"18 വയസു വരെ എനിക്ക് രാഷ്ട്രീയം ഇല്ല, ഒരു പാർട്ടിയോടും കൂറ് കാണിക്കേണ്ട ആവശ്യമില്ല": നിലപാട് വ്യക്തമാക്കി ദേവനന്ദ

മുഖ്യമന്ത്രിയുടെ വിഡിയോയിൽ കമന്‍റ് ചെയ്തതിന് ദേവനന്ദയ്ക്ക് നേരെ വിമർശനം ഉയർന്നിരുന്നു
child actor devanandha about political support

ദേവനന്ദ

Updated on: 

മുഖ്യമന്ത്രി വി.ഡി. സതീശിനെ പ്രശംസിച്ചുകൊണ്ട് ബാലതാരം ദേവനന്ദ പങ്കുവച്ച കമന്‍റ് വൈറലായിരുന്നു. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിനിടെ കുട്ടികളെ ചേർത്തുപിടിക്കുന്നതിനിടെ വികാരാധീനനായ മുഖ്യമന്ത്രിയുടെ വിഡിയോയിലാണ് കുട്ടിത്താരം കമന്‍റുമായി എത്തിയത്. പിന്നാലെ ദേവനന്ദയ്ക്ക് നേരെ വിമർശനം ഉയർന്നിരുന്നു. ഇപ്പോൾ അതിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദേവനന്ദ. പതിനെട്ടു വയസാകുന്നതുവരെ തനിക്ക് ഒരു രാഷ്ട്രീയവും ഇല്ല എന്നാണ് ദേവനന്ദ പറഞ്ഞത്.

‘എന്റെ ഇൻസ്റ്റഗ്രാം പേജിൽ ഇന്നുവരെ ഒരു രാഷ്ട്രീയ പാർട്ടിയെയോ, ഒരു രാഷ്ട്രീയ നേതാക്കന്മാരെയോ നല്ലത് പറഞ്ഞോ മോശം പറഞ്ഞോ ഞാൻ ഒരു പോസ്റ്റും ഇട്ടിട്ടില്ല. എനിക്ക് 18 വയസ്സാകുന്നത് വരെ ഒരു രാഷ്ട്രീയവും എനിക്കില്ല. പക്ഷേ ഇന്നലെ ഈ വിഡിയോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു, എന്റെ മനസ്സ് നിറഞ്ഞു. നമ്മുടെ മുഖ്യമന്ത്രി ആ മക്കളെ ചേർത്ത് പിടിച്ചപ്പോൾ മനസ്സിൽ തോന്നിയത് ആണ് കമന്റ് ആയി പങ്കുവച്ചത്. അത് ഇനിയും ഉറക്കെ പറയാനും മടിയില്ല. കാരണം എനിക്ക് വോട്ടവകാശം ഉണ്ടാകുന്നത് വരെ ഞാൻ ഒരു രാഷ്ട്രീയ പാർട്ടിയോടും കൂറ് കാണിക്കേണ്ട ആവശ്യവും ഇല്ല. അതുകൊണ്ട് ഇനിയും ആര് നല്ലത് ചെയ്യുന്നത് കണ്ടാലും ഉറക്കെ പറയുക തന്നെ ചെയ്യും. മനുഷ്യരെ ചേർത്ത് പിടിക്കുന്ന കരങ്ങൾ ആരുടെ ആയാലും ആ കരങ്ങൾക്ക് സർവ്വ ശക്തനായ ദൈവം ശക്തി കൊടുക്കുക തന്നെ ചെയ്യും.’- ദേവനന്ദ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ കുട്ടികൾക്കൊപ്പമുള്ള വിഡിയോ വൈറലായത്. വേദിയിലെത്തിയ മുഖ്യമന്ത്രിയെ കുട്ടികൾ സ്നേഹത്തോടെ കെട്ടിപ്പിടിക്കുകയായിരുന്നു. ഇതോടെ വികാരാധീനനായ മുഖ്യമന്ത്രി കണ്ണീരണിയുന്നതായിരുന്നു വിഡിയോയിലുണ്ടായിരുന്നത്. ‘മനുഷ്യരെ ചേർത്ത് പിടിക്കുന്ന കരങ്ങൾ ആരുടെ ആയാലും, ആ കരങ്ങൾക്ക് സർവ ശക്തനായ ദൈവം ശക്തി കൊടുക്കുക തന്നെ ചെയ്യും’- എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിഡിയോയ്ക്ക് താഴെ ദേവനന്ദ കുറിച്ചത്.