു. സിനിമയില്‍ തന്നെ തുടരനാണ് ആഗ്രഹിക്കുന്നതെന്നു ശ്രീഷ്മ പറഞ്ഞു.

Trending

No stories found.

Latest News

No stories found.