

'തലയുടെ വിളയാട്ടം'; റീ റിലീസിലും റെക്കോഡ് കളക്ഷൻ
പതിനെട്ട് വർഷം മുൻപ് ബോക്സോഫീസിൽ ചരിത്രം കുറിച്ച ചോട്ടാ മുംബൈയിലെ വാസ്കോഡഗാമയും കൂട്ടരുമാണ് വീണ്ടും തിയറ്ററുകളിലെത്തുന്നത്. റീ റിലീസില്‍ വീണ്ടും റെക്കോഡിട്ട് മോഹന്‍ലാല്‍–അന്‍വര്‍ റഷീദ് ചിത്രം ഛോട്ടാ മുംബൈ. വാസ്കോഡ ഗാമ അഥവാ തലയെന്ന മോഹൻലാൽ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്ത ചോട്ടാമുംബൈയുടെ 4K റീമാസ്റ്റേർഡ് പതിപ്പ് കാണാൻ മികച്ച ബുക്കിങ് തുടരുകയാണ് ഇപ്പോഴും. വൻ ഉത്സവപ്രതീതിയിലാണ് മോഹൻലാല്‍ നായകനായ ചിത്രം വീണ്ടും എത്തിയിരിക്കുന്നത്. സ്ഫടികവും ദേവദൂതനും മണിച്ചിത്രത്താഴുമൊക്കെ രണ്ടാം വരവില്‍ തീര്‍ത്ത റെക്കോഡാണ് ഇതിനോടകം ഛോട്ടാ മുംബൈ തകര്‍ത്തത്. ഗംഭീര ഓണപ്പണിങ് കലക്ഷനാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. റീ റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം നേടിയത് 40 ലക്ഷം രൂപയുടെ ഓപ്പണിങ് കളക്ഷനാണ്. ചിത്രത്തിന്‍റെ സ്ക്രീന്‍ കൗണ്ടും ഷോകളും കുറവായിരുന്നു. എന്നാല്‍ പ്രേക്ഷകരുടെ വലിയ പങ്കാളിത്തം ദൃശ്യമായതോടെ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള സ്ക്രീനുകളില്‍ പുതിയ ഷോകള്‍ ചാര്‍ട്ട് ചെയ്യപ്പെട്ടു. അര്‍ധരാത്രി പോലും പല പ്രധാന സെന്‍ററുകളിലും ചിത്രം ഹൗസ്‍ഫുള്‍ ആയിരുന്നു. ടിക്കറ്റ് വില്‍പനയിലും ട്രെൻഡിംഗിലാണ് ചിത്രം.
2007ൽ അൻവർ റഷീദ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ രചന ബെന്നി പി നായരമ്പലമാണ് നിർവഹിച്ചത്. മണിയൻ പിള്ള രാജു നിർമ്മിച്ച ചിത്രം 4k ഡോൾബി അറ്റ്മോസിൽ റിമാസ്റ്ററിലാണ് തിയേറ്ററലെത്തിയത്. രാഹുല്‍ രാജായിരുന്നു സംഗീത സംവിധാനം. സോഷ്യൽമീഡിയയിൽ ഒന്നാകെ ഛോട്ടോ മുംബൈയുടെ ചർച്ചയാണ് നിറയുന്നത്.
ചിത്രത്തിലെ പാട്ടുകള്‍ക്ക് സ്‌ക്രീനിന്റെ മുന്നില്‍ നൃത്തം വെക്കുന്ന പ്രേക്ഷകരുടെ വീഡിയോകളും ഇതിനോടകം വൈറലാണ്. ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രം മലയാളത്തിൽ റിലീസിന് എത്തുന്നത് ഹൈ ഡെഫിനിഷൻ റസല്യൂഷൻ (HDR) ഫോർമാറ്റിലാണ്. ഭാവന, കലാഭവൻ മണി, വിനായകൻ, ജഗതി, രാജൻ പി ദേവ്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ, ഷക്കീല തുടങ്ങിയവരും ഛോട്ടാ മുംബൈയിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചു. പി. ആർ.ഒ: പി. ശിവപ്രസാദ്